INDIANEWS

‘ഇന്ധന വില അമ്പതിലെത്തിക്കാൻ ബിജെപിയെ പരാജയപ്പെടുത്തണം; നിലവിൽ തീരുവ 5 രൂപ കുറച്ചതിലൂടെ ബിജെപിയുടെ ഒരു ലക്ഷ്യവും നടക്കാൻ പോകുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്

ന്യൂഡൽഹി: രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ ഇന്ധന വില അമ്പതിലെത്തിക്കാൻ ബിജെപിയെ പരാജയപ്പെടുത്തിയെ മതിയാകു എന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. നിലവിൽ തീരുവ 5 രൂപ കുറച്ചതിലൂടെ ബിജെപിയുടെ ഒരു ലക്ഷ്യവും നടക്കാൻ പോകുന്നില്ലെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

പൊതുജനങ്ങളോട് സ്നേഹമില്ലാത്ത ഒരാൾക്കേ ഇന്ധനവില 100 രൂപയ്ക്ക് മുകളിൽ എത്തിക്കാൻ കഴിയു. ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെയാണ് കേന്ദ്രം വില കുറച്ചത്. രാജ്യത്ത് ആഘോഷത്തിന്റെ അന്തരീക്ഷമില്ലെന്നും വിലക്കയറ്റം കാരണം ആളുകൾ വായ്പയെടുത്ത് ദീപാവലി ആഘോഷിക്കണമെന്നും രാജ്യസഭാംഗം കുറ്റപ്പെടുത്തി.

ഒക്‌ടോബർ 30ന് ഉപതെരഞ്ഞെടുപ്പ് നടന്ന ഹിമാചൽ പ്രദേശിലെ മൂന്ന് അസംബ്ലി സീറ്റുകളിലും ഉത്തരേന്ത്യൻ സംസ്ഥാനത്തെ മാണ്ഡി ലോക്‌സഭാ സീറ്റിലും ബിജെപി പരാജയപ്പെട്ടു. മഹാരാഷ്ട്രയിലെ ഡെൽഗൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിലും അയൽസംസ്ഥാനമായ ദാദ്ര നഗർ ഹവേലി ലോക്‌സഭാ സീറ്റിലും വിജയിക്കാനായില്ല. ഇതിന് പിന്നാലെയാണ് കേന്ദ്രം ഇന്ധന വില കുറച്ചത്.

അതേസമയം കേന്ദ്രം ഇന്ധനവില കുറച്ചതിൽ ഒരുപാട് പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇന്ധന നികുതി കുറക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെ‌ലോട്ട് പ്രതികരിച്ചു. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം വാറ്റ് തുകയിൽ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴും എക്സൈസ് തീരുവ 2014നേക്കാള്‍ ഇരട്ടിയാണെന്നും കേന്ദ്രം ഇനിയും തീരുവ കുറയ്ക്കണമെന്നും അശോക് ഗെ‌ലോട്ട് ആവശ്യപ്പെട്ടു.

കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ പ്രതികരണവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടുവെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറയുന്ന രീതിയിൽ എക്സൈസ് തീരുവ കുറയ്ക്കാനുള്ള തീരുമാനം ജനങ്ങൾക്ക് താൽക്കാലിക ആശ്വാസം നൽകുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് . സാഹചര്യം വിശദീകരിച്ച് ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താൻ ധനമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും കേന്ദ്രം അധിക നികുതി പിൻവലിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങളും ഇന്ധന നികുതി കുറയ്ക്കണമെന്ന കേന്ദ്രനിര്‍ദേശം തള്ളി കേരളം. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചതിനെത്തുടർന്ന് കേരളവും ആനുപാതികമായി കുറച്ചെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് നികുതി കുറയ്ക്കുന്നതിന് ഒരു പരിധിയുണ്ട്. കേരളത്തിന്റെ ധനസ്ഥിതി പരിതാപകരമാണ്. കേന്ദ്രം 30 രൂപ കൂട്ടി, എന്നാൽ അതിന്റെ പങ്ക് സംസ്ഥാനങ്ങൾക്ക് നൽകിയില്ലെന്നു ധനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ ന്യായം പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം നൽകുന്നതു പോലെയെന്നും ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ധനവിലയിൽ ഒരു രൂപ പോലും കുറയ്ക്കില്ലെന്ന തീരുമാനം ധിക്കാരപരമാണന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രമാതൃകയിൽ സംസ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നിം. ജനാധിപത്യ വിരുദ്ധവും ജനങ്ങളെ കളിയാക്കുന്നതിന് തുല്യവുമാണ് ഇതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close