NEWSWORLD

അഫ്​ഗാനിൽ ഇടപെടാനുറച്ച് ബ്രിട്ടൻ; അമേരിക്കൻ പ്രസിഡന്റിനെ ഫോണിൽ വിളിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ; അഫ്​ഗാനിലെ കഴിഞ്ഞ 20 വർഷത്തെ നേട്ടങ്ങൾ വലിച്ചെറിയരുതെന്നും ഓർമ്മപ്പെടുത്തൽ

ലണ്ടൻ: അഫ്​ഗാനിലെ കഴിഞ്ഞ 20 വർഷത്തെ നേട്ടങ്ങൾ വലിച്ചെറിയരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇന്നലെ രാത്രി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് ഫോണിൽ സംസാരിക്കവെയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഉപദേശം. താലിബാൻ ഭീകരതയിൽ നിന്ന് പാശ്ചാത്യരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബ്രിട്ടീഷ് പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റിനെ ഓർമ്മിപ്പിച്ചു. കാബൂളിൽ നിന്ന് യുഎസ് സൈനിക പിൻവാങ്ങലിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഇരുനേതാക്കളും ആശയവിനിമയം നടത്തി.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ബ്രിട്ടീഷ് പൗരന്മാരെയും ഉദ്യോ​ഗസ്ഥരെയും തിരിച്ചെത്തിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ചും ഇരുനേതാക്കളും ചർച്ച നടത്തി. കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ അഫ്ഗാനിസ്ഥാനിൽ നേടിയ നേട്ടങ്ങൾ നഷ്ടപ്പെടുത്താതിരിക്കേണ്ടതിന്റെയും തീവ്രവാദത്തിന്റെ ഭീഷണികളിൽ നിന്നും സംരക്ഷണം നേടേണ്ടതിന്റെ ആവശ്യകതയും ബോറിസ് ജോൺസൺ അമേരിക്കൻ പ്രസിഡന്റിനെ ഓർമ്മപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ മാനുഷിക പ്രതിസന്ധി തടയാൻ ആഗോള സമൂഹം ഒന്നിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രിയും പ്രസിഡന്റ് ബൈഡനും അംഗീകരിച്ചു. മേഖലയിലെ മാനുഷിക സഹായവും അഭയാർഥികളുടെ പുനരധിവാസവും ഉൾപ്പെടെയുള്ള ബ്രിട്ടീഷ് പദ്ധതികൾ പ്രധാനമന്ത്രി ബോറിസ് വിശദീകരിച്ചു.

കേവലം രണ്ടാഴ്ച്ചകൾ കൊണ്ടാണ് താലിബാൻ തീവ്രവാദികൾ അഫ്​ഗാൻ പൂർണമായും കീഴടക്കിയത്. അമേരിക്കയുടെ ആയുധങ്ങളും വാഹനങ്ങളും കൊള്ളയടിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ സായുധ ഭീകര സംഘം എന്ന പദവി താലിബാൻ നേടിയെടുത്തു. വെറും 85,000 പേരടങ്ങുന്ന താലിബാൻ സംഘം പരാജയപ്പെടുത്തിയത് 3,00,000 പേരടങ്ങുന്ന അഫ്ഗാൻ സൈന്യത്തെയാണ്. ഓരോ പ്രവിശ്യകളും കീഴടക്കി മുന്നേറുമ്പോൾ താലിബാന്റെ ആയുധ ശേഖരവും വിപുലമാകുകയായിരുന്നു.

അഫ്​ഗാൻ സേനയിൽ നിന്നും പിടിച്ചെടുത്ത ഓരോ ബാരക്കുകളും കൊള്ളയടിക്കപ്പെട്ട സൈനിക ഡിപ്പോയും, കീഴടങ്ങുന്ന അഫ്ഗാൻ സൈനികർ ഉപേക്ഷിച്ച പുതിയ ആയുധങ്ങളും ലഭിക്കുമ്പോൾ താലിബാന്റെ ആയുധശേഖരം വളരുകയായിരുന്നു. അഫ്ഗാനിസ്ഥാന്റെ സായുധ സേനയെ പിന്തുണയ്ക്കാൻ അമേരിക്ക നൽകിയ 83 ബില്യൺ ഡോളറിന്റെ ആയുധങ്ങളും വാഹനങ്ങളുമാണ് താലിബാൻ കൈപ്പിടിയിലൊതുക്കിയത്.

ആഴ്ചകൾക്കുമുമ്പ് താലിബാൻ പട്ടണത്തിൽ നിന്ന് പട്ടണത്തിലേക്ക് കുതിച്ചുകയറുന്നതിനിടയിൽ ചില രാജ്യങ്ങളെ അസൂയപ്പെടുത്തുന്ന ആയുധങ്ങളും ട്രക്കുകളും ഭീകര സംഘം സ്വന്തമാക്കിയിരുന്നു. അമേരിക്കൻ നിർമ്മിത വാഹനങ്ങളും ആയുധങ്ങളും പേറിയാണ് താലിബാൻ തീവ്രവാദികൾ കാബൂളിലേക്ക് മാർച്ച് ചെയ്തത്. ഇത് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ അമേരിക്കക്ക് നാണക്കേടായി. താലിബാൻ തീവ്രവാദികൾ കാബൂളിലേക്ക് യുഎസ് നിർമ്മിത ഹംവീസിൽ നിന്ന് വെളുത്ത പതാകകൾ വീശുകയും അമേരിക്കൻ ആക്രമണ റൈഫിളുകൾ പ്രയോഗിക്കുകയും ചെയ്തു. തീവ്രവാദികൾ അഫ്ഗാൻ പട്ടാളക്കാരിൽ നിന്ന് മോഷ്ടിച്ച കവചങ്ങളും ഹെഡ് ക്യാമറകൾ ഘടിപ്പിച്ച സമ്പൂർണ്ണമായ ഹെൽമെറ്റുകളും ധരിച്ചിരിക്കുന്നതും ചിത്രങ്ങളിൽ കാണാം.

താലിബാൻ നിയന്ത്രിക്കുന്ന ഡസൻ കണക്കിന് ഹംവീസിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അഫ്ഗാൻ സൈന്യത്തിന്റെ എല്ലാ നൂതന യുഎസ് സൈനിക ഉപകരണങ്ങളും കൈവശമായതോടെ താലിബാൻ ലോകത്തിലെ ഏറ്റവും മികച്ച സായുധ ഇസ്ലാമിക മതമൗലികവാദ ഗ്രൂപ്പായി മാറുകയായിരുന്നു. അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ താലിബാന്റെ പുതിയ ആയുധശേഖരത്തെ “വൻ” എന്ന് വിശേഷിപ്പിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാൻ സൈന്യം സായുധരായിരിക്കുമ്പോഴും, അമേരിക്കയുടെ പെട്ടെന്നുള്ള വിടവാങ്ങലും നേതൃത്വത്തിന്റെ അഭാവവും അവരുടെ ആത്മവിശ്വാസം കെടുത്തി. അതിനാൽ അവർ താലിബാന് കീഴടങ്ങുകയായിരുന്നു.

താലിബാന്റെ കാബൂളിലേക്കുള്ള മാർച്ചിനിടെ പുറത്തുവിട്ട ചിത്രങ്ങൾ യുഎസ് നിർമ്മിത തോക്കുകളുടെ വലിയ ശേഖരം അവർ വഹിക്കുന്നത് വ്യക്തമാക്കുന്നു. തീവ്രവാദികളുടെ പ്രിയപ്പെട്ട എകെ – 47 ഉപേക്ഷിച്ച്, ചില പോരാളികൾ എം -16, എം – 4 റൈഫിളുകളോ എം-249, എം- 240 മെഷീൻ ഗണ്ണുകളോ ഉപയോ​ഗിക്കുന്നതും കാണാം. താലിബാൻ പുറത്തുവിട്ട ചില ചിത്രങ്ങൾ അവരുടെ പോരാളികൾ ഭയപ്പെടുത്തുന്ന സ്കാർ-എച്ച്, എസ്എഎസും റോയൽ മറൈൻസും സാധാരണയായി ഉപയോഗിക്കുന്ന ആയുധങ്ങളും കൈവശമുണ്ടെന്ന് വ്യക്തമാക്കുന്നു.

സോവിയറ്റ് യൂണിയന്റെ അധിനിവേശത്തിനെതിരെ പൊരുതിയ അഫ്ഗാൻ മുജാഹിദീനുകളുടെ ഇടയിൽ നിന്ന് 1994ൽ അഫ്ഗാനിസ്ഥാനിലെ തെക്കൻ നഗരമായ കാണ്ടഹാറിൽ രൂപം കൊണ്ട സംഘടനയാണ് താലിബാൻ. പഷ്തൂൺ വംശജർക്കു മേധാവിത്വമുള്ള തീവ്രനിലപാടുകാരായ സംഘടനയ്‌ക്കെതിരെ (പഷ്‌തോ ഭാഷയിൽ താലിബാൻ എന്നാൽ വിദ്യാർത്ഥികൾ എന്ന് അർഥം) വടക്കൻ മേഖലയിൽ പഷ്തൂൺ ഇതര സായുധ വിഭാഗങ്ങൾ ചെറുത്തുനിന്നു.

എന്നാൽ ആഭ്യന്തര യുദ്ധത്തിൽ താറുമാറായ രാജ്യത്ത് സ്ഥിരതയും സമാധാനവും തിരിച്ചുകൊണ്ടുവരുമെന്ന താലിബാന്റെ വാഗ്ദാനം ജനങ്ങളിൽ മതിപ്പുണ്ടാക്കി. സോവിയറ്റ് താൽപ്പര്യങ്ങൾക്കെതിരെ പോരാടാൻ അമേരിക്ക ആയുധം നൽകി വളർത്തിയവർ സ്വന്തം വഴി കണ്ടെത്തി. അവർ ആയുധങ്ങൾ കൊണ്ട് അധികാര വഴിയിലേക്ക് നീങ്ങുകയായിരുന്നു. പിറവി കൊണ്ടു രണ്ടു വർഷത്തിനകം 1996ൽ, കാബൂൾ പിടിച്ചെടുത്ത താലിബാൻ 5 വർഷമാണ് അഫ്ഗാൻ ഭരിച്ചത്.

അൽഖായിദ തലവൻ ഉസാമ ബിൻ ലാദന് അഭയം കൊടുത്ത താലിബാനെ 2001ൽ യുഎസ് സേന പുറത്താക്കി. ന്യൂയോർക്കിൽ സെപ്റ്റംബർ 11 ന് അൽ ഖായിദ നടത്തിയ ഭീകരാക്രമണത്തിനു പിന്നാലെയായിരുന്നു യുഎസിന്റെ അഫ്ഗാനിസ്ഥാൻ ആക്രമണം. യുഎസ്‌നാറ്റോ സേനാ അധിനിവേശത്തോടെ താലിബാൻ അംഗങ്ങൾ പലതായി പിരിഞ്ഞു പാക്കിസ്ഥാനിലേക്കും പാക്ക്അഫ്ഗാൻ അതിർത്തിമേഖലയിലേക്കും പിൻവാങ്ങിയെങ്കിലും കഴിഞ്ഞ 20 വർഷത്തിനിടെ വീണ്ടും പുനഃസംഘടിപ്പിക്കപ്പെട്ട് കരുത്തു നേടി. ഗറിലായുദ്ധമുറയാണ് താലിബാന്റെ കരുത്ത്.

1996 -2001 ഭരണകാലത്ത് താലിബാൻ കർശനമായ നിയമങ്ങളാണു നടപ്പിലാക്കിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയുകയും സ്ത്രീകളെ പൊതുസ്ഥലത്തു വിലക്കുകയും ചെയ്തു. സംഗീതവും സിനിമയും ടിവിയും വിലക്കി. കല്ലെറിഞ്ഞുകൊല്ലൽ അടക്കമുള്ള ക്രൂരമായ ശിക്ഷാരീതികളും പൊതുസ്ഥലത്തു വധശിക്ഷ നടപ്പിലാക്കുന്ന സമ്പ്രദായവും കൊണ്ടുവന്നു. 2001ൽ മധ്യ അഫ്ഗാനിസ്ഥാനിലെ ബാമിയാൻ ബുദ്ധപ്രതിമകൾ തകർത്ത സംഭവമാണു താലിബാന് ഏറ്റവും കുപ്രസിദ്ധി നേടിക്കൊടുത്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close