CULTURALINSIGHTTrending

“നിസ്സഹായരായി നിൽക്കുന്ന ഈ വർത്തമാനകാലത്ത് മറ്റൊരു ജന്മദിനം കൂടി”; അയ്യങ്കാളി ജയന്തിയില്‍ സുഭാഷ് എസ് കല്ലട എഴുതുന്നു..

സുഭാഷ് എസ് കല്ലട

പ്രാചീന കേരളത്തിൽ അസ്പൃശ്യതയുടെ കടയ്ക്കൽ സംഘശക്തിയുടെ മഴു കൊണ്ട് വെട്ടി വീഴ്ത്തി പുരോഗനകേരളത്തെ സൃഷ്ടിച്ച സാമൂഹ്യ വിപ്ലവകാരിയാണ് മഹാനായ അയ്യൻകാളി. മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട കുലത്തിൽ ജനിച്ച അദ്ദേഹം സമാനതകളില്ലാത്ത പ്രതിബന്ധങ്ങളോട് സന്ധിയില്ലാതെ പോരാടി നേടിയ അവകാശങ്ങൾക്ക് അപ്പുറത്ത് പുതിയതായി ഒന്നും നേടാനാവാതെ നമ്മൾ നിസ്സഹായരായി നിൽക്കുന്ന ഈ വർത്തമാനകാലത്ത് അദ്ദേഹത്തിന്റെ മറ്റൊരു ജന്മദിനം കൂടി കടന്നു പോവുകയാണ്.

കേരളത്തിൽ പൊതു എന്ന വാക്ക് കേട്ട് തുടങ്ങിയത് അദ്ദേഹത്തിന്റെ നാവിൽ നിന്നാണ്.പൊതുവഴികൾ, പൊതുവിദ്യാലയങ്ങൾ ‘പൊതു കാര്യാലയങ്ങൾ, പൊതുചന്തകൾ, പൊതു ആതുരാലയങ്ങൾ, സർക്കാർ ലാവണങ്ങളിലെ നിയമനങ്ങൾ, പൊതു ( പുതുവൽ) ഭൂമി തുടങ്ങി സമൂഹം ഇന്നും ഉപയോഗപ്പെടുത്ത പൊതു ഇടങ്ങളെല്ലാം അദ്ദേഹം നടത്തിയ ധീരോദാത്തമായ സമരങ്ങളുടെ ഫലമായി ഉണ്ടായതാണ്.

പഞ്ചമിയുടെ കൈപ്പിടിച്ച് ഊരൂട്ടമ്പലം (തീവെച്ച സ്കൂൾ) പള്ളിക്കൂടത്തിലേക്ക് അദ്ദേഹം കയറുമ്പോൾ സ്‌ത്രീ സ്വാതന്ത്ര്യത്തിന്റെയും ശാക്തീകരണത്തിന്റെയും തുടക്കമാവുകയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തിരുവിതാംകൂറിൽ നടന്ന കർഷകസമരത്തെ കേരളത്തിലെ ഒന്നാമത്തെ കർഷക പണിമുടക്ക് സമരമായും, വൈക്കം സഞ്ചാരസ്വാതന്ത്ര്യ സമരത്തിന് രണ്ട് പതിറ്റാണ്ട് മുമ്പ് അദ്ദേഹം നടത്തിയ വില്ലുവണ്ടി സമരത്തെ കേരളത്തിലെ ഒന്നാമത്തെ സഞ്ചാരസ്വാതന്ത്ര്യ സമരമായും പരിഗണിക്കാത്ത അന്ധരായ ചരിത്രമെഴുത്തുകാരും, രാഷ്ട്രമീമാംസകരുമാണ് ഇപ്പോഴുമുള്ളതെന്ന ഖേദകരമായ വസ്തുത ഒരു പേക്കിനിവായെങ്കിലും നമ്മളെ അലട്ടാത്തതെന്താണ്?

ചാലിയത്തെരുവിലും, ആറാലുംമൂട്ടിലും, മണർക്കാടും, പുല്ലാടും നടന്നത് നമ്മുടെ പൂർവ്വികർക്ക് അവരുടെ ഉൽപ്പന്നങ്ങളിൻമേൽ വില നിശ്ചയിക്കാനുള്ള പോരാട്ടങ്ങളായിരുന്നൂവെന്ന് നിരീക്ഷിക്കുവാൻ പോലും ആരും തയ്യാറാകുന്നില്ല. പെരിനാട് സമരവും, പീരങ്കി മൈതാനത്തെ നടുക്കിയ കല്ലമാല സമരവും സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അഗ്നിസ്ഫുലിംഗങ്ങളാണ്. നീതി നിഷേധിക്കപ്പെട്ടവരുടെ മിശിഹമാണ് മഹാത്മാ അയ്യൻകാളി.അദ്ദേഹത്തെ അത്തരത്തിൽ സ്വീകരിക്കാൻ പൊതുസമൂഹം പരുവപ്പെടുമ്പോഴാണ് അദ്ദേഹത്തിന്റെ സ്മരണാദിനങ്ങൾ അർത്ഥവത്താകുന്നത്.

സുഭാഷ് എസ് കല്ലട

(കെ.പി.വൈ.എം.മുൻ ജനറൽ സെക്രട്ടറി)

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close