Breaking NewsMoviesNEWSTrending

വീണ്ടും സംവിധായകന്റെ കുപ്പായമണിയാൻ ലാലേട്ടൻ; ബറോസിന്റെ ചിത്രീകരണം അടുത്ത മാസം പുനരാരംഭിക്കും

കൊച്ചി: തീയറ്ററുകൾ സജീവമായതിന് പിന്നാലെ വീണ്ടും സംവിധായകന്റെ കുപ്പായമണിയാൻ ലാലേട്ടൻ. ബറോസ് ഉടൻ തുടങ്ങാനാണ് മോഹൻലാലിന്റെ തീരുമാനം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോവിഡിൽ തട്ടി മുടങ്ങിയ ബറോസിന്റെ ഷൂട്ടിങ് ക്രിസ്മസിനോടനുബന്ധിച്ച് വീണ്ടും ആരംഭിക്കാനാണ് തീരുമാനം. കൊച്ചിയിലാകും ബറോസിന്റെ ഷൂട്ടിം​ഗ് ലൊക്കേഷൻ. ബറോസിലെ നായകനും മോഹൻലാലാണ്. പൃഥ്വിരാജും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബറോസിന് ശേഷം മാത്രമേ ഇനി മോഹൻലാൽ മറ്റ് സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിക്കൂ.

മോഹൻലാലിന്റെ സ്വപ്നപദ്ധതിയായാണ് ബറോസ്. ആരാധകർ ഏറെ ആവേശത്തോടെ ഏറ്റെടുത്ത വാർത്തയായിരുന്നു മോഹൻലാൽ സംവിധായകനാകുന്നു എന്നുള്ളത്. മോഹൻലാൽ തന്നെയാണ് പ്രഖ്യാപനം നടത്തിയത്. ഇത് കുട്ടികളെ ത്രസിപ്പിക്കുന്ന തരം ഫാന്റസി മൂവിയായിരിക്കും എന്നാണ് ലാൽ വിശദീകരിച്ചിട്ടുള്ളത്. കോടികളുടെ ബജറ്റിലാണ് ബറോസ് ചിത്രീകരിക്കാനുള്ള പദ്ധതി. ആന്റണി പെരുമ്പാവൂരാണ് ബറോസിന്റെ നിർമ്മാതാവ്.

നൂറു കോടി മടുക്കി ചിത്രീകരണം പൂർത്തിയാക്കിയ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം വലിയ സാമ്പത്തിക ബാധ്യതയാണ് ആശിർവാദ് സിനിമാസിന് നൽകിയത്. ഇതുകൊണ്ടാണ് കോവിഡ് പ്രതിസന്ധിക്ക് ശേഷം ചിത്രം ഷൂട്ടിങ് തുടങ്ങാൻ തീരുമാനിച്ചത്. കോവിഡ് ആദ്യ തരംഗം തീർന്നപ്പോൾ ബറോസിന്റെ ചിത്രീകരണം കൊച്ചിയിൽ തുടങ്ങിയിരുന്നു. ദിവസങ്ങളുടെ ഷൂട്ടിങ് കഴിഞ്ഞപ്പോഴാണ് ചിത്രീകരണം മുടങ്ങിയത്. ഗോവയിലെ ലൊക്കേഷനിലേക്ക് മോഹൻലാലും താരങ്ങളും എത്തി. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ ഷൂട്ടിങ് മാത്രം നടന്നില്ല. ഇതോടെ വിദേശത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധരടക്കം മടങ്ങി. ഇനിയും സ്വപ്‌ന പദ്ധതിയുമായി കാത്തിരിക്കേണ്ടെന്നാണ് ലാലിന്റെ തീരുമാനം. കോവിഡ് ഇനി വെല്ലുവിളിയാകില്ലെന്ന തിരിച്ചറിവിലാണ് സംവിധായകന്റെ റോളിൽ ലാൽ എത്തുന്നത്.

പൃഥ്വിരാജിന്റെ സംവിധാനത്തിൽ ലൂസിഫർ തകർത്തോടി. ഈ ആത്മവിശ്വാസമാണ് മോഹൻലാലിനേയും ബറോസിലേക്ക് അടുപ്പിക്കുന്നത്. മൈഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ നവോദയ ആണ് ബറോസിന്റെ തിരക്കഥാകൃത്തും ക്രിയേറ്റിവ് ഡയറക്ടറും. സന്തോഷ് ശിവൻ ഛായാഗ്രഹണവും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ബറോസിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ വളരെ നേരത്തെ പൂർത്തിയായിരുന്നു. സെറ്റുകളുടെ നിർമ്മാണവും ഏതാണ്ട് റെഡിയായിരുന്നു. അതിന് ശേഷമാണ് കൊച്ചിയിൽ ആദ്യഘട്ട ഷൂട്ടിങ് നടന്നത്. ഇതാണ് കോവിഡ് തടസ്സപ്പെടുത്തിയത്.

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടൻ റാഫേൽ അമർഗോ എന്നിവർ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. ബറോസ് എന്ന ഭൂതമായി നായക കഥാപാത്രമാകുന്നത് മോഹൻലാൽ ആണ്. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേൽ അമർഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമൻ കോൺ്ട്രാക്ട്, റാംബോ, സെക്സ് ആൻഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ എന്നാണ് സിനിമയുടെ ടാഗ് ലൈൻ. മൈഡിയർ കുട്ടിച്ചാത്തൻ എന്ന വിസ്മയ സിനിമയ്ക്ക് ശേഷം ജിജോയുടെ രചനയിൽ പുറത്തുവരുന്ന സിനിമ കൂടിയാണ് ബറോസ്.

വാസ്‌കോ ഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരനെ കേന്ദ്രീകരിച്ചാണ് സിനിമ. മോഹൻലാലാണ് ബറോസ് എന്ന നിധിസൂക്ഷിപ്പുകാരനായി എത്തുന്നത്. വാസ്‌കോ ഡ ഗാമയുടെ പിൻഗാമിയെന്ന് അവകാശപ്പെട്ട് ഒരു കുട്ടി എത്തുന്നു. ബറോസും കുട്ടിയും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ മുഖ്യ പ്രമേയം. ഗാമയുടെ കാലത്തെ കടൽ മാർഗമുള്ള വ്യാപാരം ഉൾപ്പെടെയുള്ള ചരിത്രവും സിനിമയിൽ ചർച്ചയാകും. ത്രീഡി ചിത്രമായാണ് ബറോസ് എത്തുക. ഇന്ത്യയ്ക്കും ആഫ്രിക്കയ്ക്കും പോർച്ചുഗീസിനും ഇടയിൽ നിലനിന്നിരുന്ന കടൽ മാർഗമുള്ള വ്യാപാരവും ബന്ധവും സിനിമയുടെ ഇതിവൃത്തമാകും.

ഡിസംബർ 2ന് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിലെത്തും. ചിത്രം വൻ വിജയമാകുമെന്നാണ് മോഹൻലാലിന്റെ പ്രതീക്ഷ. ചിത്രത്തിന്റെ പ്രിവ്യൂ കണ്ട ശേഷം നടൻ തന്നെയാണ് തിയേറ്റർ റിലീസ് തീരുമാനം എടുത്തതും. ഇപ്പോൾ പുലിമുരുകന്റെ സംവിധായകൻ വൈശാഖിന്റെ ചിത്രത്തിലെ അഭിനയ തിരക്ക്. മോൺസ്റ്റർ എന്നാണ് വൈശാഖന്റെ സിനിമയുടെ പേര്. അടുത്ത മാസം പകുതിയോടെ അതും തീരും. അറബിക്കടലിന്റെ സിംഹത്തിനൊപ്പം നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്, ട്വൽത്ത് മാൻ, എലോൺ, ബ്രോ ഡാഡി തുടങ്ങിയ സിനിമകളും ലാലിന്റേതായി പൂർത്തിയായതുണ്ട്. ഇവ ഓരോന്നായി റിലീസ് ചെയ്യും. ആറാട്ട് തിയേറ്ററിൽ തന്നെ എത്തും. ബാക്കി സിനിമകൾ ഒടിടിക്ക് വേണ്ടി ചിത്രീകരിച്ചവയാണ്. അതെല്ലാം മരയ്ക്കാറിന്റെ വിജയം അടിസ്ഥാനമാക്കി തിയേറ്ററിലോ ഒടിടിയിലോ റിലീസ് ചെയ്യും. അതുകൊണ്ടു തന്നെ ഡിസംബർ മുതൽ നാലു മാസത്തേക്ക് റിലീസിനുള്ള ചിത്രങ്ങളുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ലാൽ ബറോസിലേക്ക് കടക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close