Breaking NewsINDIANEWSTop News

ഇന്ന് ഭാരത ബന്ദ്; കേരളത്തിൽ 12മണിക്കൂർ ഹർത്താൽ ആരംഭിച്ചു; അവശ്യ സർവീസുകൾക്ക് മുടക്കമില്ല

തിരുവനന്തപുരം: രാജ്യത്ത് കർഷകസംഘടനകൾ ആഹ്വാനം ചെയ്ത ഭാരതബന്ദ് ആരംഭിച്ചു. ഭാരത ബന്ദിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലെ ആറുമുതൽ ആറുവരെയാണ് ഹർത്താൽ. ഹർത്താലിന് എൽ.ഡി.എഫും ദേശീയ പണിമുടക്കിന് യു.ഡി.എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പാൽ, പത്രം, ആംബുലൻസ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസർവീസുകൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങൾ നിർത്തിയിട്ടും വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ അടച്ചിട്ടും ഹർത്താൽ വിജയിപ്പിക്കണമെന്ന് സമരസമിതി അഭ്യർഥിച്ചു. ഹർത്താലിനോട് സഹകരിക്കണമെന്ന് എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ അഭ്യർഥിച്ചു.

ഹർത്താലിനോടനുബന്ധിച്ച് സാധാരണസർവീസുകൾ ഉണ്ടായിരിക്കില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. ആശുപത്രികൾ, റയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാനപാതയിൽ പരിമിതമായ ലോക്കൽ സർവീസുകൾ പോലീസ് അകമ്പടിയോടെ മാത്രം അയക്കും. വൈകീട്ട് ആറുമണിക്കുശേഷം ദീർഘദൂരം ഉൾപ്പെടെ എല്ലാ സർവീസുകളും ആരംഭിക്കും. യാത്രക്കാരുടെ തിരക്കുണ്ടെങ്കിൽ അധിക ദീർഘദൂര സർവീസുകൾ ഏർപ്പെടുത്തുമെന്ന് സി.എം.ഡി. അറിയിച്ചു.

ദേശീയതലത്തിൽ നടക്കുന്ന സംയുക്ത കർഷകമോർച്ചയുടെ കർഷകപ്രക്ഷോഭം ഏഴുമാസം പിന്നിട്ട സാഹചര്യത്തിലാണ്‌ കർഷകസംഘടനകളും ട്രേഡ്‌ യൂണിയനുകളും ഹർത്താലിന്‌ ആഹ്വാനം ചെയ്‌തത്‌. കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന്‌ കർഷകദ്രോഹ നിയമങ്ങളും വൻകിട മുതലാളിമാർക്ക്‌ വേണ്ടി നടപ്പാക്കുന്ന തൊഴിൽനിയമ ഭേദഗതികളും പിൻവലിക്കുക, പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധന പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ഭാരതബന്ദ്‌ നടത്തുന്നത്‌.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close