INSIGHTSPORTS

“LIFE CONSISTS NOT IN HOLDING GOOD CARDS, BUT IN PLAYING THOSE CARDS YOU HOLD WELL”: അവനി ലെഖാര

പാരാലിമ്പിക്സ് എന്ന് പയ്യെ കേട്ട് വരുന്ന നമുക്ക് മുന്നിൽ ചരിത്രം സ്ഥാപിച്ചുകൊണ്ട് അതിനെ അടയാളപ്പെടുത്തുകയാണ് അവനി ലെഖാര എന്ന പത്തൊമ്പതുകാരി. രാജസ്ഥാന്റെ തലസ്ഥാന നഗരമായ ജയ്‌പുരിൽ നിന്ന് ടോക്കിയോയിൽ പോയി ഒളിമ്പിക്സിലോ പാരലിമ്പിക്സിലോ ഷൂട്ടിങ്ങിൽ സ്വർണം നേടുന്ന ആദ്യ വനിത എന്ന വിശേഷണം അവനിക്കുള്ളതാണ്. ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണ നേട്ടത്തിന് ഉടമയായ അഭിനവ് ബിന്ദ്രയുടെ ‘A shot at history’ എന്ന പുസ്‌തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുന്നോട്ട് പോയ അവനി നേടിയത് അതേ പത്തരമാറ്റ് സ്വർണം തന്നെ.

2012ൽ അവനിയുടെ പതിനൊന്നാം വയസ്സിൽ ഉണ്ടായ ഒരു കാർ ആക്‌സിഡന്റ് മൂലം നട്ടെലിന് ക്ഷതമേറ്റ അവളുടെ കാലുകൾ തളരുന്നു. പിന്നീട് ജീവിതം വീൽ ചെയറിലേക്ക് വഴി മാറുന്നു. തളർന്നുപോയ അവളെ അച്ഛൻ സ്പോർട്സിലേക്ക് തിരിയാൻ പ്രേരിപ്പിച്ചു. 2015ൽ ഷൂട്ടിങ് റേഞ്ചിലും ആർച്ചറി റേഞ്ചിലും അദ്ദേഹം അവളെ കൊണ്ടുപോകുന്നു. രണ്ടു ഇനത്തിലും പങ്കെടുത്ത അവൾ ഷൂട്ടിങ്ങിൽ ആണ് ആകൃഷ്ടയായത്.

പക്ഷെ ഷൂട്ടിങ് പരിശീലിക്കുക എന്ന കർമം അവളെ സംബന്ധിച്ച് ഏറെ കഷ്ടപ്പെടേണ്ട ഒന്നായിരുന്നു. കാരണം ഒരു റൈഫിൾ എടുക്കുക എന്നത് തന്നെ അവൾക്ക് ഏറെ ഭാരമുള്ള കാര്യമായിരുന്നു. ആക്‌സിഡന്റിൽ ബലം നഷ്ടപെട്ടതിനാലാണ് അത്. ആ സമയത്തെ കുറിച്ച് അവൾ പറയുന്നത് ഇങ്ങനെയാണ്. ” ഇന്ത്യയിൽ പാരാ – കോച്ചുകളെ കിട്ടാൻ പ്രയാസമാണ്. മറ്റ് കായിക താരങ്ങളെ പരിശീലിപ്പിക്കുന്ന രീതിയല്ല ഇത്. ശാരീരികമായും മാനസികമായും ബലം നൽകിയാണ് പരിശീലിപ്പിക്കേണ്ടത്. പലരും കരുതുന്ന പോലെ എളുപ്പമല്ല, ഏറെ പ്രയാസകരമായ ഒരു പ്രക്രിയ ആണത്. നിങ്ങൾ ഒരു പാര അത്‌ലറ്റ് ആണെന്ന് അറിയുമ്പോൾ പലരും നിങ്ങളെ ഗൗരവമായി പരിഗണിക്കില്ല. പല രീതിയിൽ നിങ്ങളെ വിധിക്കും. എന്നാൽ മറ്റ് അന്താരാഷ്ട്ര താരങ്ങളെ പോലെ തന്നെ ഞങ്ങളും മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. വൈകല്യത്തോടെ ജീവിക്കുക എന്നത് തന്നെ വലിയൊരു വിജയമാണ്.”

അഭിനവ് ബിന്ദ്രയുടെ ജീവിതം മനസിലാക്കിയത് അവളെ സംബന്ധിച്ച് വലിയൊരു വഴിത്തിരിവായി. ഷൂട്ടിങ് റേഞ്ചിലെ അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ മുന്നോട്ട് കുതിക്കാൻ അവൾക്ക് പ്രേരണയായി. രാജ്യത്തിനായി വ്യക്തിഗത സ്വർണം നേടിയ ബിന്ദ്രയെ പോലെ തനിക്കും രാജ്യത്തിനായി സ്വർണം നേടാണമെന്നു അവൾ ആഗ്രഹിച്ചു.

2017ൽ പാരാ ഷൂട്ടിംഗ് ലോകകപ്പിൽ വെള്ളി നേടിയാണ് അവനി തന്റെ അന്താരാഷ്ട്ര ജൈത്രയാത്ര ആരംഭിക്കുന്നത്. 2019ലെ ലോകകപ്പിലും അവൾ ഇതേ നേട്ടം ആവർത്തിച്ചു. പക്ഷെ, അപ്രതീക്ഷിതമായി വന്ന കോവിഡ് മഹമാരി അവൾക്കും പ്രശ്നങ്ങൾ ഉണ്ടാക്കി. കാലുകൾക്ക് ഫിസിയോതെറാപ്പി ചെയ്യുന്ന അവളുടെ ജീവിതചര്യകൾ മുടങ്ങി. മാതാപിതാക്കളുടെ സഹായത്തോടെയാണ് അവൾ അത് തുടർന്നത്. പക്ഷെ, പ്രധാന പ്രശ്നം ഷൂട്ടിംഗ് ട്രെയിനിങ് വീട്ടിൽ നടത്താൻ സാധിക്കില്ല എന്നതായിരുന്നു. പെല്ലെറ്റ്സ് ഒന്നും ഉപയോഗിക്കാതെയാണ് പിന്നീട് അവൾ പരിശീലിച്ചത്.

ഈ പരിതസ്ഥിതികളെ ഒക്കെ തരണം ചെയ്ത് ദേശീയ പാരാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ അവൾ ആറ് സ്വർണം ഉൾപ്പടെ എട്ട് മെഡലുകൾ കരസ്ഥമാക്കി. ഇതിനെ ലോകകപ്പിന് മുന്നോടിയായ ട്രയൽ ആയി കണ്ട അവനിക്ക് ലോകകപ്പിൽ പോയിന്റുകൾ അകലെ സ്വർണം നഷ്ടപ്പെട്ടു. ലോക ഒന്നാം നമ്പർ താരത്തോടാണ് അന്ന് അവൾ മത്സരിച്ചത്. എന്നാൽ അവിടെയും അവൾ തളർന്നില്ല. തന്റെ സ്വപ്നം പാരാലിമ്പിക് സ്വർണം ആണെന്ന് പറഞ്ഞ അവൾ അതിനായി പരിശ്രമിച്ചു. ഒടുവിൽ ഇന്ന് രാവിലെ തന്റെ ആരാധനപാത്രത്തെ പോലെ ലോകത്തിന്റെ നെറുകയിൽ അവൾ തന്നെ അടയാളപ്പെടുത്തി. രാജ്യത്തിനായി വ്യക്തിഗത സ്വർണ നേട്ടം.

ഇതിന് പുറകെ അവളെ അഭിനന്ദിച്ചുകൊണ്ട് സാക്ഷാൽ ബിന്ദ്ര തന്നെ ട്വീറ്റ് ചെയ്തു. തനിക്ക് ഈ വികാരം വർണിക്കാൻ അറിയില്ല. താൻ ലോകത്തിന്റെ നെറുകയിൽ ആണെന്നാണ് ചരിത്ര നേട്ടത്തിന് പിന്നാലെ അവനി അഭിപ്രായപ്പെട്ടത്.

പ്രതിസന്ധികളിൽ തളരുകയല്ല, മറികടക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കണം എന്ന് അവനി ലെഖാര നമ്മളെ ഓർമിപ്പിക്കുന്നു. അപ്പോൾ, കാലം നമുക്കായും ചരിത്രം രചിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close