Breaking NewsINSIGHTNEWSTop News

വിവാഹിതരാവുമ്പോള്‍ എകെജിക്ക് നാല്‍പ്പത്തിയെട്ടും സുശീലയ്ക്ക് ഇരുപത്തിമൂന്നും വയസ്; എകെജിയെ അറിയാന്‍ അദ്ദേഹത്തിന്റെ മണ്ണിനുവേണ്ടി എന്ന പുസ്തകംകൂടി വായിക്കണം; അനുപമയുടെ കുഞ്ഞിന്റെ അച്ഛൻ അജിത്തിനെ കല്ലെറിയുന്നവർ ഇതുകൂടി അറിയണം

ആസാദ്

എ കെ ജിയ്ക്ക് നാല്‍പ്പത്തിയെട്ടും സുശീലയ്ക്ക് ഇരുപത്തിമൂന്നും വയസ്സായിരുന്നു അവര്‍ വിവാഹിതരാവുമ്പോള്‍. ഇരുപത്തിയഞ്ചു വയസ്സിന്റെ ആ പ്രായ വ്യത്യാസത്തെ അന്നും ഇന്നും ആക്ഷേപിക്കുന്നവരുണ്ട്. അവര്‍ക്ക് എ കെ ജിയുടെയോ സുശീലയുടെയോ തീരുമാനത്തെയോ ഇച്ഛാശക്തിയെയോ രാഷ്ട്രീയ പ്രതിബദ്ധതയെയോ അല്‍പ്പംപോലും ഉലയ്ക്കാന്‍ കഴിഞ്ഞില്ല. തീരുമാനിക്കേണ്ടത് തങ്ങളാണെന്ന് പറയാന്‍ എഴുപതു വര്‍ഷം മുമ്പ് അവര്‍ക്ക് ത്രാണിയുണ്ടായിരുന്നു.

പാര്‍ട്ടിയില്‍ അന്ന് ഇങ്ങനെ വെട്ടുകിളി ശല്യം ഉണ്ടായിരുന്നില്ല. ഹീനപാപ്പരാസി വേട്ടകള്‍ ഉണ്ടായിരുന്നില്ല. സുവിശേഷലൂക്കോസുമാര്‍ അഴിഞ്ഞാടിയില്ല. ഉണ്ടെങ്കിലും എ കെ ഗോപാലനെ അത് അലട്ടുമായിരുന്നില്ല. എ കെ ജിയെ അറിയാന്‍ അദ്ദേഹത്തിന്റെ മണ്ണിനുവേണ്ടി എന്ന പുസ്തകംകൂടി വായിക്കണം.

വിവാഹത്തെപ്പറ്റിയാണല്ലോ പറഞ്ഞത്. എ കെ ജി ജനിച്ച അതേ വര്‍ഷം ജനിച്ച മറ്റൊരാളുണ്ട്. കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന് തുടക്കം നല്‍കാന്‍ ഏറെ ക്ലേശിച്ച ഒരു എഴുത്തുകാരന്‍. പി കേശവ ദേവ്. പേരിലെ പിള്ളയെ പിഴുതു മാറ്റി ദേവാക്കിയ ധീരന്‍. അമ്പതു പിന്നിടുമ്പോഴാണ് ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. ആ പ്രായവ്യത്യാസവും മഞ്ഞ പത്രങ്ങള്‍ ചര്‍ച്ച ചെയ്തു കാണും. കേശവദേവോ സീതാലക്ഷ്മിയോ കുലുങ്ങിയില്ല.

എ കെ ജിക്കും കേശവദേവിനും ഉണ്ടായിരുന്നു മുന്‍ ഭാര്യമാര്‍. അവര്‍ വിവാഹ മോചനം നടത്തിയതിന്റെ രേഖകളൊന്നും നാം കണ്ടിട്ടില്ല. അവര്‍ക്ക് എന്തെങ്കിലും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവോ എന്ന് നാം ആധിപ്പെട്ടിട്ടില്ല. അവരൊക്കെ സമരസപ്പെട്ടു മുന്നോട്ടുപോയി എന്നേ ആരും മനസ്സിലാക്കിയിട്ടുള്ളു. കേരളത്തില്‍ അവര്‍ക്കൊക്കെ അവരുടെ കര്‍മ്മപഥം ഉണ്ടായിരുന്നു. അതേ ശ്രദ്ധിക്കപ്പെട്ടുള്ളു.

എ കെ ജിയും കേശവദേവും മാത്രമല്ല അങ്ങനെ അനവധി പേര്‍. വിവാഹം രണ്ടു പേരുടെ ഇഷ്ടമോ തെരഞ്ഞെടുപ്പോ ആണ്. അതില്‍ അച്ഛന്റെ പ്രായം മകളുടെ പ്രായം എന്നൊക്കെ അധിക്ഷേപിക്കാന്‍ ആര്‍ക്കാണ് അവകാശം?

ചില അപക്വ പ്രതികരണങ്ങള്‍ കാണുമ്പോള്‍ കുറിച്ചു പോകുന്നതാണ്. പൊറുക്കണം.

(ലേഖകൻ ഫേസ്ബുക്കിൽ കുറിച്ചത്)

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close