INDIANEWSSPORTSTrendingWOMEN

‘തളർച്ച’ തോൽവിയല്ല! ഉറച്ച കൈകളുമായി പാരലിമ്പിക്സ്‌ ഫൈനലിൽ എത്തിനിൽക്കുന്ന ഇന്ത്യയുടെ വിജയഗാഥ: ഭവിന പട്ടേലിന്റെ ജീവിതകഥ

ജയിക്കും വരെ ശ്രമിക്കുക; തളർന്ന കാലുകൾ മനസ്സിനെ തളർത്താതെ, ഉറച്ച കൈകളോടെ ടേബിൾ ടെന്നീസ് ബോർഡിൽ വിജയം കൊയ്തെടുക്കുന്ന ഭവിന, ആവർത്തിച്ച് പറയുന്ന വാക്കുകളാണിത്. പാരലിമ്പിക്സിൽ, ടേബിൾ ടെന്നിസിൽ, ആദ്യമായി ഇന്ത്യക്ക് വേണ്ടി മെഡൽ ഉറപ്പിച്ച് ഈ 34കാരി, ചരിത്രമെഴുതിയിരിക്കുകയാണ്.

ചൈനയുടെ ഴാങ് മിയാവോക്കെതിരെ സെമിഫൈനലിൽ ഐതിഹാസിക പോരാട്ടമാണ് ഭവിന പട്ടേൽ കാഴ്ചവച്ചത്. അഞ്ചു സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഭവിന ചൈനീസ് താരത്തെ മറികടന്നത്. മത്സരം 34 മിനിട്ട് നീണ്ടു. റിയോ പാരലിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് മിയാവോ. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം പാരലിമ്പിക്‌സ് ടേബിള്‍ ടെന്നീസിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.

1986 നവംബർ 6 ന് ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്‌നഗറിലെ സുന്ധ്യ ഗ്രാമത്തിൽ ജനിച്ച ഭവിനബെൻ ഹസ്മുഖ് ഭായ് പട്ടേൽ, 12 മാസം പ്രായമുള്ളപ്പോൾ പോളിയോമൈലിറ്റിസ് ബാധിച്ചു കിടപ്പിലായതാണ്. ഒരു സാധാരണ കുടുംബത്തിലെ അംഗമായിരുന്ന അവരെ ചികിത്സിക്കാൻ വീട്ടുകാർക്ക് കഴിയുമായിരുന്നില്ല. എങ്കിലും കഷ്ടപ്പെട്ട്, പണം കൂട്ടിവച്ച് ഹൈദരാബാദിൽ പോയി ഓപ്പറേഷൻ നടത്തുകയുണ്ടായി. എന്നാൽ അത് വിജയമായില്ല. അതോടു കൂടി പൂർണ്ണമായും കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ട ആ പെൺകുട്ടി വീൽ ചെയറിലേക്ക് ഒതുങ്ങിപ്പോയി.

എന്നാൽ പിന്നീട് കാലം തെളിയിച്ചത് തളർച്ച ബാധിച്ചത് കാലുകളെ മാത്രമാണെന്നാണ്. 2004 -ൽ അവരുടെ പിതാവ് അഹ്മദാബാദിലെ ബ്ലൈൻഡ് പീപ്പിൾസ് അസോസിയേഷനിൽ ചേർത്തു, അവിടെ കമ്പ്യൂട്ടറിൽ ഒരു കോഴ്സ് ചെയ്തു, കൂടാതെ കറസ്പോണ്ടൻസ് വഴി ബിരുദവും നേടി. അലഹബാദിൽ വച്ചാണ് അവരുടെ ജീവിതവും മാറി മറിയുന്നത്. കോച്ച് ലാലാ ദോഷിയെ പരിചയപ്പെട്ട ഭവിന, ടേബിൾ ടെന്നിസിലേക്കും വിജയങ്ങളിലേക്കുമുള്ള യാത്ര അവിടെ ആരംഭിക്കുകയായിരുന്നു, പിന്നീട് ഇന്ത്യയുടെ കായിക ചരിത്രത്തിലെക്കും.

2009ൽ അന്താരാഷ്ട്ര മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ച ഭവിന, 2011ൽ തായ്‌ലൻഡ് ഓപ്പണിൽ വെള്ളി നേടിയാണ് തന്റെ ജൈത്രയാത്ര ആരംഭിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് 28ഓളം അന്താരാഷ്ട്ര ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുള്ള ഭവിന, രാജ്യത്തിന് വേണ്ടി 5 സ്വർണ്ണവും 13 വെള്ളിയും അടക്കം നിരവധി വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 2016ലെ റിയോ പാരളിംപിക്സിലും യോഗ്യര്ഗ്ഗ നേടിയിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾ മൂലം പങ്കെടുക്കാനായില്ല.

പാരാലിമ്പിക്സ് ഗെയിംസിൽ ആദ്യമായി പങ്കെടുക്കുന്ന ഭവിന ടേബിൾ ടെന്നീസിൽ ലോക 12ാം നമ്പർ താരമാണ്. ലോക ഒന്നാം നമ്പർ താരം സോ യിങിനോട് തോൽവിയേറ്റു വാങ്ങിക്കൊണ്ടാണ് താരം പാരാലിമ്പ്ക്സിൽ തൻെറ മത്സരം തുടങ്ങിയത്. എതിരില്ലാത്ത മൂന്ന് സെറ്റുകൾക്കായിരുന്നു തോൽവി. എന്നാൽ 9ാം നമ്പർ താരത്തെ തോൽപ്പിച്ച് കൊണ്ട് പിന്നീട് തിരിച്ചുവരവ് നടത്തി. പിന്നീട് തുടർച്ചയായി അട്ടിമറി വിജയങ്ങളിലൂടെയാണ് താരം ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. ഫൈനലില്‍ ചൈനയുടെ ഷൗ യിങ്ങിനെ തന്നെയാണ് താരം നേരിടുക. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇരുവരും മത്സരിച്ചെങ്കിലും ചൈനീസ് താരം ഭവിനയെ കീഴടക്കിയിരുന്നു. എങ്കിലും ഇന്ത്യയൊട്ടാകെ പ്രതീക്ഷയിലാണ്, പാരലിമ്പിക്‌സിൽ ആദ്യം സ്വർണ്ണം നേടുന്ന വനിതക്ക് വേണ്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close