KERALANEWSTrending

കെഎസ്ആര്‍ടിസി ശമ്പള കരാര്‍ അംഗീകരിച്ച് ഉത്തരവിറക്കാതെ മന്ത്രിസഭ; നാളെയും തീരുമാനം ഇല്ലെങ്കില്‍ അടുത്ത മാസത്തെ ശമ്പളം ത്രിശങ്കുവില്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കാലങ്ങളായി കെഎസ്ആർടിസി ജീവനക്കാരോട് കാണിക്കുന്ന വിവേചനത്തിന് അറുതിയാകുന്നില്ല. ശമ്പള പരിഷ്കരണ കരാറിൽ ഒപ്പു വെച്ചിട്ടും ഇതുവരെ മന്ത്രിസഭ കരാര്‍ ചര്‍ച്ച ചെയ്ത് അംഗീകാരം നല്‍കിയിട്ടില്ല. ശമ്പള പരിഷ്കരണം സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെയും ഉത്തരവ് ഇറക്കിയിട്ടില്ലെന്നത് തൊഴിലാളികളെയും ആശങ്കയിലാഴ്ത്തുന്നു. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിലും ഈ കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ അടുത്ത മാസവും കെഎസ്ആർടിസി തൊഴിലാളികൾക്ക് ശമ്പളം കിട്ടാൻ വൈകും.

സാധാരണ ഗതിയിൽ ശമ്പള പരിഷ്കരണ കരാർ കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയനുകളും കൂടി ഒപ്പിട്ടാൽ അത് സർക്കാരിനും ധനകാര്യവകുപ്പിനും അയക്കും. ധനകാര്യ വകുപ്പ് കരാർ അംഗീകരിച്ച് മന്ത്രിസഭാ യോഗത്തിൽ വെക്കും. മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി ഇന്നത്തെ മന്ത്രിസഭാ തീരുമാനങ്ങൾ എന്ന സർക്കുലറിൽ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം അംഗികരിച്ചു എന്ന് ഉറപ്പു വരുത്തണം. എന്നാൽ നാളിതുവരെ ആയിട്ടും അത്തരത്തിലൊരു തീരുമാനം ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. 15 മിനിറ്റ് കൊണ്ട് ലോകായുക്തയുടെ ചിറക് അരിയാൻ കാണിച്ച ശുഷ്കാന്തി ഇതിലും ഉണ്ടായാൽ നാളെ തന്നെ ഈ ഉത്തരവ് പുറത്ത് വരും. എന്നാൽ ചില തല്പര കക്ഷികളുടെ ഇടപെടലുകളാണ് ഇത്തരം നടപടികൾ നീട്ടാൻ കാരണം എന്നും വിമർശനം ഉയരുന്നു.

ഉത്തരവ് വന്നില്ല എങ്കിൽ ഈ മാസം പുതിയ ശമ്പളം ലഭിക്കില്ല എന്ന അവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലും ഒരു യൂണിയൻ പോലും ഇക്കാര്യത്തിൽ പ്രതികരിക്കുന്നില്ല എന്നത് മറ്റൊരു വസ്തുതയാണ്. മറ്റു സർക്കാർ സ്ഥാപനങ്ങളിൽ കൃത്യസമയത്തു തൊഴിലാളികൾക്ക് ശമ്പളം ലഭിക്കുമ്പോൾ കെഎസ്ആർടിസിയോട് മാത്രമാണ് സർക്കാർ മുഖം തിരിഞ്ഞു നിൽക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close