Breaking NewsKERALANEWSTop News

അർഹമായതൊന്നും നൽകിയില്ല; കിട്ടിയതാകട്ടെ പൂട്ടലിന്റെ വക്കിലുള്ള സ്ഥാപനങ്ങളും; ബോർഡ്‌ കോർപ്പറേഷൻ പദവികളുടെ വിഭജനത്തിൽ ഘടകകക്ഷികളെ ചവറ്റുകൊട്ടയിലാക്കി സിപിഎം

തിരുവനന്തപുരം: എൽഡിഎഫിലെ ബോർഡ്‌ കോർപ്പറേഷൻ പദവികളുടെ വിഭജനത്തിൽ ഘടകകക്ഷികൾക്കുള്ളിൽ വൻ പൊട്ടിത്തെറി. സിപിഎമ്മും സിപിഐയും സ്ഥാനമാനങ്ങൾ വീതംവെച്ചെടുക്കുകയായിരുന്നെന്ന വികാരമാണ് കേരള കോൺ​ഗ്രസ് എം ഉൾപ്പെടെയുള്ള പാർട്ടികൾ ഉയർത്തുന്ന പരാതി. 15 ചെയർമാൻ സ്ഥാനങ്ങൾ ആവശ്യപ്പെട്ട കേരള കോൺ​ഗ്രസ് എമ്മിന് വെറും ആറ് സ്ഥാനങ്ങൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഏറ്റവും കൂടുതൽ വകുപ്പുകൾ തങ്ങൾക്കായതിനാൽ അതത് വകുപ്പുകൾക്ക് കീഴിലുള്ള ബോർഡുകളും കോർപ്പറേഷനുകളും തങ്ങൾക്ക് കിട്ടുന്നത് സ്വാഭാവികം എന്നാണ് സിപിഎം നിലപാട്. ഓരോ പാർട്ടിയും ഭരിക്കുന്ന വകുപ്പുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് ആ പാർട്ടിയുടെ പ്രതിനിധി എന്നതാണ് ഇടത് കീഴ്വഴക്കം എന്നാണ് സിപിഎം ഘടകകക്ഷികളോട് പറഞ്ഞിരിക്കുന്നത്. ഇതോടെ കേരള കോൺ​ഗ്രസ് എം ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ട സ്ഥാനങ്ങൾ ലഭിക്കില്ലെന്ന് ഉറപ്പാകുകയായിരുന്നു.

ആറ് സ്ഥാപനങ്ങളാണ് കേരള കോൺ​ഗ്രസ് എമ്മിന് സിപിഎം നൽകിയിരിക്കുന്നത്. ന്യൂനപക്ഷ കോർപ്പറേഷൻ, നാട്ടകം സിമന്റ്സ്, കുണ്ട‌റ സിറാമിക്സ് എന്നിവയുൾപ്പെടെയാണ് ആറ് ചെയർമാൻ സ്ഥാനങ്ങൾ കേരള കോൺ​ഗ്രസ് എമ്മിന് നൽകിയിട്ടുള്ളത്. തങ്ങൾക്ക് ലഭിച്ച പല സ്ഥാപനങ്ങളും നഷ്ടത്തിലും പൂട്ടലിന്റെ വക്കിലുമാണെന്ന പരാതിയും ഘടകകക്ഷികൾ ഉയർത്തുന്നുണ്ട്.

ഓട്ടോകാസ്റ്റും കിൻഫ്രക്ക് കീഴിലുള്ള ഒരു കോർപ്പറേഷനും ജനതാദൾ എസിന് ലഭിക്കുമ്പോൾ തിരുവനന്തപുരം സ്പിന്നിം​ഗ് മിൽ, കേരള ആ​ഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ എന്നിവയാണ് എൽജെഡിക്ക് ലഭിച്ചത്. ഇവ രണ്ടും പ്രതിസന്ധിയിലായ സ്ഥാപനങ്ങളാണ്. മന്ത്രിസ്ഥാനം നിഷേധിക്കപ്പെടുകയും പൂട്ടാനൊരുങ്ങുന്ന സ്ഥാപനങ്ങൾ തലയിൽ വെച്ചു തരികയും ചെയ്തതിൽ എൽജെഡിക്കും പ്രതിഷേധമുണ്ട്.

ജനതാദൾ-എസ്, ലോക് താന്ത്രിക് ജനതാദൾ, എൻ.സി.പി, ജനാധിപത്യ കേരള കോൺഗ്രസ് എന്നിവയ്ക്ക് രണ്ട് വീതവും കോൺഗ്രസ്-എസ്, ഐ.എൻ.എൽ, കേരള കോൺഗ്രസ്-ബി എന്നിവയ്ക്ക് ഓരോ ചെയർമാൻ സ്ഥാനങ്ങളും ലഭിക്കും. ബാക്കിയുള്ള ബഹുഭൂരിപക്ഷം സ്ഥാനങ്ങളും സിപിഎമ്മിനുള്ളതാണ്.

മുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ്-സ്കറിയ തോമസ് വിഭാഗത്തിനും മുന്നണിക്ക് പുറത്ത് നിന്ന് സഹകരിക്കുന്ന ആർ.എസ്.പി-ലെനിനിസ്റ്റിനും ചെയർമാൻ സ്ഥാനങ്ങളില്ല.വിവിധ സ്ഥാപനങ്ങളിൽ ഡയറക്ടർ സ്ഥാനങ്ങളും വിഭജിച്ചിട്ടുണ്ട്. മാണി ഗ്രൂപ്പിനും ജനതാദൾ-എസിനുമാണ് ചെറു കക്ഷികളിൽ കൂടുതൽ ഡയറക്ടർ സ്ഥാനങ്ങൾ ലഭിക്കുക. മറ്റുള്ളവയ്ക്ക് നാല് മുതൽ ആറ് വരെ സ്ഥാനങ്ങൾ ലഭിക്കും.

ന്യൂനപക്ഷത്തിൽ പിണങ്ങി ഐഎൻഎൽ

ഐഎൻഎല്ലിന്റെ കൈവശമുണ്ടായിരുന്ന ന്യുനപക്ഷ കോർപ്പറേഷൻ ചെയർമാൻ സ്ഥാനമാണ് പുതിയതായി മുന്നണിയിലേക്ക് എത്തിയ കേരളാ കോൺഗ്രസ് എം വിഭാഗത്തിന് നൽകുന്നത്. ഇതടക്കം അഞ്ച് കോർപ്പറേഷൻ ബോർഡുകളാണ് കേരളാ കോൺഗ്രസിന് ലഭിക്കുന്നത്.

ന്യൂനപക്ഷ സ്കോളർഷിപ്പ് 80-20 അനുപാതവുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ക്രിസ്ത്യൻ വിഭാഗത്തിനെ പ്രതിനിധാനം ചെയ്യുന്ന മാണി ഗ്രൂപ്പിന് ന്യൂനപക്ഷ കോര്‍പ്പറേഷന്‍ നൽകിയതെന്നാണ് വിവരം. ന്യൂനപക്ഷങ്ങളിലെ രണ്ടാമത്തെ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാർട്ടിക്ക് ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ചെയർമാൻ സ്ഥാനം നൽകിയ തീരുമാനത്തിനെതിരെ മുസ്ലിം വിഭാഗത്തിന് എതിർപ്പുണ്ട്. ഐഎൻഎൽ എതിർപ്പ് മുന്നണിയെ അറിയിച്ചതായാണ് വിവരം.

അതേ സമയം ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ഭരണം കേരള കോൺഗ്രസ് എമ്മിന് നൽകിയതിൽ പരാതിയും എതിർപ്പുമില്ലെന്നാണ് വാർത്ത പുറത്ത് വന്നതോടെ ഐഎൻഎൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചത്. ഇക്കാര്യത്തിൽ ഐഎൻഎല്ലിൽ തർക്കമില്ലെന്നും മുന്നണിയിൽ കൂടുതൽ പാർട്ടികൾ വരുമ്പോൾ വിട്ടുവീഴ്ചകൾ വേണ്ടിവരുമെന്നുമാണ് മന്ത്രിയുടെ പ്രതികരണം.

”ഐഎൻ എൽ മുന്നണിക്ക് പുറത്തു നിൽക്കുമ്പോഴാണ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം എൽഡിഎഫ് നൽകിയത്. അതിന് ശേഷം മുന്നണിയുടെ ഭാഗമായപ്പോൾ മന്ത്രിസ്ഥാനം തന്നെ നൽകാൻ ഇടത് മുന്നണി തയ്യാറായി. കോർപ്പറേഷൻ പദവിയുമായി ബന്ധപ്പെട്ട് തർക്കമില്ലെന്നും വിലപേശൽ ഐഎൻഎൽ നയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടിയേരി ബാലകൃഷ്ണനെ കണ്ട് പ്രതിഷേധം അറിയിച്ചെന്ന വാർത്തകളിൽ യാഥാർത്ഥ്യമില്ലെന്ന് അറിയിച്ച അദ്ദേഹം, ചില ആവശ്യങ്ങൾക്ക് വേണ്ടി കോടിയേരിയെ കണ്ടുവെന്നും ചിലതെല്ലാം ഉന്നയിച്ചുവെന്നും വിശദീകരിച്ചു.

നഷ്ടമില്ലാതെ സിപിഐ

ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനം പൂർത്തിയാകുമ്പോൾ മുന്നണിയിലെ ചെറുകക്ഷികൾക്കാണ് നഷ്ടം ഉണ്ടായിരിക്കുന്നത്. അതേസമയം എൽഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ കഴിഞ്ഞ തവണ തങ്ങൾക്ക് ലഭിച്ച സ്ഥാനങ്ങൾ നിലനിർത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 17 സ്ഥാപനങ്ങളായിരുന്നു സിപിഐക്ക് ഉണ്ടായിരുന്നത്. ഇക്കുറി തങ്ങളുടെ കൈവശമുണ്ടായിരുന്ന കൃഷിവകുപ്പിലെ രണ്ട് സ്ഥാപനങ്ങൾ സിപിഎം ഏറ്റെടുത്തിരുന്നു. 15ൽ ഒതുങ്ങണമെന്ന സിപിഎം ആവശ്യം പക്ഷേ സിപിഐ അം​ഗീകരിച്ചില്ല. ഇതോടെ വ്യവസായ വകുപ്പിന് കീഴിലുള്ള രണ്ട് സ്ഥാപനങ്ങൾ കൂടി വിട്ടുകൊടുത്ത് സിപിഐയെ അനുനയിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർ‍ട്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close