Breaking NewsKERALANEWSTop News

ബിച്ചു തിരുമല അന്തരിച്ചു; വിടവാങ്ങിയത് ജനപ്രിയ ഗാനങ്ങളുടെ അമരക്കാരൻ

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. നാനൂറിലേറെ സിനിമകള്‍ക്ക് ഗാനങ്ങള്‍ രചിച്ചു. അയ്യായിരത്തിലേറെ പാട്ടുകളെഴുതി. ‘ഭജഗോവിന്ദം’ എന്ന സിനിമയ്ക്കാണ് ആദ്യം ഗാനം രചിച്ചതെങ്കിലും ആദ്യം പുറത്തിറങ്ങിയത് ‘അക്കല്‍ദാമയാണ്. 1981 ലും 1991ലും രണ്ടുവട്ടം സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ 2015ലെ ചലച്ചിത്ര പ്രതിഭാപുരസ്‌കാരവും നേടി. അഞ്ചു പതിറ്റാണ്ടോളം മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ ജഡ്ജി ശങ്കരപ്പിള്ളയുടെ പൗത്രി പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്ക്കരന്‍നായരുടെയും മൂത്തമകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിഎ ബിരുദം നേടി. 1962ല്‍ അന്തര്‍ സര്‍വ്വകലാശാലാ റേഡിയോ നാടകോത്സവത്തില്‍ ‘ബല്ലാത്ത ദുനിയാവാണ്’ എന്ന നാടകമെഴുതി അഭിനയിച്ച് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. ഗാനരചയിതാവായി സിനിമയിലേക്ക് വഴിതെറ്റിവന്ന, ബിച്ചു എന്നറിയപ്പെടുന്ന ശിവശങ്കരന്‍ നായര്‍, സംവിധായകന്‍ എം. കൃഷ്ണന്‍നായർ 1970-ൽ സംവിധാനം ചെയ്ത ‘ശബരിമല ശ്രീ ധർമ്മശാസ്താ’ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ സഹസംവിധായകനായാണ് സിനിമാരംഗത്തെത്തുന്നത്. അതിനുശേഷം ഏതാണ്ട് ഒരു വർഷത്തിനു ശേഷമാണ് സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചത്.

സി ആര്‍ കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിനു വേണ്ടി ‘ബ്രാഹ്മമുഹൂർത്തം’ എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹത്തിന്റെ തൂലികയിൽ പിറന്ന ആദ്യ ചലച്ചിത്രഗാനം. പക്ഷേ ആ ചിത്രം റിലീസായില്ല. നടന്‍ മധു നിര്‍മ്മിച്ച ‘അക്കല്‍ദാമ’ യാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യചിത്രം. 1981ലും 1991ലും മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1985-ൽ പുറത്തിറങ്ങിയ ‘സത്യം’ എന്ന സിനിമയിലൂടെ സംഗീത സംവിധായകനുമായി അദ്ദേഹം.

ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, ‘ശക്തി’ എന്ന സിനിമയുടെ കഥയും സംഭാഷണവും, ‘ഇഷ്ടപ്രാണേശ്വരി’ എന്ന സിനിമയുടെ തിരക്കഥയും രചിച്ചിട്ടുണ്ട് അദ്ദേഹം. കൂടാതെ നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ആദ്യ കവിതാസമാഹാരമായ ‘അനുസരണയില്ലാത്ത മനസ്സിന്’ 1990ലെ വാമദേവന്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1981ലെ റീജിയണല്‍ പനോരമ ഫിലിം സെലക്ഷന്‍ ജൂറിയില്‍ അംഗമായിരുന്നു അദ്ദേഹം.

സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങൾ മലയാളികൾക്ക് മൂളി നടക്കാനായി ബിച്ചുവിന്റെ തൂലികയിൽ നിന്നു പിറന്നു.1994 ൽ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് ബിച്ചു ഏറെനാൾ സംഗീതലോകത്തു നിന്ന് വിട്ടു നിന്നു. എ ആർ റഹ്മാന്റെ ആദ്യചിത്രമായ യോദ്ധയ്ക്ക് “പടകാളി” വരികളെഴുതി വേഗത കൂട്ടിയ തൂലികയാണു ബിച്ചുവിന്റേത്.പാവാട വേണം മേലാട വേണം ,നീലജലാശയത്തിൽ, രാകേന്ദു കിരണങ്ങൾ ,സുന്ദരീ സുന്ദരീ, ഏഴു സ്വരങ്ങളും തുടങ്ങി പാട്ടിന്റെ പല പല അക്ഷരച്ചിട്ടകളിലേക്കും ബിച്ചു തിരുമല നമ്മളെ കൂടെ കൊണ്ടു നടന്നു.

പിന്നണി ഗായിക സുശീലാദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്. പ്രസന്നയാണ് ഭാര്യ. ഏക മകന്‍ സുമന്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close