Breaking NewsKERALANEWSTop News

മിസ് കേരളകളെ ഔഡി കാറിൽ പിന്തുടർന്നവരെ കുറിച്ചും വിവരം ലഭിച്ചു; മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നല്‍കാനാണ് പിന്തുടർന്നതെന്ന് ഡ്രൈവർ സൈജു; നമ്പര്‍ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ മാറ്റിയത് ഉടമ തന്നെ; അന്‍സി കബീറിന്റെയും സുഹൃത്തുക്കളുടെയും മരണത്തിൽ സർവത്ര ദുരൂഹത

കൊച്ചി: മുന്‍ മിസ് കേരളകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ. മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന ഓഡി കാറിന്റെ നമ്പരും ഉടമയേയും തിരിച്ചറിഞ്ഞു. കെ.എല്‍ 40 ജെ 3333 എന്ന രജിസ്‌ട്രേഷനിലുള്ള ഔഡികാറാണ് അന്‍സി കബീറിന്റെ വാഹനത്തെ പിന്തുടര്‍ന്നത്. ഔഡി കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ സൈജുവിനോട് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്നും ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഔഡി കാറിന്റെ ഡ്രൈവറോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടത്.

അപകടം നടന്ന ശേഷം പിന്തുടര്‍ന്ന ഔഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളില്‍ അവിടെ എത്തിയിരുന്നു. അവര്‍ മാറി നിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി ആണെന്നാണ് പോലീസ് സംശയിക്കുന്നത്. ഔഡി കാറില്‍ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവര്‍ പിന്നീട് അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിലും എത്തുകയും അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

ഏത് സാഹചര്യത്തിലാണ് ഹോട്ടലില്‍ നിന്നും ഔഡി കാര്‍ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നത് എന്നതാണ് പോലീസ് അന്വേഷിക്കുന്നത്. പ്രാഥമിക വിവരശേഖരണത്തില്‍ അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്ന് വന്നതെന്നുമായിരുന്നു ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് പോലീസ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം കുണ്ടന്നൂരില്‍ വെച്ച് ഔഡി കാറിലുണ്ടായിരുന്നവര്‍ അന്‍സിയുടെ കാറിനെ തടയുകയും മുന്നോട്ട് പോകരുതെന്നും തിരികെ ഹോട്ടലിലേക്ക് വരാന്‍ ആവശ്യപ്പെട്ടുമെന്നാണ് വിവരം. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും ചക്കരപ്പറമ്പ് വരെയുള്ള ഭാഗത്തുവരേയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിന്നുമാണ് ഔഡി കാര്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ മുതല്‍ അപകട സ്ഥലംവരെ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നതായുള്ള വിവരം ലഭിച്ചത്.

ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഹോട്ടലുടമ റോയി ഒളിപ്പിക്കുകയായിരുന്നു. പോലീസ് രണ്ട് തവണ ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നെങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനെ ചോദ്യം ചെയ്യുമ്പോഴാണ് ഡി.വി.ആര്‍ ഹോട്ടലുടമ ഒളിപ്പിച്ചതായി മൊഴി നല്‍കിയത്.

ഒക്ടോബര്‍ 31ാം തീയതി ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മുന്‍ മിസ് കേരള അന്‍സി കബീറും രണ്ട് സുഹൃത്തുക്കളും വാഹനാപകടത്തില്‍ മരിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ ഹോട്ടലിലെ ഡി ജെ പാര്‍ട്ടി നടന്ന ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ മാറ്റിയത്. ഹോട്ടലുടമ റോയിയുടെ നിര്‍ദ്ദേശ പ്രകാരം ഡ്രൈവര്‍ ഡിവിആര്‍ വാങ്ങിക്കൊണ്ട് പോയി എന്നാണ് ജീവനക്കാരന്‍ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം റോയിയോട് പോലീസിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.

കാറിന്റെ അമിത വേ​ഗവും ലഹരി ഉപയോ​ഗവുമാണ് അപകടത്തിനും മരണത്തിനും കാരണം എന്ന് പൊലീസ് പറയുമ്പോഴും ഡ്രൈവർ മാത്രം എങ്ങനെ രക്ഷപെട്ടു എന്ന ചോദ്യമാണ് ഉയരുന്നത്. 2019ലെ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), 2019ലെ മിസ് കേരള റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജൻ (24), തൃശൂർ സ്വദേശി കെ.എ. മുഹമ്മദ് ആഷിഖ് (25) എന്നിവരുടെ മരണത്തിന് ഇടയാക്കിയത് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളൊന്നും ചെയ്യാത്തതാണെന്ന് വെളിപ്പെടുമ്പോഴും. അപകടത്തിന് പിന്നിലെ ദുരൂഹത നീങ്ങുന്നില്ല. അത്യാവശ്യമായി വീട്ടിലെത്തണമെന്ന യുവതികളിൽ ഒരാളുടെ നിർബന്ധമായിരുന്നു അപകടത്തിലേക്ക് എത്തിച്ച യാത്രയുടെ തുടക്കം.

നിശാ പാര്‍ട്ടി നടന്ന ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ റോയ് ഉള്‍പ്പെടെ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. പാര്‍ട്ടി നടന്ന രാത്രിയിലെ ഹോട്ടലിലെ ചില സിസിടിവി ദൃശ്യങ്ങള്‍ കാണാതായതിലും പൊലീസിന് ചില സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

സീറ്റ് ബെൽറ്റ് ഇടാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. രാത്രി ഒരുമണിയോട് അടുത്ത സമയത്താണു ബൈപ്പാസിൽ അപകടം നടക്കുന്നത്. വാഹനത്തിന്റെ അതിവേഗമായിരുന്നു അപകട കാരണം എന്നതിൽ തർക്കമില്ല. മട്ടാഞ്ചേരിയിലെ ഹോട്ടലിൽ നിന്നു പാർട്ടി കഴിഞ്ഞ് ഇറങ്ങുമ്പോൾ ഒപ്പമുണ്ടായിരുന്നവർ ഈ അവസ്ഥയിൽ ഡ്രൈവ് ചെയ്യേണ്ടെന്നു പറഞ്ഞതു കേൾക്കാതെയാണ് ഇറങ്ങിയത്.

അമിത വേഗത്തിൽ ഡ്രൈവ് ചെയ്‌തെത്തിയ സംഘം കുണ്ടന്നൂരിൽ മറ്റൊരു വാഹനവുമായി തർക്കമുണ്ടായതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ പിന്തുടർന്നതാണോ അപകടത്തിലേയ്ക്കു നയിച്ചത് എന്ന നിലയിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

അപകടം നടന്ന ശേഷം പൊലീസ് എത്തുമ്പോൾ കാറിൽ നിന്നിറങ്ങി ഭ്രാന്തു പിടിച്ചതു പോലെ എന്തു ചെയ്യണമെന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു കാർ ഡ്രൈവ് ചെയ്തിരുന്ന അബ്ദുൾ റഹ്മാൻ. രൂക്ഷമായ ഗന്ധമുണ്ടായിരുന്നതിനാൽ ലഹരി ഉപയോഗിച്ച ശേഷം വാഹനമോടിച്ചതാണ് അപകട കാരണമായത് എന്ന് ഉറപ്പായിരുന്നു എന്ന് അപകട സ്ഥലത്തെത്തിയ പൊലീസുകാരനും പറയുന്നു.

ലഹരി ഉപയോഗിച്ച് അതിവേഗത്തിൽ വാഹനം ഓടിച്ചതാണ് അപകടമുണ്ടാക്കിയത് എങ്കിലും സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരുന്നതാണു ദുരന്ത വ്യാപ്തി വർധിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. അത്ര വലിയൊരു അപകടത്തിൽ നിന്നു ഡ്രൈവർ മാത്രം എങ്ങനെ രക്ഷപെട്ടു എന്നതാണ് എല്ലാവരും ചോദിക്കുന്ന ചോദ്യം. ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചു എന്നതും എയർ ബാഗ് ഉപയോഗിച്ചിരുന്നു എന്നതുമാണ് ഒരു ജീവനെങ്കിലും ബാക്കിയാകാൻ കാരണം.

കൈയ്ക്കും മുഖത്തിനുമേറ്റ ചെറിയ പരുക്ക് ഒഴിവാക്കിയാൽ ഡ്രൈവർക്കു കാര്യമായ പരുക്കുണ്ടായിരുന്നില്ല. കാറിന്റെ ഇടതു ഭാഗമാണു മരത്തിലേക്ക് ഇടിച്ചു കയറിയത് എന്നതിനാൽ മുൻ സീറ്റിലിരുന്ന യുവതിയെ പുറത്തെടുക്കുമ്പോൾ വാഹനത്തിനും മരത്തിനും ഇടയിൽ ഞെങ്ങിഞെരുങ്ങിയ നിലയിലായിരുന്നു. ഇത്ര വലിയൊരു അപകടത്തിൽ സീറ്റ് ബെൽറ്റും എയർബാഗും മരണം ഒഴിവാക്കാൻ സഹായിക്കുന്നതായിരുന്നില്ല.

പിൻസീറ്റിലിരുന്ന രണ്ടു പേരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഇടതു ഭാഗത്ത് പിന്നിലെ സീറ്റിൽ ഇരുന്ന യുവതിയെ കാറിന്റെ ഡോർ തുറന്നു പുറത്തേയ്ക്കു തെറിച്ച് സർവീസ് റോഡിനെയും പ്രധാന റോഡിനെയും വേർതിരിക്കുന്ന ഡിവൈഡറിൽ തലയിടിച്ചു ചോരവാർന്നു കിടക്കുന്ന നിലയിലാണു പൊലീസ് കണ്ടെത്തുന്നത്. സ്ഥലത്തു തന്നെ മരണവും സ്ഥിരീകരിച്ചിരുന്നു. അപകടങ്ങളിൽ വാഹനത്തിന്റെ വാതിൽ ലോക്കാണെങ്കിലും തുറന്നു പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തിൽ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിൽ വാഹനം തകർന്ന അവസ്ഥ വച്ച് ശരീരത്തിനു ഗുരതര പരുക്കേൽക്കുമായിരുന്നു, ശരീരവും ഞെങ്ങി ഞെരുങ്ങി മരണ സാധ്യത തള്ളിക്കളയാനാവില്ല, ഒരുപക്ഷെ ജീവൻ ബാക്കിയാകാനുള്ള സാധ്യത അവിടെയുണ്ടായിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച് ദിവസങ്ങൾ വെന്റിലേറ്ററിൽ കഴിഞ്ഞു മരിച്ച യുവാവ് ഇനി രക്ഷപെട്ടിരുന്നെങ്കിലും ശരീരം തളർന്ന നിലയിൽ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. തലച്ചോർ അത്രയേറെ തകർന്നു കലങ്ങിയിരുന്നു. മരണം ഉറപ്പിച്ച അവസ്ഥയിൽ തന്നെയാണ് പൊലീസ് ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നിൽ വലതു വശത്ത് സീറ്റ് ബെൽറ്റ് ഇല്ലാതെ ഇരുന്ന ഇദ്ദേഹം ഡ്രൈവർ സീറ്റിനു മുകളിലൂടെ തെറിച്ചു മുൻവശത്തെ ഗ്ലാസ് തകർത്തു പുറത്തേയ്ക്കു തെറിച്ചിരുന്നു.

സീറ്റ് ബെൽറ്റ് ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ഡ്രൈവർ സീറ്റിൽ ഞെരുങ്ങി പരുക്കുണ്ടാകുമായിരുന്നെങ്കിലും മരണ സാധ്യത കുറെ എങ്കിലും കുറയുമായിരുന്നു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നു പറയുമ്പോഴും ലഹരിയിൽ അല്ലായിരുന്നെങ്കിൽ ഇത്ര വലിയൊരു സംഭവത്തിനേ സാധ്യതയില്ല എന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറയുന്നു. ഡ്രൈവർ മാള സ്വദേശി അബ്ദുൽ റഹ്മാനെതിരെ ഐപിസി സെക്ഷൻ 320എ പ്രകാരം പൊലീസ് കേസെടുത്തിരുന്നു.

ഗുരുതരമായ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാനാണോ റഹ്മാന്‍ കാര്‍ ചേസിന്‍റെ കാര്യം പറയുന്നതെന്ന സംശയവും പൊലീസിനുണ്ട്. ഓഡി കാറിലുണ്ടായിരുന്ന റോയ് അടക്കമുള്ളവരെ വിശദമായി ചോദ്യം ചെയ്ത് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. ചികിത്സയില്‍ കഴിയുന്നതിനാല്‍ പൊലീസിന് ഇത് വരെ റഹ്മാനെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

കേരളത്തിലെ നൈറ്റ് ക്ലബ്ബുകളിലെ ലഹരി ഉപയോ​ഗവും രാത്രികാലങ്ങളിൽ നിരത്തുകളിലെ കാർ റേസിം​ഗുമെല്ലാം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇതെല്ലാം വാർത്തകളിൽ എത്തിപ്പെടുക എന്തെങ്കിലും അപകടം ഉണ്ടാകുമ്പോൾ മാത്രമാണ് എന്നതാണ്. മിസ് കേരളമാരുടെ ജീവനെടുത്ത അപകടത്തിന് ഇടയാക്കിയതും മദ്യലഹരിയിൽ വാഹനം ഓടിച്ചതും അമിത വേഗതയിൽ ചീറിപ്പാഞ്ഞതുമാണ്. എന്നാൽ, അതിലേക്ക് നയിച്ച കാരണങ്ങളാണ് അന്വേഷണ സംഘം ഇപ്പോൾ തിരയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close