NEWS

അമരീന്ദർ സിങ് ദേശ സ്നേഹമുള്ള വ്യക്തി ; ബിജെപിയുടെ വാതിലുകൾ തുറന്ന് തന്നെയാണ്; അമരീന്ദര്‍ സിങിന്റെ പുതിയ പാർട്ടിയുമായി സഖ്യത്തിന് തയ്യാറെന്ന് ബിജെപി

ചണ്ഡിഗഢ്: മുൻ പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന അമരീന്ദർ സിങിന്റെ പുതിയ പാർട്ടിയുമായി സഖ്യത്തിന് തയ്യാറാണെന്ന് ബിജെപി. പഞ്ചാബ് ബിജെപിയുടെ നേതാവായ ദുഷ്യന്ത് ഗൗതമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസ് നേതൃത്വവുമായി തെറ്റിയ ക്യാപ്റ്റൻ അമരീന്ദർ സിങ് ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത്ഷായുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച്ച ബിജെപിയിലേക്കാണ് എന്ന് വിലയിരുത്തിയിരുന്നു. എന്നാൽ ബിജെപിയിൽ ചേരാനില്ല എന്നും അതെ സമയം കോൺഗ്രസ്സിൽ തുടരില്ല എന്നുമാണ് അമരീന്ദർ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം താൻ പുതിയ പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ അദ്ദേഹം നൽകിയിരുന്നു.

കർഷക സമരത്തിൽ പരിഹാരം ഉണ്ടാക്കിയാൽ ബി.ജെ.പിയുമായും അകാലി ഗ്രൂപ്പുകളുമായും സഖ്യത്തിലേർപ്പെടുമെന്നും അമരീന്ദർ സിങുമായി ബന്ധമുള്ള വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദുഷ്യന്ത് ഗൗതം പ്രതികരിച്ചിരിക്കുന്നത്. രാജ്യത്തെ കുറിച്ചും ദേശസുരക്ഷയെ കുറിച്ചും കരുതലുള്ളവരുമായി സഖ്യത്തിൽ ഏർപ്പെടാൻ ബി.ജെ.പി എന്നും തയ്യാറായാണ്. സഖ്യത്തിനായി ഞങ്ങളുടെ വാതിലുകൾ തുറന്ന് കിടക്കുകയാണ്. പാർട്ടിയുടെ പാർലമെന്ററി ബോർഡ് വിഷയത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചാബിലെ ജനങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ബി.ജെ.പിക്ക് അമരീന്ദർ സിങുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നത്. എന്നാൽ ദേശ സുരക്ഷയുമായി ബന്ധപ്പെട്ട് അദ്ദേഹം സ്വീകരിച്ചിരുന്ന നിലപാടുകളെ എന്നും ബി.ജെ.പി പ്രശംസിച്ചിരുന്നു. അദ്ദേഹം ഒരു പട്ടാളക്കാരനായിരുന്നു എന്നും ദുഷ്യന്ത് ഗൗതം കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close