BIZ

ക്രിപ്റ്റോ കറൻസി നിരോധിക്കാൻ സാധിക്കുമോ? ക്രിപ്റ്റോ എന്നാൽ വെറും ഊഹക്കച്ചവടത്തിനുള്ള ഉപകരണം മാത്രമോ? അറിയാം വിശദ വിവരങ്ങൾ…

ഇന്ത്യ, ക്രിപ്റ്റോ കറൻസി നിരോധിക്കുന്നു എന്ന വാർത്തകൾ പ്രചരിച്ചതോടെ ക്രിപ്റ്റോ എക്സ്ചേഞ്ചുകളിൽ ബഹളമാണ്. എത്രയും പെട്ടെന്ന് കോയിനുകൾ വിറ്റു മാറണം. നിരന്തര വിൽപന സമ്മർദം വരുമ്പോൾ ഏതൊരു ഉൽപനത്തിനും സംഭവിക്കുന്നതു പോലെ ക്രിപ്റ്റോയിലും വൻ ഇടിവു സംഭവിച്ചു. കഴിഞ്ഞ മാസം ‘പാനിക് സെല്ലിങ്ങിൽ’ ബിറ്റ് കോയിൻ 15 ശതമാനം ഇടിഞ്ഞു. എതേറിയം 17 ശതമാനവും ടെതർ 18 ശതമാനവും ഇടിഞ്ഞു. ഇടയ്ക്കു വിറ്റവരിൽ ഒട്ടേറെ പേർക്ക് പണം നഷ്ടമായി.

ഊഹ കച്ചവടങ്ങളിൽ എന്നും ആർക്കെങ്കിലും നഷ്ടം സംഭവിക്കുന്നുണ്ടെങ്കിൽ അത് സാധാരണ നിക്ഷേപകന് മാത്രമായിരിക്കും. വൻകിട ധനകാര്യ സ്ഥാപനങ്ങളെയോ വ്യാപാരികളെയോ ഇത്തരം വീഴ്ചകൾ പ്രതികൂലമായി ബാധിക്കാറില്ല. സാധാരണ നിക്ഷേപകന്റെ പണം ഊറ്റുന്നത് ഇത്തരം ഭയവ്യാപാരങ്ങളാണ്. ശരിക്കും ക്രിപ്റ്റോ കറൻസി നിരോധിക്കാൻ സാധിക്കുമോ? ഒരു സർക്കാരിന് ക്രിപ്റ്റോയിൽ ഇടപെടാൻ സാധിക്കുമോ? ക്രിപ്റ്റോ എന്നാൽ വെറും ഊഹക്കച്ചവടത്തിനുള്ള ഉപകരണം മാത്രമാണോ?

കോടതി കയറിയപ്പോൾ

2018ലാണ് ഇന്ത്യയിൽ ക്രിപ്റ്റോ നിരോധന വാർത്തയ്ക്കു ചൂടു പിടിക്കുന്നത്. റിസർവ് ബാങ്കിന്റെ ഒരുത്തരവായിരുന്നു കാരണം. ക്രിപ്റ്റോ കറൻസികളെ അംഗീകരിക്കുന്നതിൽനിന്ന് ബാങ്കുകളെ വിലക്കുന്നതായിരുന്നു ആ ഉത്തരവ്. അതു പിന്നീട് നീണ്ട സുപ്രീം‌‌ കോടതി വ്യവഹാരങ്ങൾക്കു കാരണമായി. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (IMAI) പ്രധാന കക്ഷിയായി നൽകിയ കേസിൽ കഴിഞ്ഞ വർഷം സുപ്രീം കോടതി‌ വിധി വന്നു. ആർബിഐ ഉത്തരവ് നിലനിൽക്കില്ലെന്നും നിരോധനം സാധ്യമല്ലെന്നും കോടതി വിധിച്ചു.

ചില തട്ടിപ്പുകേസുകൾ വന്നതിനെത്തുടർന്നായിരുന്നു ആർബിഐയുടെ ഉത്തരവ്. എന്നാൽ വളർന്നു വരുന്ന ഒരു സാങ്കേതിക വിദ്യയെ ചില തട്ടിപ്പുകൾ നടന്നെന്ന പേരിൽ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധമുയർന്നു. വാസിർ എക്സ് (WazirX), കോയിൻ ഡിസിഎക്സ് (CoinDCX) തുടങ്ങിയ ഇന്ത്യയിലുള്ള ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്കായി ഹാജരായത് അനിരുദ്ധ് രസ്തോഗി എന്ന യുവ അഭിഭാഷകനായിരുന്നു. അനിരുദ്ധിന്റെ ശക്തമായ വാദങ്ങളാണ് സുപ്രീം കോടതിയെ ഈ തീരുമാനത്തിലേക്കു നയിച്ച കാരണങ്ങളിൽ ഒന്ന്.

ക്രിപ്റ്റോ കറൻസിയെ സാധാരണ കറൻസിയായി അംഗീകരിക്കണമെന്നായിരുന്നില്ല വാദം. ഒടിടി പോലെ, ഇ കൊമേഴ്സ് പോലെ സ്വയം നിയന്ത്രണമുള്ള സംവിധാനം വേണമെന്നായിരുന്നു അനിരുദ്ധിന്റെ നയം. ഇന്ത്യൻ രൂപ കൊടുത്ത് പകരം ക്രിപ്റ്റോ കറൻസി നമുക്ക് ലഭ്യമാക്കുന്ന സ്ഥലമായ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ ഈടാക്കുന്ന ഫീസാണ് അവരുടെ വരുമാനം. ആയിരക്കണക്കിന് പേർ പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്ന മേഖല കൂടിയാണിത്. അതില്ലാതാക്കുന്ന തീരുമാനം ഇന്ത്യയുടെ പുതിയ വ്യാപര സാധ്യതകളെ പിന്നെയും പിന്നോട്ടു വലിക്കുമെന്ന് ക്രിപ്റ്റോ ലോകം മുന്നറിയിപ്പു നൽകുന്നുണ്ട്.

എന്തിനാണ് ഇന്ത്യൻ നീക്കം?

ക്രിപ്റ്റോ ഇന്ത്യയ്ക്ക് ദോഷകരമാണോ? എന്തിനാണ് ഇന്ത്യ നിരോധനത്തിന്റെ വാളോങ്ങുന്നത്? നവംബർ മധ്യത്തിൽ നടന്ന ‘സിഡ്നി ഡയലോഗ്’ എന്ന ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിങ്ങനെയാണ്– ‘എല്ലാ ജനാധിപത്യ രാജ്യങ്ങളും ക്രിപ്റ്റോകറൻസിയുടെ കാര്യത്തിൽ യോജിച്ചു പ്രവർത്തിക്കണം. അവയൊരിക്കലും തെറ്റായ കരങ്ങളിലെത്തരുത്, എത്തിയാൽ അതു നമ്മുടെ യുവാക്കളെ നശിപ്പിക്കും’.

ഓസ്ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടത്തിയ സൈബർ ടെക്‌നോളജി ഫോറത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ക്രിപ്റ്റോ വിഷയത്തിൽ പൊതു ഇടത്തിൽ ആദ്യമായി പ്രധാനമന്ത്രി നടത്തിയ പരാമർശവും ഇതായിരുന്നു. പ്രധാനമന്ത്രി തന്നെ ഇങ്ങനെ പറഞ്ഞതിനാൽ ചൂതാട്ടമാണ് ക്രിപ്റ്റോ എന്നൊരു നിഗമനത്തിലേക്ക് പലരുമെത്തി. എന്നാൽ കൃത്യമായി എന്താണു ക്രിപ്റ്റോയുടെ പ്രശ്നം എന്നു പ്രധാനമന്ത്രിയോ സർക്കാരോ വിശദീകരിച്ചതുമില്ല.

പണത്തിൽ തട്ടിപ്പു നടക്കുന്നതുകൊണ്ട് പണം നിരോധിച്ചു കളയുന്നതു പോലെയാണ് പലരുടെയും അഭിപ്രായമെന്നാണ് ക്രിപ്റ്റോ അനുകൂലികളുടെ വാദം. കയറൂരി വിടുന്ന വ്യാപാരം ക്രിപ്റ്റോയിൽ വേണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടില്ല. പകരം മാർഗ നിർദേശമാണു വേണ്ടതെന്ന് ക്രിപ്റ്റോ പ്രചാരകനായ നിതിൻ ജോർജ് പറയുന്നു. ക്രിപ്റ്റോയോടുള്ള അസഹിഷ്ണുത യുവാക്കളുടെ അവസരം നഷ്ടമാക്കും എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ലോകം മുഴുവൻ അസറ്റ് ക്ലാസ് ആക്കി അംഗീകരിച്ച ക്രിപ്റ്റോയെ ഇന്ത്യ പുറംതള്ളരുതെന്നും നിതിൻ പറയുന്നു.

ഇന്ത്യ നിരോധിക്കില്ലെന്നും വാദം

ക്രിപ്റ്റോയെ ഇന്ത്യ നിരോധിക്കുന്നില്ലെന്നും വാദമുണ്ട്. നിരോധനമല്ല നിയന്ത്രണമാണ് എന്നതിലേക്ക് സർക്കാർ എത്തി എന്നതിന്റെ സൂചനയുമുണ്ട്. എന്നാൽ എത്തരത്തിലായിരിക്കും നിയന്ത്രണം എന്നതിലാണ് ഇനി ശ്രദ്ധ. എല്ലാ പ്രൈവറ്റ് ക്രിപ്റ്റോ കറൻസികളും നിരോധനത്തിന്റെ നിഴലിലാണെന്നതായിരുന്നു ആദ്യം പുറത്തു വന്ന രേഖകളിലുള്ളത്. പൊതു ഡൊമെയ്നിൽ ലഡ്ജറുകൾ ലഭ്യമായ ക്രിപ്റ്റോകളായി ബിറ്റ്കോയിൻ, എതേറിയം പോലുള്ളവയ്ക്ക് നിരോധനമില്ലെന്നും എന്നാൽ പ്രൈവറ്റ് രേഖകളിലൂടെ വാലിഡേറ്റ് ചെയ്യപ്പെടുന്ന കറൻസികളെ നിയന്ത്രിക്കുമെന്നുമാണു പറയുന്നത്. എന്നാൽ ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയ്ക്ക് സർക്കാർ മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നതിലും പ്രശ്നങ്ങളുണ്ട്. പബ്ലിക് അല്ല എന്നതുകൊണ്ട് ഒരു കോയിൻ തട്ടിപ്പാണ് എന്ന് അർഥമില്ല. മറ്റു സാങ്കേതിക വിദ്യകളെ കാണുന്നതുപോലെ ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയെ കാണുന്നതാണു പ്രശ്നം.

ക്രിപ്റ്റോ വെറും കറൻസിയോ?

ബ്ലോക്ക് ചെയി‍ൻ‌ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന അനേകം സാങ്കേതങ്ങളിലൊന്നാണ് എൻഎഫ്ടി (Non-fungible token). കലാകാരൻമാർ അവരുടെ ആർട്ടിനെ അസറ്റ് ആക്കി വിൽപന ചെയ്യുന്ന ഇടമാണെന്ന് ചുരുക്കിപ്പറയാം. ‍ഡിജിറ്റൽ ആർട്ട് പോലുള്ളവയ്ക്ക് വൻതുക ലഭിക്കാൻ ഈ പ്ലാറ്റ് ഫോമുകൾ കാരണമാകുന്നു. എറണാകുളം സ്വദേശിയായ 12 വയസ്സുകാരൻ ‌‌‍‍ഋഗ്വേദ് മാനസിന്റെ ജനറേറ്റീവ് ആർട്ട് വർക്കുകൾ വിറ്റു പോയത് ഒന്നര ലക്ഷത്തിലധികം രൂപയ്ക്കാണ്. ഫൗണ്ടേഷൻ എന്ന പ്ലാറ്റ്ഫോമിലായിരുന്നു വിൽപന.

ലോക്‌‍‍‍‌ഡൗൺ കാലത്ത് ഓൺലൈനായി പഠിച്ച പൈത്തൺ ഉപയോഗിച്ചായിരുന്നു ഋഗ്വേദിന്റെ കോഡിങ് ആർട്ട്. ദിവസങ്ങൾക്കുള്ളിലാണ് പെയിന്റിങ്ങുകൾ വിറ്റു പോയത്. എൻഎഫ്ടി പോലുള്ള ബ്ലോക്ക് ചെയിൻ അധിഷ്ഠിതമായ സങ്കേതങ്ങൾ വഴി യുവാക്കൾക്കും കുട്ടികൾക്കും വരെ വലിയ അവസരം തുറന്നിടുന്നുണ്ട്. ഇവിടങ്ങളിലെല്ലാം ക്രിപ്റ്റോ വഴിയാണ് ഇടപാട്. ലോകം മുഴുവൻ ക്രിപ്റ്റോ സാധ്യത മനസ്സിലാക്കി വരികയാണ്. മൈക്രോസോഫ്റ്റ്, ബിഎംഡബ്ല്യു, ജെപിമോർഗൻ, കോക്കകോള തുടങ്ങിയ കമ്പനികളുമായി ബിറ്റ്കോയിനിൽ ഇടപാടു നടത്താം. മധ്യ അമേരിക്കൻ രാജ്യം എൽ സാൽവദോർ അതിനെ ഔദ്യോഗിക കറൻസിയിലുൾപ്പെടുത്തി.

ക്രിപ്റ്റോയിൽ നിക്ഷേപിക്കാമോ?

നിക്ഷേപം എന്ന രീതിയിൽ ക്രിപ്റ്റോ കറൻസികളെ സമീപിക്കുമ്പോൾ വളരെ ശ്രദ്ധ ആവശ്യമാണ്. ചാഞ്ചാട്ടം (Volatility) വളയേറെ കൂടിയവയാണിത്. ആദ്യത്തെ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിനും അതിൽനിന്നു വ്യത്യസ്ഥമല്ല. കഴിഞ്ഞ ഈ വർഷം ഏപ്രിലിൽ 47 ലക്ഷം വരെയുണ്ടായിരുന്ന ബിറ്റ്കോയിന് ജൂലൈയിൽ മൂല്യം 23 ലക്ഷമായി. ഇപ്പോൾ 42 ലക്ഷത്തിൽ വ്യാപാരം നടത്തിക്കൊണ്ടിരിക്കുന്നു.

വലിയ തുക ഇതിലേക്കു നിക്ഷേപിക്കുമ്പോൾ ചിലപ്പോൾ വലിയ ലാഭവും അതിലേറെ നഷ്ടവും കണ്ടേക്കാം. എന്നാൽ പഠിച്ചു ചെയ്താൻ സ്റ്റോക്ക് മാർക്കറ്റിനേക്കാൾ ലാഭകരവുമാണ്. കൂടുതൽ വാങ്ങൽ- വിൽപന സമ്മർദമാണിതിനു കാരണം. ആ ‍ചാഞ്ചാട്ടങ്ങളെ അവസരമാക്കി പണമുണ്ടാക്കുന്നവരുമുണ്ട്. വിശ്വസനീയമായ ഫിനാൻഷ്യൽ ഉപദേശകരുടെ കീഴിൽ സുരക്ഷിതമായി നിക്ഷേപിക്കുന്നതാവും തുടക്കക്കാർക്ക് ഉചിതം.

‘പഠിക്കേണ്ടി’ വരും

വികസിക്കുന്ന സാങ്കേതിക വിദ്യ എന്ന നിലയിൽ വൻ ജോലി അവസരങ്ങളും ഈ മേഖലയിലുണ്ട്. ബ്ലോക്ക് ചെയിൻ എൻജിനീയർ, ഡവലപ്പർമാർ തുടങ്ങി ഒട്ടേറെ ജോലികൾക്ക് സാധ്യതയുണ്ട്. വിവിധ മേഖലകളിലേക്ക് ബ്ലോക്ക് ചെയിൻ വ്യാപിക്കുമ്പോൾ അവസരം കൂടി വരും. നിക്ഷേപമാർഗം ആകുമ്പോൾ ശരിയായ ക്രിപ്‌റ്റോ കറൻസികളിൽ നിക്ഷേപം നടത്താനുള്ള മാർഗനിർദേങ്ങൾ നൽകുന്ന അനലിസ്റ്റുകൾക്കും ജോലി കിട്ടും.

സൈബർ കുറ്റകൃത്യങ്ങൾ പെരുകുമ്പോൾ ക്രിപ്‌റ്റോ അധിഷ്ഠിതമായ സാമ്പത്തിക സംവിധാനങ്ങൾക്കു സൈബർ സുരക്ഷ ഒരുക്കേണ്ടത് ക്രിപ്‌റ്റോഗ്രഫർമാരുടെ ജോലിയായിരിക്കും. കുറച്ചു കാലത്തിനുള്ളിൽ ക്രിപ്റ്റോ, ബ്ലോക്ക് ചെയിൻ യോഗ്യതകൾ അത്യാവശ്യമായി വന്നേക്കാം. അതു പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ നമ്മുടെ നാട്ടിലും മുളച്ചു പൊന്തും.

പകരമാകുമോ ആർബിഐ ഡിജിറ്റൽ കറൻസി?

ഇന്ത്യ പ്രഖ്യാപിച്ച ഡിജിറ്റൽ കറൻസി ഒരിക്കലും ക്രിപ്റ്റോയുടെ പകരക്കാരനാവില്ല. വികേന്ദ്രീകൃതമായ ലെഡ്ജർ സംവിധാനമുള്ള ക്രിപ്റ്റോയുടെ മാതൃകയിലല്ല ഡിജിറ്റൽ കറൻസി. അത് സാധാരണ കറൻസിയുടെ ഡിജിറ്റൽ രൂപമാണ്. ബ്ലോക്ക് ചെയിൻ പോലുള്ള സംവിധാനം സർക്കാരുകൾക്ക് നിയന്ത്രിക്കാൻ സാധ്യമല്ല. സർക്കാരിന്റെ പണനയമോ നിയന്ത്രണമോ ക്രിപ്റ്റോയിൽ നടപ്പാക്കാൻ സാധിക്കില്ല.

പണത്തിന്റെ ഒഴുക്കുനിയന്ത്രണം, ലഭ്യത കൂട്ടൽ തുടങ്ങി ഒട്ടേറെ നടപടികളിലൂടെയാണു പണത്തിന്റെ മൂല്യം സർക്കാർ നിലനിർത്തുക. എന്നാൽ ഒരു ഏക ഭരണ കേന്ദ്രമില്ലാത്തിനാൽത്തന്നെ അത് സുതാര്യമാണ്. വലിയ ചാഞ്ചാട്ടങ്ങളുള്ള ക്രിപ്റ്റോ കറൻസികൾ‌ വ്യാപാരത്തിന് ഉപയോഗിക്കുമ്പോഴും അതിന്റേതായ വെല്ലുവിളികളുണ്ട്. നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിർത്തി,‌ രാജ്യത്തെ നിയമം അനുസരിച്ച്, കയറില്ലാതെ എങ്ങനെ ക്രിപ്റ്റോയെ കെട്ടാം എന്ന വലിയ ചിന്തയിലാണ് ലോകം മുഴുവൻ. ഇന്ത്യയും ആ പാതയിൽ ചിന്തിച്ചു തുടങ്ങി. അനിവാര്യമാണ്, എന്നാൽ അധികമാകരുത് എന്നതിന്റെ സന്തുലനമാണ് രാജ്യം നേരിടുന്ന വെല്ലുവിളി. വരും ദിവസങ്ങളിൽ വ്യക്തമാകും ഇന്ത്യൻ ക്രിപ്റ്റോ നയങ്ങൾ.

ഒരു രാജ്യത്തിനും ക്രിപ്റ്റോ കറൻസികളെ നിരോധിക്കാൻ കഴിയില്ല. ഒരു കമ്പനിയായി റജിസ്റ്റർ ചെയ്ത് ഓഫിസ് സ്ഥാപിച്ചു പ്രവർത്തിക്കുന്ന സംവിധാനമല്ല അത്. രാജ്യങ്ങൾക്കു സാധിക്കുന്നത് അവയുടെ എക്സ്ചേഞ്ചിങ് തടയുക എന്നതാണ്. എന്നാൽ ഇന്ത്യയുൾപ്പെടെ പാൻകാർഡുമായി ബന്ധിപ്പിച്ച് ബാങ്ക് അക്കൗണ്ട് വഴി നടക്കുന്ന ഇടപാടുകൾ അനധികൃതവും ആകുന്നില്ല. ഏതെങ്കിലും ക്രിപ്റ്റോ എക്സ്ചേഞ്ചിങ് ഇന്ത്യയിൽ നിരോധിക്കുകയാണെങ്കിൽ അതിൽ നിക്ഷേപിച്ചിട്ടുള്ളവർക്ക് പണം മാറ്റിയെടുക്കാൻ കഴിയാതെ വരും.

വൻകിട നിക്ഷേപകർ മറ്റു രാജ്യങ്ങളിലേക്കു മാറ്റി അവിടെനിന്നു മാറ്റിയെടുക്കും. എന്നാൽ ഇന്ത്യയിലെ സാധാരണ നിക്ഷേപകന് അതിനുള്ള വകയുണ്ടാകാതെ വരും. അവർ ബ്ലാക്ക് മാർക്കറ്റിൽ വിൽക്കുകയോ പണം നഷ്ടപ്പെടുത്തുകയോ ചെയ്യും. നിരോധിച്ചാൽ ബാധിക്കുക സാധാരണക്കാരെ മാത്രമാണ്. നല്ല നിയന്ത്രണങ്ങൾ സാധാരണക്കാരെ സുരക്ഷിതരാക്കുകയും ചെയ്യും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close