INDIANEWS

ഗാൽവൻ താഴ്‌വരയിൽ സംഘർഷമുണ്ടായത് ഇന്ത്യ കാരണം; ചൈനീസ് പ്രദേശം ഇന്ത്യ കയ്യേറിയതാണ് പ്രശ്‌നത്തിന് കാരണമെന്ന് ചൈന; ചൈനയുടെ പരാമർശത്തെ തള്ളിക്കളഞ്ഞ് ഇന്ത്യ

ന്യൂഡൽഹി: നിയന്ത്രണ രേഖ (എൽഎസി) മറികടന്ന് കഴിഞ്ഞ വർഷം ഇന്ത്യ ഗാൽവൻ താഴ്‌വരയിൽ സംഘർഷമുണ്ടാക്കി എന്ന ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമർശത്തെ തള്ളിക്കളഞ്ഞ് ഇന്ത്യ. ചൈനയുടെ പ്രകോപനപരമായ പെരുമാറ്റമാണ് പതിറ്റാണ്ടുകളായി അതിർത്തിയിലെ ഏറ്റവും മോശമായ അക്രമത്തിലേക്ക് നയിച്ചത് എന്ന് ഇന്ത്യ പ്രതികരിച്ചു. കഴിഞ്ഞ വർഷത്തെ എൽഎസി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുതിയ അതിർത്തി മാനേജ്മെന്റ് പ്രോട്ടോക്കോളുകൾ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി, പിരിമുറുക്കങ്ങൾക്ക് ഇന്ത്യ കാരണമായെന്നും ചൈനീസ് പ്രദേശം ഇന്ത്യ കൈയേറിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് കുറ്റപ്പെടുത്തി.

ചൈനയുടെ പരാമർശം ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. കിഴക്കൻ ലഡാക്കിലെ എൽഎസിയിൽ കഴിഞ്ഞ വർഷം നടന്ന സംഭവവികാസങ്ങൾ സംബന്ധിച്ച ഞങ്ങളുടെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്, നമ്മുടെ എല്ലാ ഉഭയകക്ഷി കരാറുകളുടെയും ലംഘനമായി ചൈനീസ് പക്ഷത്തിന്റെ പ്രകോപനപരമായ പെരുമാറ്റവും ഏകപക്ഷീയമായ ശ്രമങ്ങളുമാണ് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമായത്. ഇത് ഉഭയകക്ഷി ബന്ധങ്ങളെയും ബാധിച്ചു എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

അതിർത്തിയിലെ ചൈനയുടെ കടന്ന് കയറ്റത്തിൽ പ്രതികരിച്ച് ചൈനീസ് ഉത്പന്നങ്ങളും നിരവധി ചൈനീസ് ആപ്ലിക്കേഷനുകളും ഇന്ത്യയിൽ സർക്കാർ നിരോധിച്ചിരുന്നു. കൂടാതെ അസ്വസ്ഥമായ സാഹചര്യങ്ങൾക്കിടയിൽ വ്യാപാരത്തിലും മറ്റ് മേഖലകളിലും ചൈനയുമായുള്ള ബന്ധം സാധാരണ നിലയിൽ തുടരാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close