കെഎസ്ആർടിസിയെന്നാൽ നിയമ ലംഘനങ്ങളുടെ സർക്കാർ മാതൃക: എംപ്ലോയീസ് സംഘ്

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ പദ്ധതി ആസൂത്രണത്തിലും നയപരമായ തീരുമാനങ്ങളിലും സ്ഥാപനത്തിലെ സാധാരണ തൊഴിലാളികൾക്ക് ഒരു പങ്കുമില്ലെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പി കെ സുഹൃദ് കൃഷ്ണ. ശമ്പള വിതരണത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല ധർണ്ണയുടെ ഇരുപത്തി അഞ്ചാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതികൾ പാളിപ്പോയാൽ അതിന്റെ പാപഭാരം ജീവനക്കാർക്കാണെന്ന സർക്കാർ ന്യായം അംഗീകരിക്കില്ല. രാജ്യത്തെ തൊഴിൽ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കേണ്ട സർക്കാർ തന്നെ നിയമലംഘനത്തിന്ന് മാതൃകയാവുകയാണെന്നും സുഹൃദ് കൃഷ്ണ പറഞ്ഞു.
ആർ ടി സി യിൽ അരക്ഷിതാവസ്ഥയുണ്ടാക്കുന്നതിൽ സർക്കാരിന് ആസൂത്രിത പദ്ധതിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സ്വിഫ്റ്റ് കമ്പനി അപ്പാടെ സ്വതന്ത്ര കുത്തകകൾക്ക് തീറെഴുതി നൽകാനുള്ള പദ്ധതി എംപ്ലോയീസ് സംഘ് നിയമപരമായി പരാജയപ്പെടുത്തിയപ്പോൾ സർക്കാർ കമ്പനിയായി രൂപം മാറ്റി കെ എസ് ആർ ടി സിയുടെ ഫണ്ടുകൾ വിനിയോഗിച്ച് ബസ്സുകൾ വാങ്ങി. കിറ്റെക്സ് പോലുള്ള സ്ഥാപനങ്ങളിൽ നിരന്തരം റെയ്ഡു നടത്തി വ്യവസായങ്ങളെ നാടുകടത്താൻ അശ്രാന്ത പരിശ്രമം നടത്തുന്ന സർക്കാർ തന്നെ സ്വന്തം സംരംഭത്തിൽ ഒരു നിയമവും പാലിക്കാൻ തയ്യാറാവുന്നില്ലെന്നും സുഹൃദ് കൃഷ്ണ കുറ്റപ്പെടുത്തി.
ഒരു ഇടതു സർക്കാർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തരത്തിൽ നിയമനത്തിലും, വേതനത്തിലും നിയമലംഘനത്തിന് കെ-സ്വിഫ്റ്റ് മാതൃകയായി മാറി. സ്വകാര്യ കമ്പനികളെപ്പോലും വെല്ലുന്ന ലജ്ജാകരമായ വ്യവസ്ഥകളാണ് ഈ സമാന്തര ഗതാഗത കമ്പനിയിൽ അരങ്ങേറുന്നത്. പത്തു മുതൽ പതിനാലു വർഷം വരെ തുശ്ച വേതനത്തിന് പണിയെടുത്ത താല്ക്കാലിക ജീവനക്കാരെ പൂർണ്ണമായും ഒഴിവാക്കിയാണ് എംപ്ലോയ്മെന്റ് എക്സേഞ്ചിനേയും, പി എസ് സിയേയും നോക്കുകുത്തിയാക്കി പുതിയ സർക്കാർ കമ്പനിയിൽ നിയമനം നടത്തിയത്. തൊഴിലാളി വഞ്ചനക്ക് കൂട്ടുനിൽക്കാൻ ഭരണകക്ഷി യൂണിയൻ മുന്നിൽ തന്നെയുണ്ട്. തൊഴിലാളി യൂണിയൻ, രാഷ്ട്രീയ മാറിയതിന്റെ ഉത്തമോദാഹരണമാണ് കെ എസ് ആർ ടി സിയിലെ സി ഐ റ്റി യു യൂണിയനെന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധ ഗതാഗത കമ്പനിയായ സ്വിഫ്റ്റ് കെ എസ് ആർ ടി സിയിൽ ലയിപ്പിക്കുകയും, നാളിതുവരെയുള്ള കടവും, പെൻഷനും സർക്കാർ ഏറ്റെടുക്കുകയും വേണം. വേതനക്കാര്യത്തിലും, തൊഴിൽ സമയക്രമത്തിലും ജീവനക്കാരുടെ ലീവ് ഉൾപ്പെടെയുള്ള അനുബന്ധ അവകാശങ്ങളിലും നിലവിലെ തൊഴിൽ നിയമം പാലിച്ച് സർക്കാർ മാതൃകയാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർ. പദ്മകുമാർ അദ്ധ്യക്ഷത വഹിച്ച ഇരുപത്തി അഞ്ചാം ദിവസത്തെ ധർണ്ണയിൽ സംസ്ഥാന സെക്രട്ടറി പ്രദീപ് വി.നായർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഡി. ബിജു, തിരുവനന്തപുരം വെസ്റ്റ് ജില്ലാ ജോയിന്റ് സെക്രട്ടറി എം മഹേശ്വരൻ എന്നിവർ സംസാരിച്ചു.