AUTOMOTIVEINDIANEWSTrending

പഴയ പേര് തിരികെപ്പിടിക്കാൻ ബജാജ്; ഫുൾ കാലിബറോടെ തിരിച്ചെത്തുമോ കാലിബർ?

തൊണ്ണൂറുകളുടെ അവസാനം നിരത്തുകളിൽ തരംഗം സൃഷ്ടിച്ച ‘ബജാജ് കാലിബർ’ വീണ്ടും വാർത്തയാവുകയാണ്. ബജാജിന്റെ ബൈക്ക് ശ്രേണി കൂടുതല്‍ വിപുലമായതോടെ 2006-ല്‍ നിരത്തൊഴിഞ്ഞ കാലിബര്‍ എന്ന പേര് മടക്കികൊണ്ടുവരാനുള്ള നീക്കത്തിലാണ് നിര്‍മാതാക്കള്‍ എന്നാണ് വാർത്തകൾ പുറത്ത് വരുന്നത്.

കാലിബര്‍ എന്ന പേരിന് ബജാജ് വീണ്ടും ട്രേഡ് മാര്‍ക്ക് സ്വന്തമാക്കി എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഈ സംശയം ശക്തിപ്രാപിക്കുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് ബജാജിന്റെ ഔദ്യോഗിക വെളിപ്പെടുത്തല്‍ ഉണ്ടായിട്ടില്ല. ഫ്രീറൈഡര്‍, ഫ്ളൂവര്‍, ഫ്ളൂയിര്‍ എന്നീ പേരുകള്‍ ഉള്‍പ്പെടെ ബജാജ് ഓട്ടോ ഈയിടെയായി നിരവധി ട്രേഡ്മാര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു. പുതുതായി പെട്രോള്‍ അല്ലെങ്കില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ കാലിബര്‍ പേര് ഉപയോഗിച്ചേക്കുമെന്ന് ട്രേഡ്മാര്‍ക്ക് അപേക്ഷ വ്യക്തമാക്കുന്നതായാണ് ഈ സൂചനകള്‍.

ഇന്ത്യൻ വാഹന നിർമാതാക്കളായ ബജാജിന്റെയും, ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ കവാസാക്കിയുടെയും കൂട്ടുകെട്ടിലാണ് 1998-ൽ കാലിബർ എന്ന വാഹനം പുറത്തിറങ്ങുന്നത്. കവാസാക്കി ബജാജ് കാലിബർ എന്ന പേരിലാണ് ഈ വാഹനം നിരത്തുകളിൽ എത്തിയിരുന്നത്. 4 എസ് ചാമ്പ്യൻ ഉൾപ്പെടെയുള്ള ബൈക്കുകളും ഈ കമ്പനികളുടെ കൂട്ടുക്കെട്ടിൽ അക്കാലത്ത് നിരത്തുകളിൽ എത്തിയിരുന്നു.

ടൂ സ്ട്രോക്ക് എൻജിൻ ബൈക്കുകൾ നിരത്തുകൾ വാണിരുന്ന കാലത്ത് മികച്ച ഇന്ധനക്ഷമതയും ആകർഷകമായ ശബ്ദവും കരുത്തുമായി എത്തിയ ഈ 110 സി.സി. ഫോർ സ്ട്രോക്ക് എൻജിൻ ബൈക്ക് വിപണി കീഴടക്കുകയായിരുന്നു. 111.6 സി.സി. എൻജിനായിരുന്നു കാലിബറിന് കരുത്തേകിയിരുന്നത്. 85 കിലോമീറ്റർ പരമാവധി വേഗതയുള്ള ഈ വാഹനം 7.6 ബി.എച്ച്.പി. പവറായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്.

പത്ത് വര്‍ഷത്തെ കാലവധിയില്‍ 1998-ലാണ് കാലിബര്‍ എന്ന പേരിന് ആദ്യം ബജാജ് ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയത്. എന്നാല്‍, ഈ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ വാഹനത്തിന്റെ ഉത്പാദനം അവസാനിപ്പിച്ചിരുന്നു. കമ്മ്യൂട്ടര്‍ ബൈക്കായി എത്തിയിരുന്ന കാലിബര്‍ ഇനിയും ആ ശ്രേണിയില്‍ എത്താനിടയില്ലെന്നാണ് സൂചന. 125, 135 സി.സി. എന്‍ജിനുമായായിരിക്കും കാലിബറിന്റെ മടങ്ങി വരവെന്നും അഭ്യൂഹങ്ങളുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close