INDIANEWS

കൗതുകമായി ബൈക്കുള മൃഗശാലയിലെ പെൻഗ്വിൻ; പോറ്റാൻ ഭാരിച്ച ചെലവ്; വിമർശനവുമായി ബിജെപി

മുംബൈ: പെൻഗ്വിനുകളുടെ പരിപാലനത്തിന് ബി.എം.സി. കോടികൾ ചെലവിടുന്നത് സംബന്ധിച്ച വിവാദത്തിനിടെ രണ്ട് പെൻഗ്വിൻ കുഞ്ഞുങ്ങളെ ബൈക്കുള വീരമാതാ ജീജാബായ് ഉദ്യാൻ വരവേറ്റു.

മേയ് ഒന്നിനും ഓഗസ്റ്റ് 19 നുമാണ് കുഞ്ഞതിഥികൾ എത്തിയതെന്ന് മുംബൈ മേയർ കിഷോരിപെഡ്നേക്കർ അറിയിച്ചു. ബൈക്കുള മൃഗശാലയിലെ പെൻഗ്വിനുകളുടെ അടുത്ത മൂന്ന് വർഷത്തെ പരിപാലനത്തിനായി 15.26 കോടിയുടെ ടെൻഡർ ബി.എം.സി. വിളിച്ചതിനെതിരേ കോൺഗ്രസും ബി.ജെ.പി.യും രംഗത്തുവന്നിരുന്നു. ശിവസേനയാണ് ബി.എം.സി. ഭരിക്കുന്നത്.

ഇപ്പോൾ മന്ത്രിയായ ആദിത്യതാക്കറെ പ്രത്യേക താത്പര്യം എടുത്താണ് 2016 ൽ ദക്ഷിണ കൊറിയായിലെ സിയോളിലെ കോക്സ് അക്വേറിയത്തിൽനിന്ന് മൂന്ന് ആണും അഞ്ച് പെണ്ണും അടക്കം എട്ട് പെൻഗ്വിനുകളെ ബൈക്കുള മൃഗശാലയിലേക്ക് കൊണ്ടുവന്നത്. ഇതിൽ ഒരെണ്ണം പിന്നീട് ചത്തു.

1800 ചതുരശ്രയടി സ്ഥലത്ത് പ്രത്യേകമായി താപനില ക്രമീകരിച്ചാണ് ഇവയെ പാർപ്പിച്ചിരിക്കുന്നത്. ഭാരിച്ച ചെലവാണ് ഇതിനുള്ളത്. പെൻഗ്വിനുകൾ വെള്ളാനയായി മാറിയിരിക്കുകയാണെന്ന വിമർശനങ്ങളെ ബി.എം.സി.യും ശിവസേനയും എതിർത്തിട്ടുണ്ട്.

പെൻഗ്വിനുകളുടെ വരവിന് ശേഷം മൃഗശാലയുടെ വരുമാനം അവയ്ക്കായി ചെലവഴിച്ച പണത്തേക്കാൾ കൂടുതലാണെന്ന് ബി.എം.സി. കമ്മിഷണർ ഇഖ്ബാൽ ചാഹൽ പറയുന്നു. എന്നാൽ മൃഗശാലയുടെ വരുമാനം കൂടിയത് പെൻഗ്വിനുകൾ വന്നിട്ടുമാത്രമല്ലെന്നും സന്ദർശക ഫീസ് 10 രൂപയിൽനിന്ന് 50 രൂപയായി വർദ്ധിപ്പിച്ചത് കൊണ്ട് കൂടിയാണെന്നും ബി.ജെ.പി. പറയുന്നു.

ഹംബോൾട്ട് പെൻഗ്വിനുകളാണ് ബൈക്കുള്ളയിലുള്ളത്. ഇവ മൂന്നര വയസ്സ് ആകുന്നതോടെ ഇണ ചേരും. ഒന്നരമാസത്തിനുള്ളിൽ മുട്ടയിടും. ആണും പെണ്ണും ചേർന്ന് അടയിരുന്ന് വിരിയിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close