KERALANEWSTop News

വ്യാജരേഖകൾ വഴി ബാങ്കിൽ നിന്നും കോടികൾ തട്ടിയെടുത്ത കേസ്; പ്രതിക്കെതിരെ പരാതിയുമായി നിരവധി പേർ രംഗത്ത്; ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ച് പോലീസ്

കൊച്ചി: വ്യാജരേഖകൾ വഴി ബാങ്കിൽ നിന്നും കോടികൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ തൃപ്പുണിത്തറ സ്വദേശി റെജി എതിരെ കൂടുതൽ പേര് പരാതിയുമായി രംഗത്ത്. സിബില്‍സ്കോര്‍ കുറവുള്ളതിനാല്‍ ലോണ്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടറിയിച്ചപ്പോള്‍ സ്വന്തം കമ്പനിയില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് റെജി കുറുമശേരി സ്വദേശി പ്രകാശനെ കബളിപ്പിച്ചത്. പ്രകാശന്‍റെ ഭൂമിയുടെ ഈടില്‍ ആദ്യം ചെറിയ തുകക്ക് ലോണെടുത്ത് പിന്നീട് പ്രകാശനറിയാതെ പുതുക്കി 64 ലക്ഷം രൂപ റെജി പൗലോസ് തട്ടിയെടുത്തു.

ജപ്തി നോട്ടീസുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് താൻ ഇത്ര വലിയ കടക്കാരനാണ് പ്രകാശനറിയുന്നത്. ഇത് താങ്ങാനാകാതെ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രകാശന്‍ മരിച്ചു. ഇപ്പോള്‍ ക്യാന്‍സര്‍ രോഗിയായ ഭാര്യ മിനിയും മകന്‍ നന്ദുവും ജപ്തി ഭീഷണിയിൽ വീട്ടിൽ നിന്നും പുറത്താക്കപ്പെടുമോ എന്ന് ഭയന്ന് കഴിയുകയാണ്.

തട്ടിപ്പ് അന്വേഷിക്കണമെന്ന് ഹൈക്കോടതിയിൽ നിന്നും ഇവര്‍ വിധി നേടിയെങ്കിലും പോലീസ് മൗനം പാലിച്ചു. റെജി പിടിയിലായെന്നറിഞ്ഞതോടെ വീണ്ടും ആലുവ പോലീസിനെ സമീപിച്ചിരിക്കുകയാണിവര്‍. ലോണിന്റെ ഇടപാടുകൾ ബാങ്ക് ഉദ്യോഗസ്ഥർ അറിഞ്ഞു നടത്തിയതെന്നാണ് ഇവര്‍ പറയുന്നത്.

ഇത്തരത്തിലുള്ള നിരവധി പേരാണ് റെജിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളെ സമീപിച്ചത്. ചേര്‍ത്തല ആലുവ എറണാകുളം സൗത്ത് കളമശേരി തൃപ്പുണിത്തറ എന്നിവിടങ്ങിലായി 10 കേസുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ പേര്‍ പരാതികളുമായി പോലീസിനെ സമീപിക്കുമെന്നാണ് സൂചന. സംഭവത്തില്‍ ബാങ്ക് ജീവനക്കാരുടെ പങ്കിനെകുറിച്ചും പോലീസ് അന്വേഷണം തുടങ്ങി. വ്യാജരേഖയില്‍ ഉദ്യോഗസ്ഥര്‍ ലോണ്‍ നല്‍കിയിട്ടുണ്ടോയെന്ന് ബാങ്കുകളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാജമായുണ്ടാക്കിയ റെജിയുടെ പാൻ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുകളുമാണ് ഭൂമിയുടെ രേഖകള്‍ക്കൊപ്പം റെജി നല്‍കുക. ഇങ്ങനെ പണയപ്പെടുത്തിയ ഭൂമികള്‍ക്ക് ജപ്തി നടപടികള്‍ തുടങ്ങിയതോടെയാണ് ഇടപാടുകാര്‍ തട്ടിപ്പറിയുന്നത്. പരാതിയില്‍ മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് സൗത്ത് പോലീസ് അന്വേഷണം തുടങ്ങിയത്. കോയമ്പത്തൂർ നിന്നാണ് റെജിയെ അറസ്റ്റ് ചെയ്തത്.

അഞ്ചു ലോണുകളിലായി ഒരു കോടി 59 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പോലീസിന് ഉറപ്പായിട്ടുണ്ട്. തട്ടിപ്പില്‍ റെജിയുടെ ഭാര്യയും ചില ബാങ്കുദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് സൂചന. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. എറണാകുളം സൗത്ത് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. റെജിയെ റിമാൻഡ് ചെയ്തു.

തട്ടിപ്പിന് കൂട്ട് നിന്ന ഇയാളുടെ ഭാര്യയ്ക്കുവേണ്ടി സൗത്ത് പോലീസ് തിരച്ചിലാരംഭിച്ചു. തട്ടിപ്പില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close