KERALANEWSTop News

ആലപ്പുഴയിൽ നറുക്കെടുപ്പിലൂടെ ഫലപ്രഖ്യാപനം; തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻതൂക്കം; 15 വാർഡുകളിൽ 8 ഇടത്ത് എൽഡിഎഫിനും 7 ഇടത്ത് യുഡിഎഫിനും വിജയം

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻതൂക്കം. 15 വാർഡുകളിൽ 8 ഇടത്ത് എൽഡിഎഫും 7 ഇടത്ത് യുഡിഎഫും വിജയിച്ചു. കണ്ണൂർ ആറളത്ത് മികച്ച വിജയം എൽഡിഎഫിന് മുൻതൂക്കം നൽകി. ആലപ്പുഴ മുട്ടാറിൽ യുഡിഎഫും എൽഡിഎഫും തുല്യത പാലിച്ചതോടെ വിജയിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

കണ്ണൂർ- കണ്ണൂരിലെ ആറളത്തെ വീർപ്പാട് വാർഡിൽ അട്ടിമറി വിജയത്തോടെ പഞ്ചായത്ത് ഭരണം പടിച്ചെടുക്കാമെന്ന യുഡിഎഫ് പ്രതിക്ഷകളെ 137 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഇടതുമുന്നണി മറുപടി നൽകിയത്. കഴിഞ്ഞ തവണ 8 വോട്ടിന് പരാജയപ്പെട്ട സുരേന്ദ്രൻ പാറക്കത്താഴത്തെ തന്നെ യുഡിഎഫ് വീണ്ടും മത്സരിപ്പിച്ചെങ്കിലും പരാജയം കനത്തതായി.

വയനാട്- സുൽത്താൻ ബത്തേരി നഗരസഭയിലെ പഴേരി ഡിവിഷൻ യൂഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. 112 വോട്ടിന് സിപിഎമ്മിലെ എസ്.രാധാകൃഷ്ണനാണ് വിജയിച്ചത്. ഇതോടെ 35 അംഗ മുൻസിപ്പാലിറ്റിയിൽ എൽഡിഎഫിന് 24 അംഗങ്ങളായി. എൽഡിഎഫ് 547 വോട്ടുകളും യുഡിഎഫ് 435 വോട്ടുകളും നേടി.

കോഴിക്കോട്- വളയം ഗ്രാമ പഞ്ചായത്തിലെ കല്ലുനിര വാർഡ് 196 വോട്ട് അധികം നേടി കെടി ഷബിനയിലൂടെ എൽ ഡി എഫ് നിലനിർത്തിയെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. 327 വോട്ടിന്റെ ഭൂരിപക്ഷം നേരത്തെയുണ്ടായിരുന്നു.

മലപ്പുറം: മലപ്പുറത്ത് നാലിൽ മൂന്നും നേടിയ യുഡിഎഫിനാണ് മുൻതൂക്കം. തലക്കാട് ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ഇടതു മുന്നണി വിജയിച്ചു. സിപിഐഎമ്മിലെ കെ.എം.സജ്‌ല 204 വോട്ടുകൾക്കാണ് വിജയിച്ചത് ഇതോടെ സീറ്റ് നില. എൽഡിഎഫ് 10, യുഡിഎഫ് 8, ബിജെപി 1 എന്നിങ്ങനെയായി. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് വഴിക്കടവ് ഡിവിഷൻ സിപിഎമ്മിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. മുസ്ലീം ലീഗിലെ ഏലക്കാടൻ ബാബു 238 വോട്ടുകൾക്കാണ് വിജയിച്ചത്. ചെറുകാവ് പഞ്ചായത്ത് പത്താം വാർഡ് ചേവായൂരിൽ 309 വോട്ടിന് യുഡിഎഫ് സ്ഥാനാർത്ഥി കെ.വി.മുരളീധരൻ വിജയിച്ചു. ഇതോടെ യുഡിഎഫ് ഭരണം നിലനിർത്തി.വണ്ടൂർ ഗ്രാമപഞ്ചായത്തിൽ ഒൻപതാം വാർഡ് യു.ഡി.എഫ് നിലനിർത്തി. കോൺഗ്രസിലെ യു. അനിൽകുമാർ 84 വോട്ടിനാണ് വിജയിച്ചത്.

എറണാകുളം- കോതമംഗലം വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പതിമൂന്നാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ഷജി ബെസി എൽഡിഎഫിൽ നിന്നും പിടിച്ചെടുത്തു. വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് ഇടതുമുന്നണി നിലനിർത്തിയതോടെ ഭരണമാറ്റ ആശങ്കയൊഴിഞ്ഞു.

ആലപ്പുഴ- മുട്ടാറിൽ യുഡിഎഫും എൽഡിഎഫും 168 വോട്ടുകൾ നേടി തുല്യനില പാലിച്ചതോടെ നറുക്കെടുപ്പ് നടത്തി. ഭാഗ്യം എൽഡിഎഫ് സ്ഥാനാർഥി ആന്റണിക്കൊപ്പം നിന്നു. ഇവിടെ 5 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്.

കോട്ടയം- കോട്ടയം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ഏലിക്കുളം പഞ്ചായത്തിലെ ഇളങ്ങുളം വാർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ജയിംസ് ചാക്കോ ജീരകത്ത് 159 വോട്ടിനാണ് വിജയിച്ചത്.കേരള കോൺഗ്രസ് എം ലെ ടോമി ഇടയോടിയിലിനെയാണ് തോൽപ്പിച്ചത്. കോൺഗ്രസിൽനിന്നു രാജിവച്ചു സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ജോജോ ചീരാംകുഴി അന്തരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കാലങ്ങളായി യുഡിഎഫിനൊപ്പം നിന്നതാണ് വാർഡ്. വിജയം തിരിച്ചു പിടിക്കേണ്ടത് യുഡിഎഫിന് അഭിമാന പ്രശ്‌നമായിരുന്നു. അതേസമയം ശക്തി കേന്ദ്രമായ പാലാ നിയോജക മണ്ഡലത്തിലെ ഒരു പഞ്ചായത്ത് വാർഡിൽ പോലും ഇനി തോൽക്കരുതെന്ന വാശിയിലാണ് കേരള കോൺഗ്രസ് (എം).

പത്തനംതിട്ട- പത്തനംതിട്ട കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് ഇരുപതാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. എൽ.ഡി.എഫിലെ അലക്‌സാണ്ടർ ഡാനിയേൽ മുന്നൂറ്റി ഇരുപത്തിമൂന്ന് വോട്ടിന്റ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു.ഡി.എഫിന്റെ സിറ്റിങ്ങ് സീറ്റാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. ഗ്രാമ പഞ്ചായത്തിലെ ആകെയുള്ള ഇരുപത് സീറ്റിൽ എൽ.ഡി.എഫിന് പതിനൊന്ന് സീറ്റായി.

തിരുവനന്തപുരം- നെടുമങ്ങാട് നഗരസഭയിലെ പതിനാറാംകല്ല് വാർഡ് എൽഡിഎഫ് നിലനിർത്തി. സ്ഥാനാർത്ഥി എസ് രാധാകൃഷ്ണൻ 112 വോട്ടുകൾക്കാണ് വിജയിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close