Breaking NewsINSIGHTNEWSTop News

കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനശിലയിട്ട സി അച്ചുതമേനോൻ; പ്രിയ ഭരണാധികാരിയുടെ ഓർമ്മയിൽ കേരളം; അച്ചുതമേനോൻ ചെയ്ത എട്ട് വലിയ തെറ്റുകൾ ഇങ്ങനെ..

കോട്ടയം: ഇന്ന് കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയും എഴുത്തുകാരനും സി അച്യുതമേനോന്റെ ചരമവാർഷിക ദിനം. സിപിഐ നേതൃത്വത്തിൽ അധികാരത്തിലെത്തിയ ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്നു അച്ചുതമേനോൻ. വികസനപാതയിൽ കേരളത്തെ നയിച്ച ക്രാന്തദർശിയായ ഭരണാധികാരി എന്ന നിലയിലാണ് അച്ചുതമേനോൻ അറിയപ്പെടുന്നത്. 1991 ഓഗസ്റ്റ് 16-ന് തന്റെ 78-ാം വയസ്സിലായിരുന്നു അച്ചുതമേനോൻ ഈ ലോകത്ത് നിന്നും വിട പറഞ്ഞത്.

ലാളിത്യം കൊണ്ട് വിസ്മയം തീർത്ത സി അച്ചുതമേനോൻ

മുഖ്യമന്ത്രി പദം ഒഴിഞ്ഞ ശേഷം ഒരു ട്രങ്ക് പെട്ടിയുമായി കെഎസ്ആർടിസി ബസിൽ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയ ഒരു മനുഷ്യൻ. ഇന്ന് മലയാളിക്ക് അത്ഭുതത്തോടെ മാത്രമേ സി അച്ചുതമേനോൻ എന്ന കമ്മ്യൂണിസ്റ്റിനെ കുറിച്ച് പറയാനാകൂ. തികഞ്ഞ ലാളിത്യം അച്യുതമേനോന്റെ മുഖമുദ്രയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്ന മുഖ്യമന്ത്രി, തൃശൂരിലെ തേക്കിൻകാട് മൈതാനത്ത് സായാഹ്നങ്ങളിൽ സാധാരണക്കാർക്കൊപ്പം നടന്നു നീങ്ങുന്ന, വീട്ടാവശ്യങ്ങൾക്ക് കടയിൽ നിന്നും വാങ്ങിയ സാധനങ്ങളുടെ പൊതിക്കെട്ടുകൾ കൈകളിലേന്തി നടന്നുപോകുന്ന മുൻമുഖ്യമന്ത്രി’ ഏവരിലും കൗതുകം ഉണർത്തിയിരുന്നു.

ഒരു എഴുത്തുകാരൻ എന്ന നിലയിലും അതീവസുന്ദര ശൈലികൊണ്ട് വായനക്കാരെ അദ്ദേഹം അതിശയിപ്പിച്ചിരുന്നു. നിരവധി പുസ്തകങ്ങൾ അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചു. എന്റെ ബാല്യകാലസ്മരണകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡും (1978) സോവിയറ്റ് ലാന്റ് നെഹ്രു അവാർഡും ലഭിക്കുകയുണ്ടായി. സി അച്യുതമേനോൻ സമ്പൂർണ കൃതികൾ 15 വോള്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അച്ചുതമേനോൻ കമ്മ്യൂണിസ്റ്റായ കഥ

തൃശൂർ ജില്ലയിൽ പുതുക്കാടിനടുത്ത് രാപ്പാളിൽ 1913 ജനുവരി 13നാണ് അച്യുതമേനോൻ ജനിക്കുന്നത്. തൃശൂർ സി.എം.എസ്. ഹൈസ്‌ക്കൂളിലും സെന്റ് തോമസ് കോളജിലും പഠിച്ചിരുന്ന കാലത്തുതന്നെ ഒരു മാതൃകാവിദ്യാർത്ഥി എന്ന നിലയിൽ അദ്ദേഹം പ്രശസ്തനായിരുന്നു. എസ്.എസ്.എൽ.സി. പരീക്ഷയിൽ കൊച്ചി സംസ്ഥാനത്ത് ഒന്നാമനായി വിജയം വരിച്ചു. പല വിഷയങ്ങളിലും പ്രാഗല്ഭ്യത്തിനുള്ള സുവർണ്ണമുദ്രകൾ നേടി. ഇന്റർമീഡിയറ്റിനു റാങ്കും സ്‌കോളർഷിപ്പും സമ്പാദിച്ചു.ബി.എ.യ്ക്ക് മദിരാശി സർവകലാശാലയിൽ ഒന്നാം റാങ്കോടെ ജയിച്ചു.

തൃശ്ശൂർ കോടതിയിൽ കുറച്ച് കാലം അഭിഭാഷകനായി ജോലിചെയ്തതിനുശേഷം അദ്ദേഹം കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. കൊച്ചിൻ കോൺഗ്രസ്സിലായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. ജില്ലാ സെക്രട്ടറിയും, പ്രസിഡന്റുമായും സേവനമനുഷ്ഠിച്ചിരുന്നു. 1937-ൽ തൃശൂരിൽ നടന്ന രാഷ്ട്രീയ സമ്മേളനത്തിന്റെ സ്വാഗതസംഘം സെക്രട്ടറി ഇദ്ദേഹമായിരുന്നു. 1940 ൽ കർഷകരെ സംഘടിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെട്ടു. ഇക്കാലയളവിലാണ് വി.ആർ.കൃഷ്ണനെഴുത്തച്ഛനുമായി ചേർന്നു പ്രവർത്തിക്കുന്നത്. അയിത്തത്തിനെതിരേയും ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടും തിരുവില്വാമലയിൽ നിന്നും തലസ്ഥാനമായ എറണാകുളത്തേക്ക് ഒരു ജാഥ നയിക്കുകയുണ്ടായി. കൊച്ചിയിൽ നടന്ന വൈദ്യുതപ്രക്ഷോഭത്തിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചിരുന്നു. രണ്ടാംലോകമഹായുദ്ധകാലത്ത് തേക്കിൻകാട് മൈതാനിയിൽ നടത്തിയ ഒരു യുദ്ധവിരുദ്ധ പ്രസംഗത്തിന്റെ പേരിൽ ജയിലിലടക്കപ്പെട്ടു.

1942ൽ സി.പി.ഐ.യിൽ അംഗമായി. മധുരയിൽ നടന്ന മൂന്നാം പാർട്ടി കോൺഗ്രസ്സിൽ അദ്ദേഹത്തെ കേന്ദ്രകമ്മിറ്റിയിലേക്കു തിരഞ്ഞെടുത്തു. കൊച്ചി പ്രജാമണ്ഡലത്തിലും പിന്നീട് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും തുടർന്ന് അതിന്റെ എക്‌സിക്യൂട്ടീവിലും കേന്ദ്ര സെക്രട്ടറിയേറ്റിലും അംഗമായി. 1943 ൽ പാർട്ടി നിരോധിച്ചപ്പോൾ നാലുവർഷക്കാലത്തിലേറെ ഒളിവിൽ കഴിയേണ്ടി വന്നു. ഒളിവിലിരിക്കേ തന്നെ തൃശ്ശൂർ മുനിസിപ്പിൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുകയും വിജയിക്കുകയും ചെയ്തു.

പല തവണ തടവുശിക്ഷ അനുഭവിക്കുകയും ഒളിവിൽ കഴിയുകയും ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിഞ്ഞ കാലത്താണ്, 1952-ൽ തിരു-കൊച്ചി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1957-ലും 1960-ലും 70-ലും നടന്ന തെരഞ്ഞെടുപ്പുകളിൽ അച്യുതമേനോൻ വിജയിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയിൽ ധനമന്ത്രിയായി 1968-ൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

1969-ൽ കേരളത്തിലെ ഐക്യമുന്നണി ഗവൺമെന്റ് രൂപവത്കരിച്ചപ്പോൾ മേനോൻ മുഖ്യമന്ത്രിയായി. 1970-ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിനുശേഷവും (1977 വരെ) അച്യുതമേനോൻ തന്നെയായിരുന്നു മുഖ്യമന്ത്രി. കമ്യൂണിസ്റ്റു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പലതവണ തെരഞ്ഞെടുക്കപ്പെട്ട അച്യുതമേനോൻ ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടിയുടെ ദേശീയ കൌൺസിൽ അംഗമായിരുന്നു. സോവിയറ്റ് കമ്യൂണിസ്റ്റു പാർട്ടിയുമായി സംഭാഷണം നടത്തുന്നതിന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിനിധി എന്ന നിലയിൽ ഇദ്ദേഹം മോസ്‌കോ സന്ദർശിച്ചിട്ടുണ്ട്. വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടിയ അച്യുതമേനോൻ 78-ആം വയസ്സിൽ 1991 ഓഗസ്റ്റ് 16-ന് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ വച്ച് അന്തരിച്ചു.

അണികൾക്ക് ഇന്നും അഭിമാനവും ആവേശവും

സിപിഐ പ്രവർത്തകരെ സംബന്ധിച്ച് എക്കാലവും അഭിമാനത്തോടെ പറയാൻ കഴിയുന്ന പേരാണ് സി അച്ചുതമേനോന്റേത്. കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനശിലയിട്ടത് സി അച്ചുതമേനോനായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് കൊണ്ടുവന്ന പദ്ധതികളും സ്ഥാപനങ്ങളുമാണ് ഇന്നും കേരളത്തിൽ തലയുയർത്തി നിൽക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സിപിഐ പ്രവർത്തകർ ഇത് സംബന്ധിച്ച വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് മാധ്യമ പ്രവർത്തകനായ ടി കെ വിനോദന്റെ കുറിപ്പാണ്. ഇടതുപക്ഷനവോത്ഥാനത്തിൻ്റെ ദീപശിഖയാണ് അച്ചുതമേനോൻ എന്ന് അദ്ദേഹം പറയുന്നു.

ടി കെ വിയുടെ കുറിപ്പ് ഇങ്ങനെ..

അച്ചുതമേനോൻ : ഇടതുപക്ഷനവോത്ഥാനത്തിൻ്റെ ദീപശിഖ

ഇന്ന് (ഓഗസ്റ്റ് 16) സി. അച്ചുതമേനോൻ്റെ 30-ാം ചരമവാർഷികം. കേരളത്തെയും ഇന്ത്യയെയും പുതുക്കിപ്പണിയാനുള്ള പോരാട്ടത്തിൽ നിത്യപ്രസക്തമാണ് കമ്യൂണിസ്റ്റു നേതാവ് എന്ന നിലയിലും അതുല്യനായ ഭരണാധികാരി എന്ന നിലയിലും അച്ചുതമേനോൻ പകർന്നു തന്ന പാഠങ്ങൾ. കേരളം എന്നല്ല, ഇന്ത്യ ഇതുവരെകണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് അച്ചുതമേനോൻ. എങ്കിലും അച്ചുതമേനോനെ അംഗീകരിക്കാൻ വൈമുഖ്യമുള്ളവർ ഇടതുപക്ഷം എന്ന് അവകാശപ്പെടുന്ന കൂട്ടത്തിൽ തന്നെയുണ്ട്. അവരുടെ ദൃഷ്ടിയിൽ ഏറ്റവും വലിയ തെറ്റുകാരിൽ ഒരാളാണ് അച്ചുതമേനോൻ. ശരിയാണ്.

അച്ചുതമേനോൻ വലിയ തെറ്റുകൾ ചെയ്തു. അവയിൽ പ്രധാനപ്പെട്ടവയെ ഇങ്ങനെ ചുരുക്കി പറയാം.

(1) കേരളത്തിൽ കമ്യൂണിസ്റ്റു പാർട്ടിയെ ഏറ്റവും വലിയ സംഘടിത ശക്തിയാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. വ്യക്തിപരമായി കടുത്ത ത്യാഗങ്ങൾ സഹിച്ചും കൊടുംയാതനകൾ നേരിട്ടും, കൊച്ചിയിലും തിരുക്കൊച്ചിയിലും പിന്നീട് കേരള സംസ്ഥാനത്തിലും പാർട്ടിയെ ശക്തമായ അടിത്തറയിലുറപ്പിക്കുന്നതിന് നേതൃത്വം നല്കി. അവയെക്കുറിച്ച് ഒരിക്കലും അവകാശവാദം ഉന്നയിച്ചില്ല.

( 2 ) കേരളത്തിൽ ജന്മിത്തം അവസാനിപ്പിച്ചു. ഭൂരഹിതരായ മനുഷ്യരെ സ്വന്തമായി ഇത്തിരിയെങ്കിലും ഭൂമിയുടെ ഉടമകളാക്കി.
(3) കേറിക്കിടക്കാൻ കുരയില്ലാത്തവർക്ക് കേറിക്കിടക്കാൻ കൂരയുണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നല്കി.

(4) സർക്കാർ ജോലിയിൽ ദളിത് ജനവിഭാഗങ്ങൾക്ക് പ്രാതിനിധ്യമില്ല എന്നതിനാൽ അവർക്കു വേണ്ടി സ്പഷ്യൽ റിക്രൂട്മെൻ്റും ഉയർന്ന തസ്തികകളിലേക്ക് ഡയറക്ട് റിക്രൂട്മെൻ്റും ഏർപ്പെടുത്തി.

(5) ഇടുക്കി ജലവൈദ്യുത പദ്ധതി പൂർത്തീകരിച്ചു കൊണ്ട് കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കി.

( 6 ) പഠന-ഗവേഷണ- സാംസ്കാരിക സ്ഥാപനങ്ങളുടെ ശ്രൃംഖലകൾ സൃഷ്ടിച്ചു കൊണ്ട് കേരളത്തിൻ്റെ ആധുനികവല്കരണത്തിന് നേതൃത്വം നല്കി.

(7)അടിയന്തരാവസ്ഥക്കാലത്ത് പാർട്ടിയെ വകവയ്ക്കാതെ രാജി വച്ച് one upmanship കാട്ടി അനശ്വര യശസ്സ് നേടാൻ ശ്രമിച്ചില്ല.

( 8 ) ഭൂപ്രഭുത്വം നഷ്ടപ്പെട്ട ജന്മികുടുംബാംഗങ്ങളുടെ ( തെക്കേ മലബാറിലെയും തൃശൂരിലെയും സവർണ്ണ കുടുംബങ്ങളിലാണ് ഇക്കൂട്ടരെ കൂടുതൽ കാണുക) നിത്യശത്രുത സമ്പാദിച്ചു.

അങ്ങനെ എണ്ണിയാലൊടുങ്ങാത്ത തെറ്റുകൾ ചെയ്ത അച്ചുതമേനോനെ, ‘വാക്കുകളിൽ നക്സലൈറ്റുകളായ” എൻജിഒ ( Non Government organization ) രാഷ്ട്രീയത്തിൻ്റെ മെയ്യനങ്ങാ ബുദ്ധിജീവികൾ മുൻകൂർ പ്രാബല്യത്തോടെ വിചാരണ ചെയ്ത് എത്രയോ തവണ ശിക്ഷിച്ചു കഴിഞ്ഞു. എന്നിട്ടും അച്ചുതമേനോൻ ഇതിഹാസമാനങ്ങളോടെ ജീവിച്ചിരിക്കുന്നു. അത്ഭുതം!

”കുടിലുകളിൽ, കൂരകളിൽ
കൺമണിപോൽ സൂക്ഷിച്ച
ജനമുന്നണി നേതാവാ-
ണച്ചുതമേനോൻ … “

48 ലെ കൽക്കത്താ തീസിസിന്റെ പ്രയാസകരമായ ദിവസങ്ങളിൽ ഒളിവിലിരുന്ന് പാർട്ടിക്ക് ഉജ്ജ്വലമായ നേതൃത്വം നല്കിയ കമ്മ്യൂണിസ്റ്റു പാർട്ടി കൊച്ചി സംസ്ഥാന സെക്രട്ടറിയായിരുന്നു സ.അച്ചുതമേനോൻ. 48,49,50 … പോരാട്ടത്തിന്റെ ദിവസങ്ങളിൽ പൊൻകുന്നം ദാമോദരൻ ജാഥകളിൽ പാടാൻ എഴുതിയ ഈ വരികൾ ഏറ്റു പാടാത്ത തൊഴിലാളികളോ കമ്യൂണിസ്റ്റുകാരോ, അക്കാലത്തു പഴയ കൊച്ചി സംസ്ഥാനത്ത് ഉണ്ടായിരുന്നില്ല.
മദ്രാസ് സർവ്വകലാശാലയിൽ നിന്ന് മാത്തമാറ്റിക്സിൽ ഒന്നാം റാങ്കോടെ ഓണേഴ്‌സ് ബിരുദവും നിയമത്തിൽ ബിരുദവും നേടിയതിനു ശേഷം തുടക്കത്തിൽ തന്നെ മികച്ച അഭിഭാഷകൻ എന്ന നിലയിൽ കഴിവു തെളിയിച്ച അദ്ദേഹം അതു വലിച്ചെറിഞ്ഞിട്ടാണ് കൊച്ചി രാജ്യ പ്രജാമണ്ഡലത്തിലൂടെ സ്വാതന്ത്ര്യ സമരത്തിന്റെയും കമ്മ്യൂണിസ്റ്റു പാർട്ടിയുടെയും മുന്നണിയിലേക്ക് കടന്നു വന്നത്.

പാർട്ടി തിരുക്കൊച്ചി സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന അച്ചുതമേനോൻ 56 ൽ കേരളം രൂപം കൊള്ളുമ്പോൾ സംസ്ഥാന സെക്രട്ടറിയായി. 57-59 ലെ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായ അദ്ദേഹം (പിന്നീട് ആഭ്യന്തരവും കൂടി കൈകാര്യം ചെയ്തു) ആ 28 മാസം ഒഴികെ 1968 വരെ തുടർച്ചയായി പാർട്ടി സെക്രട്ടറിയായി തുടർന്നു. കടുത്ത യാതനകളെ നിശ്ചയദാർഢ്യത്തോടെ നേരിട്ട സ.അച്ചുതമേനോൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ എക്കാലത്തെയും ഏറ്റവും വലിയ നേതാക്കളിലൊരാളാണ്.

പല തവണയായി ദീർഘകാലം ജയിലിലും ഒളിവിലും കഴിഞ്ഞ അച്ചുതമേനോൻ വിവരണതാതീതമായ യാതനകളെ അചഞ്ചലമായ വിപ്ലവബോധത്തോടെ നേരിട്ടു. ഭാര്യ പ്രസവിച്ച വിവരം ഒളിവിലിരിക്കുമ്പോൾ അറിഞ്ഞെങ്കിലും പോയി കാണാൻ കഴിയുമായിരുന്നില്ല. അസുഖം ബാധിച്ച കുഞ്ഞ്, വേണ്ട ചികിത്സ കിട്ടാതെ മരിക്കുകയായിരുന്നു. പാർട്ടിക്കുവേണ്ടി, ജനങ്ങൾക്കു വേണ്ടി സഹിച്ച ത്യാഗങ്ങളുടെയും യാതനകളുടെയും കണക്കു പറയുന്ന നേതാവായിരുന്നില്ല അച്ചുതമേനോൻ.

”ഐശ്വര്യ സമ്പൂർണ്ണമായ കേരളം കെട്ടിപ്പടുക്കാൻ” എന്ന തലക്കെട്ടിൽ അച്ചുതമേനോൻ എഴുതിയുണ്ടാക്കിയ രേഖ, വള്ളി പുള്ളി വിസർഗ്ഗം മാറ്റാതെ, പാർട്ടി സംസ്ഥാന കൗൺസിൽ 57 ലെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ ആയി അഗീകരിച്ചു. മാനിഫെസ്റ്റോയിൽ പറഞ്ഞ കാര്യങ്ങളാണ് കാർഷികബന്ധ ബില്ലിലൂടെയും വിദ്യാഭ്യാസ ബില്ലിലൂടെയും മറ്റും നടപ്പാക്കാൻ മന്ത്രിസഭ ശ്രമിച്ചത്. കാർഷിക പരിഷ്കരണ ബിൽ തയ്യാറാക്കാൻ 57ലെ മന്ത്രിസഭ നിയോഗിച്ച സമിതിയുടെ തലവൻ അച്ചുതമേനോനായിരുന്നു. കുടിയൊഴിപ്പിക്കൽ നിരോധിച്ചെങ്കിലും ഭൂപരിഷ്കരണം നടപ്പിലാക്കാൻ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് കഴിഞ്ഞില്ല.

ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള 67-69ലെ സപ്തകക്ഷി മന്ത്രിസഭ വീണതിനു ശേഷം രൂപീകരിച്ച ആദ്യത്തെ അച്ചുതമേനോൻ മന്ത്രിസഭയാണ് ജന്മിത്വം അവസാനിപ്പിച്ചു കൊണ്ട് കേരളത്തിൽ ഭൂപരിഷ്കരണം നടപ്പാക്കിയത്. കേരളത്തെ എല്ലാ രംഗത്തും ആധുനികവല്കരണത്തിലേക്ക് നയിച്ചത് അച്ചുതമേനോൻ സർക്കാരാണ്. ആ സർക്കാർ സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും പ്രൈമറി ഹെൽത്ത് സെൻ്ററുകൾ ആരംഭിച്ചു. അതിൻ്റെ ഗുണമാണ് നാമിന്ന് അനുഭവിക്കുന്നത്. ഇടുക്കി ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്തത് അക്കാലത്താണ്. കാർഷിക സർവ്വകലാശാല, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല, സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്, കെൽട്രോൺ, സംസ്ഥാന സഹകരണ ബാങ്ക്, ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, റീജണൽ റിസർച്ച് ലബോറട്ടറി, പീച്ചി ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്‌, സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, സംസ്ഥാന ഭവന നിർമ്മാണ ബോഡ്, സെന്റെർ ഫോർ വാട്ടർ റിസോഴ്സസ് മാനേജ്മെന്റ്, സ്കൂൾ ഒഫ് ഡ്രാമ, കോളേജ് ഒഫ് ഫൈൻ ആർട്സ്, സംസ്ഥാന ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ, കോസ്റ്റ് ഫോഡ് തുടങ്ങി എണ്ണിയാൽ തീരാത്ത ശാസ്ത്ര പഠന ഗവേഷണ സാംസ്കാരിക സ്ഥാപനങ്ങൾ തുടങ്ങിയത് അച്ചുതമേനോനാണ്. സിഡിഎസിൽ കെ.എൻ.രാജ്, ശ്രീചിത്രയിൽ ഡോ.എം.എസ് വലിയത്താൻ, കെൽട്രോണിൽ കെപിപി നമ്പ്യാർ എന്നിങ്ങനെ നിരവധി പ്രതിഭാശാലികളെ അച്ചുതമേനോൻ കേരളത്തിലേക്ക് ക്ഷണിച്ചു കൊണ്ടുവന്നു.

ആധുനിക കേരളത്തിന്റെ വികസനത്തിന് അടിത്തറ പാകിയ മഹാനായ ഭരണാധികാരിയും കമ്യൂണിസ്റ്റു നേതാവുമാണ് അച്ചുതമേനോൻ. 69 മുതൽ 77 വരെ രണ്ടു തവണയായി കേരളം ഭരിച്ച അച്ചുതമേനോൻ, ഇന്ത്യ എക്കാലവും കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ്. അധികാരത്തോട് തീർത്തും വിമുഖനായിരുന്ന അച്ചുതമേനോൻ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത് പാർട്ടി തീരുമാനം അനുസരിക്കാതെ പറ്റില്ല എന്നതുകൊണ്ട് മാത്രമാണ്. അടിയന്തരാവസ്ഥയിൽ മുഖ്യമന്ത്രിയായി തുടരാൻ കഴിയില്ല എന്ന് പാർട്ടി ദേശീയ നേതൃത്വത്തെ അറിയിച്ച അച്ചുതമേനോനോട് , മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നു. 63-ാമത്തെ വയസ്സിൽ പാർലമെൻ്ററി രാഷട്രീയത്തിൽ നിന്ന് പിൻവാങ്ങിയ സഖാവ് 1991 ൽ മരിക്കുന്നതുവരെ സിപിഐയുടെ സമുന്നത നേതാവായി തുടർന്നു. അധികാരമൊഴിഞ്ഞതിനു ശേഷം സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ വിഷയങ്ങളിൽ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്തു കൊണ്ട് കേരളീയ സമൂഹത്തിൽ അദ്ദേഹം നിറഞ്ഞുനിന്നു. മറ്റൊരു നേതാവിനും ലഭിക്കാത്ത തരത്തിൽ കക്ഷിരാഷട്രീയത്തിന് അതീതമായ ബഹുമാനം കേരള ജനത അച്ചുതമേനോന് നല്കി.

പാർട്ടിയ്ക്കുള്ളിൽ വളർന്നു വരാനിടയുള്ള ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, എതിരഭിപ്രായങ്ങളോട് എന്നല്ല വ്യത്യസ്ത അഭിപ്രായങ്ങളോട് പോലുമുള്ള അസഹിഷ്ണുത, ജനാധിപത്യ കേന്ദ്രീകരണം എന്ന തത്വം പ്രയോഗത്തിൽ കേന്ദ്രീകരണം മാത്രമായി മാറുന്ന പ്രവണത, അധികാര രാഷ്ടീയത്തിനും പാർലമെൻ്ററി നേട്ടങ്ങൾക്കും വേണ്ടിയുള്ള പ്രായോഗിക പ്രവർത്തനങ്ങൾക്ക് അമിത പ്രാധാന്യം നല്കുക വഴി കമ്യൂണിസ്റ്റു ധാർമ്മികതയിൽ വിട്ടുവീഴ്ച ചെയ്യുന്ന മനോഭാവം, പ്രായാഗിക പ്രവർത്തനങ്ങളുടെ അനിവാര്യമായ ഘടകങ്ങളായി ബൗദ്ധിക പ്രവർത്തനത്തെയും ആശയ പ്രചരണത്തെയും കാണുന്നതിൽ വീഴ്ച വരുത്തുക തുടങ്ങി കമ്യൂണിസ്റ്റു രാഷ്ട്രീയം എപ്പോഴും ജാഗ്രതയോടെ മാറ്റി നിർത്തേണ്ട തെറ്റായ പ്രവണതകളെക്കുറിച്ച് അച്ചുതമേനോൻ നിരന്തരം മുന്നറിയിപ്പ് നല്കിയിരുന്നു. കമ്യൂണിസ്റ്റു പാർട്ടിയെ ശക്തമായ അടിത്തറയിൽ ഉറപ്പിച്ചു നിർത്തി പുതിയ സമൂഹ നിർമ്മിതിക്കുള്ള ഉപാധി എന്ന നിലയിൽ കുറ്റമറ്റ മഹാപ്രസ്ഥാനമായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി അവസാനം വരെ നിലകൊണ്ട മഹാനായ നേതാവാണ് അച്ചുതമേനോൻ. നമ്മുടെ രാഷ്ട്രീയ- സാമൂഹിക ജീവിതം കടുത്ത പ്രതിസന്ധിയെ നേരിടുന്ന ഈ ഇരുണ്ട ദിവസങ്ങളിൽ അച്ചുതമേനോൻ്റെ പാത പിന്തുടർന്നുകൊണ്ട് ആശയസമരത്തിൻ്റെ കെട്ടഴിച്ചുവിടുക എന്നതാണ് കമ്യൂണിസ്റ്റു രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ഏതൊരാളുടെയും കടമ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close