INDIANEWS

ദളിത് യുവാവിനെ കല്യാണം കഴിച്ചു ; വീട്ടുകാർ അറിഞ്ഞപ്പോൾ യുവതിയെ ‘പരിശുദ്ധയാക്കാൻ’ ശ്രമം ; മാതാപിതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

ഭോപ്പാല്‍ : ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ കല്യാണം കഴിച്ചതിന് വീട്ടുകാരിൽനിന്ന് യുവതിക്ക് നേരിടേണ്ടി വന്നത് കടുത്ത പീഡനം. ‘പരിശുദ്ധയാക്കാന്‍’ എന്ന പേരില്‍ യുവതിയെ നർമ്മദ നദിയില്‍ മുങ്ങാന്‍ നിര്‍ബന്ധിക്കുകയും മുടി മുറിക്കുകയും ചെയ്തതായി ദമ്പതികള്‍ പോലീസിൽ പരാതി നല്‍കി. മധ്യപ്രദേശിൽ ഓഗസ്റ്റ് മാസത്തിലാണ് സംഭവം. യുവതിയുടെ വീട്ടുകാരില്‍ നിന്ന് സംരക്ഷണം തേടി ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. യുവതിയെ കൊണ്ട് സ്വന്തം സമുദായത്തില്‍ നിന്ന് മറ്റൊരു വിവാഹം കഴിപ്പിക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു. യുവതിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് രഹസ്യമായി യുവതി ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ കല്യാണം കഴിച്ചത്. ഡിസംബറിലാണ് കല്യാണത്തെ കുറിച്ച് യുവതിയുടെ കുടുംബം അറിയുന്നത്. ഇരുപത്തിനാലുകാരി യുവാവിനൊപ്പമാണ് താമസിക്കുന്നത് എന്ന് അറിഞ്ഞ കുടുംബം യുവതിയെ കാണാനില്ലെന്ന് കാട്ടി പോലീസിൽ പരാതി നല്‍കി. യുവതി ഹോസ്റ്റലിൽ ആണെന്നായിരുന്നു വീട്ടുകാരുടെ ധാരണ. തുടര്‍ന്ന് പോലീസ് യുവതിയെ കണ്ടെത്തി വീട്ടുകാരുടെ അടുത്തെത്തിച്ചു.

ഓഗസ്റ്റില്‍ യുവതിയെ നർമ്മദ നദിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മുങ്ങി കുളിച്ചതിന് ശേഷമാണ് ദളിത് യുവാവിനെ കല്യാണം കഴിച്ചതിന് തന്നെ ‘പരിശുദ്ധയാക്കാനാണ് ‘ വീട്ടുകാര്‍ നദിയിലേക്ക് കൊണ്ടുവന്നതെന്ന് യുവതി തിരിച്ചറിഞ്ഞത്. വീട്ടുകാര്‍ തന്നെയാണ് ഇക്കാര്യം യുവതിയോട് പറഞ്ഞത്. ചടങ്ങിന് പിന്നാലെ യുവതിയെ കൊണ്ടു സ്വന്തം സമുദായത്തില്‍പ്പെട്ട മറ്റൊരു യുവാവിനെ കൊണ്ട് കല്യാണം കഴിപ്പിക്കാനാണ് വീട്ടുകാര്‍ ശ്രമിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 28നാണ് യുവതി വീട്ടുകാരില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

തങ്ങളെ യുവതിയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തുന്നതായി യുവാവും പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ സംരക്ഷണം തേടി എത്തുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close