KERALANEWS

കരുനാഗപ്പള്ളിയില്‍ കാര്‍ ലോട്ടറി സ്ഥാപനത്തിലേക്ക്‌ ഇടിച്ച്‌ കയറി രണ്ട്‌ മരണം


കരുനാഗപ്പള്ളി: ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ ലോട്ടറി വില്‍പ്പന കേന്ദ്രത്തിലേക്ക്‌ ഇടിച്ച്‌ കയറി ലോട്ടറി വില്‍പ്പനക്കാരായ രണ്ട്‌ പേര്‍ മരിച്ചു. ലോട്ടറി ഏജന്റ്‌ ഓച്ചിറ ചങ്ങന്‍കുളങ്ങര ശ്രീജിത്ത്‌ ഭവനില്‍ പ്രസന്നന്‍ പിള്ള(ഉണ്ണിപിള്ള53) വള്ളികുന്നം കടുവിനാല്‍ പൈനുംമൂട്ടില്‍ എം രാജു(63) എന്നിവരാണ്‌ മരിച്ചത്‌.

വവ്വാക്കാവ്‌ പുലിയന്‍ കുളങ്ങര ക്ഷേത്രത്തിന്‌ സമീപമാണ്‌ അപകടമുണ്ടായത്‌. കരുനാഗപ്പള്ളി ഭാഗത്തേക്ക്‌ വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട്‌ ദേശീയപാതയുടെ കിഴക്ക്‌ ഭാഗത്തേക്ക്‌ ഇടിച്ച്‌ കയറുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ചു. പ്രസന്നന്‍ പിള്ളയെ പിന്നീട്‌ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പ്രസന്നന്‍പിള്ള എത്തിയ ബൈക്കും അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു.

കാറോടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി സുഹൈലിനും പരിക്കേറ്റിട്ടുണ്ട്‌. സുഹൈല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കരുനാഗപ്പള്ളി പൊലീസ്‌ കേസെടുത്തു. മരിച്ച പ്രസന്നന്‍പിള്ളയുടെ ഭാര്യ രമാദേവി, മക്കള്‍ ശ്രുതി, ശ്രീജിത്ത്‌. രാജുവിന്റെ ഭാര്യ കുമാരി, മക്കള്‍ രതീഷ്‌, അജേഷ്‌, മരുമക്കള്‍ രഞ്‌ജി, മഞ്‌ജു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close