INDIANEWS

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുൻപന്തിയിൽ മമതാ ബാനർജിയും; ഈ വസ്തുത ആർക്കും നിഷേധിക്കാനാവില്ല: ബാബുൽ സുപ്രിയോ

കൊൽക്കത്ത: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുൻപന്തിയിൽ നിൽക്കുന്നവരിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഉണ്ടെന്ന് മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ. അസൻസോൾ എംപിയും മുൻ ബിജെപി നേതാവുമായ ബാബുൽ സുപ്രിയോ കഴിഞ്ഞ കുറച്ച ദിവസങ്ങൾക്ക് മുമ്പാണ് തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നത്. തൃണമൂൽ കോൺഗ്രസ്സ് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും രാജ്യസഭാ എംപി ഡെറിക് ഒബ്രിയനും ചേർന്നാണ് ബാബുൽ സുപ്രിയോയെ ടിഎംസിയിൽ ചേർത്തത്.

ഞങ്ങളുടെ പാർട്ടിയുടെ ക്യാപ്റ്റൻ മമത ബാനർജി 2024 ൽ പ്രധാനമന്ത്രിയാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമത ബാനർജി മുൻനിരയിലുള്ള ആളാണെന്ന വസ്തുത ആർക്കും നിഷേധിക്കാനാകില്ല എന്നാണ് ബാബുൽ സുപ്രിയോ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബദൽ മുഖമായി മാറാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പരാജയപ്പെട്ടുവെന്ന് ടിഎംസിയുടെ മുഖപത്രമായ ‘ജാഗോ ബംഗ്ല’ പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് ബാബുൽ സുപ്രിയോയുടെ പരാമർശം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പകരമുള്ള ബദൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണെന്ന് മുഖപത്രത്തിൽ പറയുന്നു.

താൻ മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ല എന്ന് മുൻ പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോ പറഞ്ഞിരുന്നു. എന്നാൽ പുനഃസംഘടനയ്ക്കിടെ ജൂലൈയിൽ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമാണ് സുപ്രിയോ തൃണമൂലിൽ ചേർന്നത്. തുടർന്ന് ബാബുൽ സുപ്രിയോയ്ക്ക് തന്റെ മണ്ഡലത്തിൽ ജനപ്രീതി നഷ്ടപ്പെട്ടുവെന്നും ടിഎംസിയിൽ ചേരാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ബിജെപിയെ ബാധിക്കില്ലെന്നും പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close