ബോളിവുഡിലെ ക്യൂട്ട് ദമ്പതികളാണ് റിതേഷ് ദേശ്മുഖും ജനീലിയ ഡിസൂസയും. രണ്ട് ആൺകുട്ടികളാണ് അവർക്കുള്ളത് റിയാൻ, റാഹിൽ എന്നിങ്ങനെയാണ് അവരുടെ പേര്. ഇരുവരും തങ്ങളുടേയും കുട്ടികളുടേയും വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മൂത്തമകൻ റിയാന്റെ ഇത്തവണത്തെ പിറന്നാളിനും ആ പതിവ് തെറ്റിച്ചില്ല. റിയാനെ പുണർന്നു നിൽക്കുന്ന മനോഹരമായ ചിത്രവും സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളുമായാണ് ജെനീലിയ മകന് പിറന്നാൾ ആശംസയറിയിച്ചത്.
‘എനിക്ക് നിന്നെക്കുറിച്ച് ഒരു ഒരുപാട് ആഗ്രഹങ്ങളുണ്ട്, എന്നാൽ അവയൊക്കെ നിന്റേതല്ല എന്റേതാണെന്ന് നീ എന്നെ പഠിപ്പിച്ചു, അതുകൊണ്ടുതന്നെ നിന്റെ ആഗ്രഹങ്ങൾക്ക് മുൻഗണന തരുമെന്ന് ഞാൻ നിന്നോട് വാഗ്ദാനം ചെയ്യാൻ ആഗ്രഹിക്കുന്നു. നീ പറക്കാൻ ആഗ്രഹിക്കുമ്പോൾ ഞാൻ നിന്റെ ചിറകുകളാകാൻ ശ്രമിക്കില്ല, പകരം നിന്റെ ചിറകിന് താഴെയുള്ള കാറ്റാകാം. നീ ഒന്നാം സ്ഥാനം നേടിയില്ലെങ്കിൽ, നിരാശപ്പെടേണ്ടതില്ല, പകരം രണ്ടാം സ്ഥാനത്തിന് അതിന്റ സൗന്ദര്യമുണ്ടെന്ന് കാണിച്ചുതരുമെമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു, അവസാനത്തെ സ്ഥാനത്തിനും എപ്പോഴും അതിന്റേതായ പ്രത്യേകതയും ഇച്ഛാശക്തിയുമുണ്ട്. എല്ലാറ്റിനുമുപരിയായി നിന്നെ സന്തോഷിപ്പിയ്ക്കാൻ ഞാൻ എപ്പോഴും നിന്റെ മുന്നിൽ ഉണ്ടാകും. നിന്നെ ആശ്വസിപ്പിക്കാൻ പുറകിലും നീ ഒറ്റയ്ക്ക് നടക്കാതിരിക്കാൻ എന്നും ഞാൻ അരികിലുമുണ്ടാകും. ജന്മദിനാശംസകൾ റിയാൻ.. ഞാൻ നിന്നെ സ്നേഹിക്കുന്നു.’ മകനുള്ള ആശംസകൾക്കൊപ്പം ജനീലിയ കുറിച്ചു.
മകന് പിറന്നാൾ ആശംസകളറിച്ച് ഒരു വിഡിയോയും കുറിപ്പും റിതേഷും പങ്കുവച്ചിരുന്നു. ‘ഒരു ആലിംഗനവും ചുംബനവും മാത്രമാണ് എനിക്ക് നിന്നിൽ നിന്ന് വേണ്ടത്.. ജീവിതകാലം മുഴുവൻ അതിനായി ഞാൻ ലജ്ജയില്ലാതെ യാചിക്കും. നിനക്ക് ഇത് ചെറിയ കാര്യമായിരിക്കാം, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇതെന്റെ ലോകമാണ്.’ എന്ന കുറിപ്പിനൊപ്പമാണ് മകനൊപ്പമുള്ള ക്യൂട്ട് വിഡിയോ റിതേഷ് പങ്കുവച്ചത്. 2012 ഫെബ്രുവരിയിലാണ് ഇവർ വിവാഹിതരായത്.