
ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനങ്ങളിൽ പാക് ചാര സംഘടനയായ ഐഎസ്ഐ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യ റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസികളാണ് വിഷയവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സംസ്ഥാനങ്ങൾക്ക് കൈമാറിയിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തിപ്പെടുത്തി.
ഭീകരാക്രമണത്തിന് ഐഎസ്ഐ പദ്ധതിയിടുന്നത് പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വിവരം. ഇതിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളുടെയും വിവിധ ഭാഗങ്ങളിലായി ഭീകര സംഘങ്ങൾ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സിഖ് ഭീകര സംഘടനകളെ മുൻനിർത്തിയാണ് ഐഎസ്ഐ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് റാലികളും, ചില ഉന്നത നേതാക്കളുമാണ് ഭീകരരുടെ ലക്ഷ്യം.
പഞ്ചാബിലും ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിലും സിഖ് സമൂഹമാണ് കൂടുതലുള്ളത്. ഭീകരാക്രമണങ്ങൾ നടത്താൻ ഇവരിൽ ചിലരുടെ പിന്തുണയും ഭീകരർ തേടാൻ ശ്രമിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ചില സിഖ് സംഘടനകളുടെ സഹായത്തോടെ സംസ്ഥാനങ്ങൾക്കകത്തേക്ക് ആയുധം എത്തിക്കാനും പദ്ധതിയുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും മതനേതാക്കളുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.