INSIGHTKERALANEWS

നെഞ്ച് പൊട്ടുന്ന നോവിൽ കുറെ അമ്മ മാനസങ്ങൾ; പരിമിതികൾക്ക് നടുവിൽ ആദിവാസി ഊരുകൾ; ഇത് അവഗണയുടെ അട്ടപ്പാടി

നെഞ്ച് പൊട്ടുന്ന നോവിലാണ് ഇന്ന് അട്ടപ്പാടിയിലെ ഓരോ ‘അമ്മ മനസും. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആ പൊന്നോമനയെ ജീവനോടെ ലഭിക്കില്ലെന്ന് അറിഞ്ഞവർ.. ഏഴാംമാസത്തിലും എട്ടാം മാസത്തിലും സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ഇതേത്തുടര്‍ന്നുള്ള ശാരീരിക ബുദ്ധിമുട്ടുകളിൽ പരാതികളില്ലാതെ പരിഭവങ്ങളില്ലതെ കഴിയുന്നവര്‍… ഓരോ തവണയും കുട്ടികളെല്ലാം മരിച്ചത് അമ്മയുടെ പോഷകാഹാരക്കുറവു കൊണ്ടാണെന്നാണ് ആരോഗ്യവകുപ്പ് വിധിയെഴുതുമ്പോഴും നിസഹായരായി പോകുന്നവർ…. യഥാര്‍ഥത്തില്‍ അട്ടപ്പാടിയിലെ അമ്മമാര്‍ക്ക് പോഷകാഹാര കുറവുണ്ടോ? സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാവിധ ആനുകൂല്യങ്ങളും നല്‍കുന്നുണ്ടെന്ന് ആവര്‍ത്തിക്കുമ്പോഴും അതെല്ലാം കൃത്യമായി ഇവര്‍ക്കു ലഭിക്കുണ്ടോ ?

തുടരുന്ന ശിശുമരണങ്ങള്‍

ശിശുമരണങ്ങള്‍ രേഖപ്പെടുത്തുന്ന ദിവസങ്ങളിലെ വിവാദങ്ങളും തീരുമാനങ്ങളും പരിഹാര നിര്‍ദേശങ്ങളും അട്ടപ്പാടിക്കാര്‍ കേള്‍ക്കുന്നത് ഇതാദ്യമല്ല. 2013 മുതല്‍ ഈ ശനിയാഴ്ചവരെ ഇതുതന്നെയാണ് അട്ടപ്പാടിക്കാര്‍ കാണുന്നത്. കുട്ടികള്‍ മരിച്ചതിന്റെ ഉത്തരവാദിത്വം ആരുടെയെങ്കിലും ചുമലില്‍ ഏല്‍പ്പല്പിച്ചതുകൊണ്ട് മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ നോവുണങ്ങുന്നില്ല. ഇനി ഒരുമരണംപോലും ഉണ്ടാകില്ലെന്ന പരിഹാരമല്ല ഇവരും അർഹിക്കുന്നത്…

അട്ടപ്പാടി ആരോഗ്യമേഖലയുടെ പ്രധാന ആശ്രയമാണ് കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി. ആദിവാസി അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യ പരിപാലനമാണ് ലക്ഷ്യം.

സ്‌കാന്‍ ചെയ്യണോ…ഞായറാഴ്ചയാകണം

ഒരുവര്‍ഷം ശരാശരി 10,000 ഗര്‍ഭിണികള്‍ അട്ടപ്പാടിയില്‍ രജിസ്റ്റര്‍ചെയ്യുന്നുണ്ട്. നിലവില്‍ ഗര്‍ഭിണികള്‍ക്ക് സ്‌കാനിങ് ചെയ്യാനുള്ള സൗകര്യം ഞായറാഴ്ച മാത്രമാണ്. ലക്ഷങ്ങള്‍മുടക്കി സ്‌കാനിങ് ചെയ്യുന്നതിനുള്ള മെഷീന്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും റേഡിയോളജിസ്റ്റിനെ നിയമിച്ചിട്ടില്ല. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്ക് സ്‌കാന്‍ ചെയ്യണമെങ്കില്‍ മണ്ണാര്‍ക്കാട്ടോ കോയമ്പത്തൂരോ എത്തണം. അതിന് രണ്ടുമണിക്കൂറെങ്കിലും വേണ്ടിവരും. ഈ ബുദ്ധിമുട്ടുകാരണം പലരും സ്‌കാനിങ്ങിന് വിധേയമാകാന്‍ വിസമ്മതിക്കുന്നുമുണ്ട്.

നിലവില്‍ മെഡിക്കല്‍കോളേജുകളില്‍ മാത്രമേ എം.ഡി. റേഡിയോളജിസ്റ്റ് തസ്തികയുള്ളൂ. എന്നാല്‍, അട്ടപ്പാടി ആരോഗ്യമേഖലയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് നിയമനിര്‍മാണത്തിലൂടെ നിയമനം നടത്തണം. അതുമല്ലെങ്കില്‍ കരാറടിസ്ഥാനത്തിലോ ജോലിക്രമീകരണത്തിലോ തസ്തികയില്‍ നിയമനംനടത്തണമെന്ന് കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് പറഞ്ഞു.

വിദഗ്ധചികിത്സ വേണോ…ചുരമിറങ്ങണം

പോഷകക്കുറവ്, അരിവാള്‍രോഗം തുടങ്ങിയ അസുഖമുള്ള ഗര്‍ഭിണികള്‍ ചികിത്സ തേടിയെത്തിയാല്‍ ഗുരുതര സാഹചര്യം കണക്കിലെടുത്ത് വിദഗ്ധചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് അയയ്ക്കുകയാണ് പതിവ്. അട്ടപ്പാടി ചുരംകടന്ന് കിലോമീറ്ററുകള്‍ യാത്രചെയ്യണം വിദഗ്ധചികിത്സ ലഭിക്കാന്‍. സ്പെഷ്യാലിറ്റി വിഭാഗത്തില്‍ 10 മുതല്‍ 15 വര്‍ഷംവരെ പരിചയമുള്ള ഡോക്ടര്‍മാരുടെ സേവനം അട്ടപ്പാടി ആരോഗ്യമേഖലയില്‍ അത്യാവശ്യമാണ്.

ജനറല്‍ മെഡിസിന്‍, ശസ്ത്രക്രിയാവിഭാഗം, ശിശുരോഗവിഭാഗം, ഗൈനക്കോളജി വിഭാഗം എന്നിവയ്ക്ക് കണ്‍സള്‍ട്ടന്റ് തസ്തിക സൃഷ്ടിച്ച് നിയമനംനടത്തണം. രോഗികളെ വിദഗ്ധ ചികിത്സയ്ക്ക് അയയ്ക്കുന്നത് 90 ശതമാനംവരെ ഒഴിവാക്കാനാകും.

172 കിടക്കയുണ്ട്; പരിചരിക്കാന്‍ ജീവനക്കാരില്ല

താലൂക്കാശുപത്രി നിലവാരത്തിലുള്ള സ്പെഷ്യല്‍ ആശുപത്രിയാണ് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി. 172 രോഗികളെ കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമുള്ള ഇവിടെ 54 കിടക്കകള്‍ക്കുള്ള ജീവനക്കാര്‍മാത്രമാണുള്ളത്.

150 മുതല്‍ 200 വരെ രോഗികളെ ഓരേസമയം കിടത്തിച്ചികിത്സിക്കാറുണ്ട്. ആശുപത്രിയെ 151 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തി, ആവശ്യത്തിന് ജീവനക്കാരെ അധിക തസ്തികയുണ്ടാക്കി നിയമിക്കണം. ആശുപത്രിയില്‍ സി.ടി. സ്‌കാന്‍, കാര്‍ഡിയോളജി വിഭാഗം, കാത്ത്ലാബ്, കാന്‍സര്‍ തെറാപ്പി സെന്റര്‍ പോലെയുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും ഉണ്ട്.

40-ാം വയസ്സില്‍ അരിവാള്‍രോഗം

ഗര്‍ഭിണിയായി ഏഴാംമാസമായപ്പോഴാണ് വരഗംപാടി ഊരിലെ 40-കാരിയായ വള്ളി തനിക്ക് അരിവാള്‍രോഗമുണ്ടെന്ന് അറിയുന്നത്. ഗര്‍ഭകാലത്ത് ഗവ. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് പരിശോധന നടത്തിയത്. തൂവയില്‍ ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു. ആശാവര്‍ക്കര്‍മാര്‍ വന്ന് മരുന്നൊക്കെ തന്നു. ഫോളിക് ആസിഡ് ഗുളികകള്‍ തന്നിരുന്നു. അതെല്ലാം കഴിച്ചിരുന്നു.

‘ഒക്ടോബര്‍ 13-ന് സ്‌കാന്‍ചെയ്തപ്പോഴാണ് രക്തക്കുറവുണ്ടെന്നും അരിവാള്‍രോഗമുണ്ടെന്നും പറയുന്നത്. തുടര്‍ന്ന്, ഗവ. കോട്ടത്തറ ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു’.

‘അമ്മ കഴിക്കുന്ന ഭക്ഷണം കുട്ടിയിലേക്കെത്തുന്നില്ല. കുട്ടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ പോഷണം അമ്മയില്‍നിന്ന് ലഭിക്കാനിടയില്ലെന്ന് പറഞ്ഞാണ് മാറ്റിയത്. പിന്നെ സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്ത് ഇന്‍കുബേറ്ററില്‍ വെച്ചെങ്കിലും രക്ഷിക്കാനായില്ല’-ട്രൈബല്‍ ആശാവര്‍ക്കര്‍ പറഞ്ഞു.

അസുഖം എന്താണെന്നറിയില്ല

ചിറ്റൂര്‍ ചുണ്ടകുളം ഊരിലെ 21-കാരി പവിത്ര ബാബുരാജിന് തനിക്ക് എന്തായിരുന്നു പ്രശ്‌നമെന്ന് ഇപ്പോഴും അറിയില്ല. ഏഴാംമാസമായപ്പോള്‍ കാലിന് നീരുവന്നു. തുടര്‍ന്ന്, കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ‘ഗര്‍ഭാശയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് തൃശ്ശൂരിലെത്തിയപ്പോഴാണ് അറിയുന്നത്. രക്തസമ്മര്‍ദം, പ്രമേഹം എന്നിവയുടെ അളവുകളൊന്നും അറിയിക്കില്ല. എല്ലാ ആശുപത്രിയിലും രോഗവിവരങ്ങള്‍ കൂടെ നില്‍ക്കുന്നവരോടെങ്കിലും പറയും. അതെങ്കിലും ഞങ്ങളോട് പറയണം’-പവിത്ര പറഞ്ഞു.

ആശാവര്‍ക്കര്‍മാര്‍ക്ക് യാത്രാബത്തയില്ല

‘ഗര്‍ഭിണികളുടെയും കുഞ്ഞുങ്ങളുടെയും കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഊരുകളില്‍ പോകാന്‍ യാത്രാബത്ത നല്‍കില്ല. ആകെ കിട്ടുന്ന ആറായിരം രൂപ ഓണറേറിയത്തില്‍നിന്ന് ചെലവാക്കേണ്ട സ്ഥിതിയാണ്. ചെയ്യുന്ന ജോലിക്കനുസരിച്ച് ഇന്‍സെന്റീവ് കിട്ടും. പല ഊരുകളിലും ഒറ്റയ്ക്ക് നടന്നുപോകാന്‍ കഴിയില്ല. കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുണ്ടാകും. ചില സ്ഥലങ്ങളില്‍ നടന്നുപോകുകയോ വണ്ടിവിളിച്ചുപോകുകയോ ചെയ്യണം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മനുഷ്യരെയും ഭയപ്പെടേണ്ട സ്ഥിതിയാണ്. എന്നാലും എല്ലാ ഊരുകളിലുമെത്തി ഗര്‍ഭിണികള്‍ക്കാവശ്യമായ മരുന്നെത്തിക്കും’-ട്രൈബല്‍ ആശാവര്‍ക്കര്‍മാര്‍ പറയുന്നു.

എല്ലാ ഗര്‍ഭിണികള്‍ക്കുംകൂടി ഒരു വാഹനം

വിവിധ ഊരുകളിലെ ഗര്‍ഭിണികളെ എല്ലാവരെയും കോട്ടത്തറ ആശുപത്രിയിലേക്ക് പരിശോധനയ്ക്ക് കൊണ്ടുപോകുന്നത് ഒരു ജീപ്പിലോ ആംബുലന്‍സിലോ ആണ്. അതിനാല്‍, ഉച്ചയോടെ പരിശോധന കഴിഞ്ഞാലും വൈകീട്ടാണ് ഊരുകളില്‍ തിരിച്ചെത്തേണ്ടത്. ഗര്‍ഭിണികള്‍ക്കാവശ്യമായ എല്ലാ കാര്യത്തിനും സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കാനുള്ളപ്പോഴാണ് ഈ അവസ്ഥയെന്ന് ആദിവാസികള്‍ പറയുന്നു.

ശിശുക്കളുടെ പോസ്റ്റ്‌മോര്‍ട്ടത്തിനും താണ്ടണം 85 കിലോമീറ്റര്‍

അട്ടപ്പാടിയില്‍ നവജാതശിശു മരിച്ചാലും ആദിവാസി മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും കുഞ്ഞിന്റെ മൃതദേഹവുമായി 85 കിലോമീറ്ററോളം സഞ്ചരിക്കണം… പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലെത്തിയാലേ പോസ്റ്റ്‌മോര്‍ട്ടം നടക്കൂ. അട്ടപ്പാടിയില്‍ അഗളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ മാത്രമാണ് മോര്‍ച്ചറിയുള്ളത്. ഈ ആശുപത്രിയില്‍ നിലവില്‍ പോലിസ് ഫോറന്‍സിക് സര്‍ജന്‍ ഇല്ലാത്തതിനാലാണ് ആദിവാസികള്‍ക്ക് കുഞ്ഞിന്റെ മൃതദേഹവുമായി 85 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടിവരുന്നത്. 2018-ല്‍ 16 ആദിവാസി നവജാതശിശുക്കള്‍ മരിച്ചിരുന്നു. ഇതില്‍ 10 ഓളം ശിശുക്കള്‍ പാല്‍

തൊണ്ടയില്‍ക്കുരുങ്ങി മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ശിശുക്കളുടെ മരണകാരണം വ്യക്തമല്ലെന്ന് ആദിവാസികള്‍ ആരോപണമുന്നയിച്ചതോടെ സംശയകരമായി മരിക്കുന്ന ശിശുക്കളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അട്ടപ്പാടി മോര്‍ച്ചറിസംവിധാനമുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പോലീസ് ഫോറന്‍സിക് സര്‍ജന്റെ നിമയമനം നടത്തിയില്ല. ഇതിനുശേഷം ഏഴ് കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയെങ്കിലും മരണകാരണം ആരോഗ്യവകുപ്പ് മതാപിതാക്കളെയോ ബന്ധുക്കളെയോ അറിയിക്കുന്നില്ലെന്നാണ് ആദിവാസികള്‍ ആരോപിക്കുന്നത്.

ഏഴുമാസംമുമ്പ് വെന്തവട്ടി ഊരിലെ പൊന്നി-രാമസ്വാമി ദമ്പതിമാരുടെ മൂന്ന് ദിവസം പ്രായമായ ആണ്‍കുഞ്ഞ് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ മരിച്ചിരുന്നു. ഈ വെള്ളിയാഴ്ചയും വീട്ടിയൂരിലെ ഗീതു-സുനീഷ് ദമ്പതിമാരുടെ മൂന്ന് ദിവസം പ്രായമായ ആണ്‍കുഞ്ഞ് മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലും മരിച്ചിരുന്നു. ഈ കുട്ടികള്‍ മൂന്നുദിവസം ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും നിരീക്ഷണത്തില്‍ കഴിഞ്ഞവരായിരുന്നു. പിന്നീടാണ് ശിശുക്കള്‍ മരിക്കുന്നത്. ഏഴുമാസം മുമ്പ് പൊന്നി രാമസ്വാമിയുടെ മരിച്ച നവജാതശിശുവിന്റെ മരണകാരണം ഇതുവരെയായി അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഗീതു-സുനീഷ് ദമ്പതിമാര്‍ നവജാതശിശുവിന്റെ മരണകാരണം വ്യക്തമാകുമെന്ന കാത്തിരിപ്പിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close