INSIGHT

സഹോദരൻ അയ്യപ്പന്റെ നൂറ്റിമുപ്പത്തിരണ്ടാമത് ജന്മദിനം ; വർഷങ്ങൾക്കിപ്പുറം കേരളത്തിലെ ജാതി ചിന്തകൾ

“ജാതി വ്യത്യാസം ശാസ്ത്രവിരുദ്ധവും ദോഷകരവും അനാവശ്യവുമായതുകൊണ്ട് അതിനെ ഇല്ലാതാക്കാൻ നിയമവിരുദ്ധമല്ലാത്തവിധം കഴിയുന്നതൊക്കെ ചെയ്യാമെന്ന് ഞാൻ പൂർണ മനസാലേ സമ്മതിച്ച് സത്യം ചെയ്യുന്നു”

1917ൽ മിശ്രഭോജനത്തിന് മുമ്പ് അയ്യപ്പൻ ചൊല്ലിയ സത്യവാചകം ആണിത്. വർഷങ്ങൾ കഴിഞ്ഞുപോയി. മിശ്രഭോജനത്തിന്റെ 100 വർഷങ്ങൾ നമ്മൾ ആചരിച്ചു. കേരളം സമ്പൂർണ സാക്ഷരത കൈവരിച്ചു എന്ന് നമ്മൾ അഭിമാനപ്പെട്ടു. അപ്പോഴും ‘ജാതി’ ജാതിയായി തന്നെ തുടരുന്നു.

മിശ്രഭോജനം സംഘടിപ്പിച്ച സഹോദരൻ അയ്യപ്പന്റെ 132 ആം ജന്മദിനമാണിന്ന്. 1889 ഓഗസ്റ്റ് 21ന് ആണ് ചെറായിയിൽ അദ്ദേഹം ജനിച്ചത്. ചിലയിടത്ത് അദ്ദേഹത്തിന്റെ ജന്മദിനം ഓഗസ്റ്റ് 22 ആണെന്നും പറയുന്നു. തിരുവോണവും അദ്ദേഹത്തിന്റെ ജന്മദിനവും യാദൃശ്ചികമായി ഒത്തുവന്നതാണെങ്കിലും ജാതിയെക്കുറിച്ച് ഒന്ന് ചിന്തിക്കാൻ അത് പ്രേരിപ്പിക്കുന്നുണ്ട്.

ഓണക്കാലത്തെ മലയാളികളുടെ പ്രധാന കാര്യമാണ് ‘ഭോജനം’. ‘കാണം വിറ്റും ഓണം ഉണണം’ എന്ന് കരുതുന്ന നമ്മൾ കഴിയുന്നത്ര കറിക്കൂട്ടുകളുമായി ഓണസദ്യ ഒരുക്കുന്നത് എല്ലാ ഓണക്കാലത്തെയും ശീലമാണ്. സഹോദരൻ അയ്യപ്പനെയും ചരിത്രത്തിൽ ശ്രദ്ധേയനാക്കുന്നത് ‘ഭോജനം’ തന്നെയാണ്. ഒരു നൂറ്റാണ്ട് മുമ്പ് അദ്ദേഹം നടത്തിയ മിശ്രഭോജനത്തിന് ഇന്നും പ്രാധാന്യം ഉള്ളത് ജാതി നിലനിൽക്കുന്നു എന്നതിനാൽ തന്നെയാണ്.

കേരളത്തിലെ ജാതിയുടെ നിലനിൽപ്പിനെ സംബന്ധിച്ച് ഉദാഹരണങ്ങൾ നിരത്താൻ പ്രയാസമായിരിക്കും. ചില ‘ദുരഭിമാന കൊലകൾ’ ഒഴികെ മറ്റൊന്നും തെളിവുകൾ സഹിതം പറയുക കഷ്ടമാണ്. അപ്പോഴും ജാതി ഉണ്ടെന്ന് മനസിലാക്കാം. അത് ആ കേസുകളിൽ പെട്ടവരുടെ മാത്രം പ്രശ്നം അല്ലേയെന്ന് ചോദിക്കാം. എന്നാൽ ‘അല്ല’ എന്നാണ് ഉത്തരം.

ജാതി അധിക്ഷേപം എവിടുന്നെങ്കിലും കേൾക്കാത്ത ഒരാളെങ്കിലും ഉണ്ടോ? പ്രത്യേകിച്ചു ‘സവർണ’ സമൂഹം താഴ്ന്ന ജാതി എന്ന് വിലയിരുത്തുന്നവരിൽ. അവരിൽ എല്ലാർക്കും തങ്ങൾ ജാതികൊണ്ട് നേരിട്ട പ്രശ്‌നങ്ങൾ പറയാനുണ്ടാവും. അതെങ്ങും രേഖപ്പെടുത്തുന്നില്ല എന്നതിനാൽ അങ്ങനെ ഉണ്ടായിട്ടില്ല എന്ന് പറയാൻ കഴിയില്ലലോ. ‘നായാട്ട്’, ‘കള’, ‘ഒഴിവുദിവസത്തെ കളി’ എന്നിങ്ങനെയുള്ള സിനിമകൾ ഈയടുത്ത കാലങ്ങളിൽ ഇറങ്ങിയത് ആണെന്ന് ഓർക്കണം.

അതുപോലെ, പല ജാതിപ്പേര് വെച്ച മാട്രിമോണി സൈറ്റുകൾ. അതിന്റെ സ്വീകാര്യത. ഇതും ജാതി ഉണ്ട് എന്നതിന്റെ ഉദാഹരണം തന്നെയല്ലേ. ഇങ്ങനെ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ മാത്രം ജാതി തെളിയുന്നു എന്നത് മാത്രമാണ് അക്കാലവും ഇക്കാലവും തമ്മിലുള്ള പ്രകടമായ മാറ്റം അല്ലെങ്കിൽ നമ്മൾ പറയുന്ന മാറ്റം.

ഇതൊക്കെയും കേരളത്തിലെ മാത്രം കാര്യങ്ങളാണ്. ഇന്ത്യ മുഴുവൻ പരിശോധിക്കുമ്പോൾ ഇതിന്റെ ഇരട്ടി കാര്യങ്ങൾ പ്രകടമായി കാണാൻ പറ്റും. ജാതി മാത്രമാണ് പ്രശ്നം എന്ന് പറയുന്നില്ല, എന്നാൽ അത് ഒരു പ്രധാന പ്രശ്നം തന്നെയാണ്. കാലങ്ങൾ ഇത്രയും കഴിഞ്ഞിട്ടും അത് മാറുന്നില്ല എന്നത് തന്നെയാണ് ഇത് സൂചിപ്പിക്കാൻ കാരണം.

അതിനാൽ തന്നെ ‘മിശ്രഭോജനം’ നടത്തിയ സഹോദരൻ അയ്യപ്പന്റെ ജന്മദിനവും ‘ഭോജന’ത്തിന് ഏറെ പ്രാധാന്യമുള്ള തിരുവോണവും ഒരുമിച്ചു വരുന്നത് ഒരോർമപെടുത്തലായി കരുതി മേൽപറഞ്ഞ പ്രതിജ്ഞ എടുക്കാൻ നമ്മുക്ക് ശ്രമിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close