Breaking NewsKERALANEWSTop News

വിമാനം പറന്നുയർന്നതോടെ മരിയക്ക് പ്രസവ വേദന തുടങ്ങി; പ്രസവം എടുക്കാൻ സജ്ജമായി രണ്ട് ഡോക്ടർമാരും നാല് നഴ്സുമാരും ഒപ്പം കാബിൻ ക്രൂവും; മലയാളി യുവതിക്ക് എയർ ഇന്ത്യ വിമാനത്തിൽ സുഖപ്രസവം

നെടുമ്പാശ്ശേരി: വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം. പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പാണ് വിമാനത്തിനുള്ളിൽ വെച്ച് കുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്ന് കൊച്ചിക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് മരിയക്ക് സുഖപ്രസവം നടന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരുടെയും നാല് നഴ്‌സുമാരുടെയും കാബിൻ ജീവനക്കാരുടെയും സഹായം യുവതിക്ക് തുണയായി.

വനിത പൈലറ്റായ ഷോമ സുർ ആണ് വിമാനം നിയന്ത്രിച്ചിരുന്നത്. വിമാനം ലണ്ടനിൽനിന്ന് പുറപ്പെട്ട് അധികം വൈകാതെ ഏഴ് മാസം ഗർഭിണിയായ യുവതിക്ക്‌ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും മെഡിക്കൽ സഹായം നൽകാനായി വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക്ഫുർട്‌ വിമാനത്താവളത്തിലിറക്കി. ഫ്രാങ്ക്ഫുർട്‌ വിമാനത്താവളത്തിൽ അടിയന്തര മെഡിക്കൽ സംവിധാനങ്ങളൊരുക്കിയിരുന്നു. വിമാനമിറങ്ങിയ ഉടൻ അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.

ഫ്രാങ്ക്ഫുർട്ടിൽനിന്ന് തിരികെ പറന്ന വിമാനം ആറ് മണിക്കൂർ വൈകി ബുധനാഴ്ച രാവിലെ 9.45-ന് കൊച്ചിയിലിറങ്ങി. 210 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യുവതിയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി ധീരവും സമയോചിതവുമായ ഇടപെടൽ നടത്തിയ എയർ ഇന്ത്യ പൈലറ്റുമാരെയും ജീവനക്കാരെയും സിയാലിന്റെ നേതൃത്വത്തിൽ ആദരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close