NEWSWORLD

തനിയെ പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്ന നായയുടെ ചിത്രം വൈറല്‍; ട്രെയിനിലും ട്രാമിലും ബോട്ടിലും കയറിയുമുള്ള ഈയാത്ര ഇവന്റെ ജീവിതചര്യ


ഇസ്താംബൂള്‍: എല്ലാ കണ്ണുകളും അവനിലായിരുന്നു., ആ ബോട്ടിന്റെ ജനാലയ്ക്കരികില്‍ നിന്ന് കാഴ്ചകള്‍ ആസ്വദിച്ച് യാത്ര ചെയ്യുന്ന അവനിലായിരുന്നു. തിങ്ങി നിറഞ്ഞ ആ ബോട്ടിലെ ആളുകളുടെ മുഴുവന്‍ ശ്രദ്ധയും. യൂറോപ്പിനും ഏഷ്യയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ആ ബോട്ടിലെ എല്ലാവരുടെ ശ്രദ്ധാകേന്ദ്രമായ ഈ യാത്രക്കാരന്റെ പേരാണ് ബോജി.

തെരുവുനായ ആയ ബോജി കൃത്യമായി നടത്തുന്ന യാത്രയാണിത്. ഇവന്റെ യാത്ര ഈ ബോട്ടില്‍ മാത്രം ഒതുങ്ങുന്നില്ല. ട്രെയിനിലും ട്രാമിലും മെട്രോയിലും ബസിലും എല്ലാം ഇവന്‍ കയറി ഇറങ്ങുന്നുണ്ട്. എവിടെ നിന്ന് ഏതില്‍ കയറണം എവിടെ ഇറങ്ങണമെന്ന് എല്ലാം ഇവന് നല്ല നിശ്ചയമാണ്. യൂറോപ്പിലെ ഏറ്റവും തിരക്ക് പിടിച്ച മെട്രോ നഗരത്തില്‍ ഒന്നിലാണ് ഇവന്റെ ഈ ഏകാന്ത സവാരി.

എല്ലാ ദിവസവും ഇവന്‍ കൃത്യമായി മുപ്പത് കിലോമീറ്റര്‍ യാത്ര ചെയ്യുന്നതായി പൊതുഗതാഗത സംവിധാനത്തില്‍ ഇവന്റെ ഒപ്പം യാത്ര ചെയ്യുന്ന നിത്യയാത്രക്കാര്‍ പറയുന്നു. ദിവസവും 29 മെട്രോ സ്‌റ്റേഷനുകള്‍ ഇവന്‍ സന്ദര്‍ശിക്കുന്നുണ്ട്. നഗരത്തിന് പുറത്തുള്ള പ്രിന്‍സെസ് ദ്വീപില്‍ വാരാന്ത്യത്തിലും എത്തും.

കഴിഞ്ഞ രണ്ട് മാസമായി എല്ലാവരും സുന്ദരനായ ഇവന്റെ യാത്രകള്‍ നിരീക്ഷിക്കുകയാണ്. എല്ലാവര്‍ക്കും കൗതുകമായതോടെ ഇവന്റെ യാത്രകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവന്റെ ശരീരത്തില്‍ ഒരു ചിപ്പ് ഘടിപ്പിച്ചു. അതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവന്‍ എവിടെയെല്ലാം പോകുന്നുണ്ടെന്ന് വ്യക്തമായത്. പഴയ ഗതാഗത മാര്‍ഗമായ ട്രാമാണ് ഇവന് ഏറെ ഇഷ്ടം. എന്നാല്‍ മെട്രോയിലും ഇവന്‍ കയറി ഇറങ്ങുന്നു.

ഇവന് ഗതാഗത നിയമങ്ങള്‍ എല്ലാം അറിയാം. അതെല്ലാം കൃത്യമായി പാലിക്കുന്നുമുണ്ട്. യാത്രക്കാര്‍ ഇറങ്ങിയ ശേഷമേ ഇവന്‍ കയറാറുള്ളൂ. നഗരത്തിലെ പതിമൂന്ന് ലക്ഷം വരുന്ന നിത്യയാത്രക്കാരുടെ വിരസത അകറ്റുന്നത് സഹയാത്രികനായ ഇവനാണ്. നാട്ടുകാര്‍ പങ്ക് വച്ച ധാരാളം ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഇവന്റെ പേരില്‍ നിരവധി സാമൂഹ്യമാധ്യമ അക്കൗണ്ടുകളുമുണ്ട്. അമ്പതിനായിരത്തോളം ഫോളോവേഴ്‌സും ഇവന് സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close