INSIGHTNEWS

മാമനോടൊന്നും തോന്നല്ലേ മക്കളേ! ഇതൊക്കെ സർവ്വ സാധാരണമല്ലേ…വിശക്കുന്നവന് ആഹാരം മാത്രമല്ല കുപ്പിച്ചില്ലും നൽകും;തുടരെത്തുടരെ ഉണ്ടാകുന്ന ആരോപണങ്ങളിലും പരാതികളിലും നിലകിട്ടാതെ തിരുവല്ല ഹോട്ടൽ എലൈറ്റ് കോണ്ടിനെന്റൽ

ദീപ പ്രദീപ്

വിശക്കുന്നവന് ആഹാരം നൽകുന്നതിലും വലിയ പുണ്യമൊന്നുമില്ലെന്നാണ് പറയുന്നത്.ആഹാരം ദൈവമാണ്,ആഹാരം നൽകുന്നവന് ദൈവത്തിന് സമനും.മാനവികതയ്ക്ക് ഊന്നൽ നൽകുന്ന ഇത്തരത്തിൽ ഒരു കാഴ്ച്ചപ്പാടിലൂടെയാണ്. കേരള ജനതയുടെ സംസ്കാരം നീണ്ടുനിവർന്നു കിടക്കുന്നത്.എങ്കിൽപ്പോലും നമ്മുടെ രാജ്യത്തെ ദരിദ്രരുടെയും പട്ടിണിപ്പാവങ്ങളുടെയും എണ്ണം ദിനം പ്രതിവർധിച്ചു കൊണ്ടിരിക്കുകയാണ്.കാശിന്റെ ഹുങ്കിന്റെ പുറത്ത് ആഡംബര ഹോട്ടലുകളിൽ വെച്ചുണ്ടാക്കുന്നതൊക്കെ വാരിവലിച്ച് കഴിച്ച് നീളത്തിൽ ഏമക്കവും വിട്ട് പുറത്തിറങ്ങി ചെറിയ ഭക്ഷണശാലകളെയും ഹോട്ടലുകളെയും കുറ്റം പറഞ്ഞ് നടക്കുന്നവർ ഫൈവ്സ്റ്റാർ ഹോട്ടലുകളുടെയും മറ്റും പിന്നാമ്പുറങ്ങളിൽ നടക്കുന്ന പലതിനെയും അറിയാതെ പോവുകയാണ്.ആഹാരങ്ങളിലെ മായവും കാലപ്പഴക്കവും അറിയാതെയെങ്കിലും വിസ്മരിക്കുമ്പോൾ പിന്നാലെ ചില ഓർമ്മപ്പെടുത്തൽപ്പോലെ പ്രശ്നങ്ങളും കടന്നുവരാം.

നല്ല ഒന്നാന്തരം പണി തന്നതിന് ശേഷം ആക്കി പറയാൻ പറ്റിയ ഡയലോഗ് ആണ് മാമനോടൊന്നും തോന്നല്ലേ മക്കളേ എന്ന ന്യൂജനറേഷൻ പ്രയോഗം. ഇതിപ്പോൾ പറയുന്നത് ആകട്ടെ തിരുവല്ലയിലെ തന്നെ പേരുകേട്ട ഹോട്ടൽ ആയ എലൈറ്റ് കോണ്ടിനെന്റൽ.തുടരെത്തുടരെ ഉണ്ടാകുന്ന ആരോപണങ്ങളിൽ നിന്നും പരാതികളിൽ നിന്നും ഇവർ എങ്ങനെ തടിയൂരുന്നു എന്നത് ദൈവത്തിന് പോലും അറിയാത്ത സാഹചര്യമാണ് നിലവിവൽ ഉള്ളത്.ന​ഗരമധ്യത്തിൽ തലയുയർത്തി നിൽക്കുന്ന ഹോട്ടലിനെതിരെ നാളുകളായി കടുത്ത പരാതികളാണ് ഉയരുന്നത്. ആഹാരത്തിലെ ക്രമക്കേടുൾപ്പെടെ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം വരെ നീണ്ട ഒരു പരാതി പട്ടികത്തന്നെ ഹോട്ടലിനെതിരെയുണ്ട്.

എലൈറ്റ് കോണ്ടിനെന്റലിൽ നിന്നും ബിരിയാണിയിൽ നിന്ന് കുപ്പിച്ചില്ല് കിട്ടുന്നത് 2017 ഒക്ടോബർ 11 നാണ്.അന്ന് അതിന് ഇരയായ യുവാവ് ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തന്റെ അഭിപ്രായവും പരാതിയും രേഖപ്പെടുത്തുകയായിരുന്നു.2017ൽ നടന്ന സംഭവത്തിന് ശേഷം യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്…..

ഞാൻ ഇവിടെ പ്രതിപാദിക്കുവാൻ പോകുന്ന വിഷയം എനിക്ക് വ്യക്തിപരമായി ഉണ്ടായ ഒരു ദുരനുഭമാണ്. വീണ്ടും മറ്റുള്ളവർക്ക് ഉണ്ടാകാതിരിക്കാനും ഇത്തരം കപട നാണയങ്ങളെ തുറന്നു കാട്ടുവാനും ഇത് എഴുതുന്നത്. 11 ഒക്ടോബർ 2017 ഞാനും കുടുംബവും ഹോട്ടൽ കെ.ജി.എ എലൈറ്റ് കോണ്ടിനെറ്റൽ തിരുവല്ല ഉച്ചഭക്ഷണത്തിന് കയറുകയും, കൂടെയുള്ളവർ മിൽസും ഞാൻ ഒരു ബിരിയാണിക്ക് ഓർഡർ ചെയ്യുകയും ചെയ്തു.

ബിരിയാണി ഞാൻ കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തൊണ്ടയിൽ എന്തോ കുടുങ്ങിയതായി എനിക്കു സംശയം തോന്നുകയും വേഗത്തിൽ ഞാൻ ഛർദ്ദിക്കുകയും ചെയ്തു. ശർദ്ദിന്റെ കൂട്ടത്തിൽ ബ്ലഡ് കണ്ടപ്പോൾ എനിക്ക് ഭയം അനുഭവപ്പെടുകയും ഞാൻ അത് ശ്രദ്ധിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ കഴിച്ച ആഹാരം സാധനത്തിന്റെ കൂട് ഒരു വലിയ കഷണം ബിയർ ബോട്ടിൽ കുപ്പിച്ചില്ലും ഉണ്ടായിരുന്നുവെന്ന്.

സമചിത്തത വീണ്ടെടുത്ത് ഞാൻ ഈ കാര്യം ഹോട്ടൽ അധികാരികളുമായി സംസാരിക്കുകയും ഞാൻ പണം കൊടുത്തു മേടിച്ച ആഹാരത്തിൽ മരണം വരെ സംഭവിക്കാവുന്ന ഒരു അനാസ്ഥ ഹോട്ടൽ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു എന്ന് അവരെ വിനയപൂർവ്വം അറിയിക്കുകയും ചെയ്തു .പ്രശ്നം ഒതുക്കി തീർക്കുവാൻ അവർ പല വാഗ്ദാനങ്ങളും തന്നു. പക്ഷേ ഒരു ഉപഭോക്താവ് എന്ന നിലയിൽ എനിക്ക് ലഭിക്കേണ്ട ന്യായമായ നീതി അവിടെ നിഷേധിക്കപ്പെട്ടു .

ഒരു 4 സ്റ്റാർ ഹോട്ടൽ ആണ് അത് എന്ന് വിസ്മരിച്ചുകൂടാ.. കാരണം അതിൽ ഏറ്റവും പ്രധാനമായി ഹോട്ടൽ അധികാരികൾ പറഞ്ഞു ഒരു വാചകമാണ് .. ഹോട്ടൽ ഫീൽഡ് ഒക്കെ ആകുമ്പോൾ ഇതൊക്കെ പതിവാണ്.. ഇതാണ് എന്നെ ഇത്തരത്തിലുള്ളൊരു കുറിപ്പ് എഴുതുവാൻ പ്രേരിപ്പിച്ച ഘടകം. കഴിച്ച ആഹാരത്തിന്റെ പണം നൽകിയ ശേഷം വയറിന് അസ്വസ്ഥതയും ഉണ്ടായ ഞാൻ ആശുപത്രിയിൽ പോവുകയും ഡോക്ടർ പറഞ്ഞത് അനുസരിച്ച് രണ്ടു മണിക്കൂർ നിരീക്ഷണത്തിലും ആയിരുന്നു. മറ്റ് കുപ്പിച്ചില്ല്ന്റെ അംശം ഉദരത്തിൽ ഉണ്ടായിരിക്കാം എന്ന ആശങ്കയിൽ ഡോക്ടർ എനിക്ക് പരിശോധനയ്ക്ക് ഉള്ള മരുന്ന് തന്ന് കൂടുതൽ ബുദ്ധിമുട്ടുകൾ വല്ലതുമുണ്ടെങ്കിൽ തീർച്ചയായും വന്നു കാണണം എന്ന് പറഞ്ഞു .

എനിക്ക് ഉണ്ടായ ഈ ദുരവസ്ഥ നിങ്ങൾക്ക് ആർക്കും ഉണ്ടാകാതിരിക്കാനും ഇനിയുമൊരു ഹോട്ടൽ അധികാരികളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള വഞ്ചനയും ,അഹന്തയും കാണിക്കാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഈ പോസ്റ്റ് എഴുതുന്നത്. ആ കുപ്പിച്ചില്ല് അബദ്ധവശാൽ വിഴുങ്ങി ഇരുന്നെങ്കിൽ ചിലപ്പോൾ എന്റെ ജീവൻ വരെ നഷ്ടപ്പെട്ടു എന്നു വരാം .

ഞാൻ ഈ വിഷയം ബന്ധപ്പെട്ട് സർക്കാർ അധികാരികളിൽ അറിയിക്കുകയും അവർ ന്യായമായ നടപടിയെടുക്കുകയും ചെയ്യും എന്നു വിശ്വസിക്കുന്നു .എന്റെ മൊബൈൽ നമ്പർ താഴെ കൊടുക്കുന്നു കൂട്ടത്തിൽ എനിക്ക് ലഭിച്ച കുപ്പി ചില്ലിന്റെ ഫോട്ടോകൾ ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു. കസ്റ്റമർ ആണ് ഏറ്റവും വലിയ സമ്പാദ്യം എന്ന് ഓരോ ഹോട്ടലുടമകളും ചിന്തിക്കുവാൻ ഈ പോസ്റ്റ് ഉതകട്ടെ…

മേൽപ്പറഞ്ഞ ഹോട്ടലിൽ നിങ്ങൾ എപ്പോഴെങ്കിലും ആഹാരം കഴിക്കുവാൻ കയറുന്നുവെങ്കിൽ തീർച്ചയായും സ്വന്തം ജീവനെ കരുതി ഒന്ന് ചിന്തിക്കണം.

10,000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി ചെലവുമടക്കം ഹോട്ടൽ ഉടമ നൽകണം എന്ന കോന്നി വകയാർ കുളത്തുങ്കൽ വീട്ടിൽ ഷൈലേഷ് ഉമ്മൻ 2017 ൽ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഫയൽ ചെയ്ത കേസിലാണ് വിധി ഉണ്ടായിരിക്കുകയാണ് ഇപ്പോൾ.

സംഭവം ഇവിടെ അവസാനിക്കുന്നില്ല.മൂന്ന് വർഷങ്ങൾക്ക് ശേഷവും ഹോട്ടലിനെതിരെയുള്ള ശബ്ദം വീണ്ടും ഉയർന്നു.ഇത്തവണ ആഹാരത്തിന്റെ പേരിലല്ല,കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന്റെ പേരിലാണ് എലൈറ്റ് കോണ്ടിനെന്റൽ പ്രതികൂട്ടിലായത്.2020 ഒക്ടോബർ 11നാണ് കേസിന് ആസ്പധമായ അടുത്ത സംഭവം അരങ്ങേറുന്നത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത് താളം തെറ്റിയതോടെയാണ് ഹോട്ടലിന് പണികിട്ടിയത്. പല സമയത്തേക്ക് വരാനായി ക്ഷണിക്കപ്പെട്ടവർ എല്ലാം ഒരേ സമയത്ത് വന്നതോടെ കോവിഡ് പ്രോട്ടോക്കോൾ മറി കടക്കപ്പെട്ടു.

കൂട്ടത്തിലുണ്ടായിരുന്ന ആരോ ഒരാൾ അവസരമൊട്ടും പാഴാക്കിയില്ല. വീഡിയോ ഷൂട്ട് ചെയ്ത് ജില്ലാ കലക്ടർക്ക് അയച്ചു കൊടുത്തു. കലക്ടറുടെ നിർദേശ പ്രകാരം പൊലീസ് കോവിഡ് മാനദണ്ഡം ലംഘിച്ചതിന് വധു-വരന്മാരുടെ മാതാപിതാക്കൾക്കും വിവാഹ ചടങ്ങ് നടന്ന നക്ഷത്ര ഹോട്ടൽ ഉടമയ്ക്കുമെതിരേ കേസ് എടുത്തു.85 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ ലഭിച്ച പശ്ചാത്തലത്തിലാണ് ചടങ്ങുമായി ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കാൻ ജില്ലാ കലക്ടർ പിബി നൂഹ് നിർദ്ദേശം നൽകിയത്. ഹോട്ടൽ ഉടമയെ കൂടാതെ മഞ്ഞാടി സ്വദേശിനിയായ വധുവിന്റെയും രാമൻചിറ സ്വദേശിയായ വരന്റെയും മാതാപിതാക്കൾക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

വർഷങ്ങൾക്ക് ശേഷം 2017 ൽ നടന്ന കേസിന്റെ വിധി ഇപ്പോൾ വന്നിരിക്കുകയാണ്.പരാതി ബോധിപ്പിച്ചയാളോട് ഹോട്ടൽ ഉടമ പറ‍ഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ഇവിടെ പ്രസക്തമാകുന്നത്.ഇതൊക്കെ സർവ്വ സാധാരണമാണ്.അതേ, ഇനിയും ഇങ്ങനെ കുപ്പിച്ചിലും പ്രോട്ടോക്കോൾ ലംഘനവുമൊക്കെ നടക്കാം…സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട….

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close