KERALANEWSTrending

റോഡിന്റെ ഇരുവശത്തും പാടമാണ്;പത്തടി ആഴമുള്ള പാടത്ത് 5 അടിയോളം വെള്ളം നിറഞ്ഞിരുന്നു;കാറിൽ നിന്ന് മൂന്ന് വയസ്സുകാരിയുൾപ്പെടെ അഞ്ചു പേർ രക്ഷപ്പെട്ടത് അത്ഭുതകരമായി

കോട്ടയം:വെള്ളം നിറഞ്ഞ പാടത്തിൽ വീണ് മുങ്ങിയ കാറിൽ നിന്ന് മൂന്ന് വയസ്സുകാരിയുൾപ്പെടെ അഞ്ചു പേരെ നാട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെടുത്തി.കോട്ടയം പുല്ലായിക്കുന്ന് മുല്ലശേരി പാറയ്ക്കൽ വീട്ടിൽ സുബിൻ മാത്യു (31), ഭാര്യ ആഷാ മോൾ ചെറിയാൻ (30), സുബിന്റെ മകൾ അനയ അന്ന (3), ആഷാമോളുടെ പിതാവ് ചെറിയാൻ തോമസ് (60), ഭാര്യ ലീലാമ്മ(55) എന്നിവരെയാണ് കാറിന്റെ ചില്ല് പൊട്ടിച്ച്‌ രക്ഷപ്പെടുത്തിയത്.

ബുധനാഴ്ച വൈകിട്ട് 3ന് ഇടയാഴം- കല്ലറ റോഡിൽ കോലാംപുറത്തു കരി പാടശേഖരത്തിലേക്കാണ് കാർ മറിഞ്ഞത്. ഇവിടെ റോഡിന്റെ ഇരുവശത്തും പാടമാണ്.പത്തടി ആഴമുള്ള പാടത്ത് 5 അടിയോളം വെള്ളം നിറഞ്ഞിരുന്നു. ഇടയാഴം ഭാഗത്തുനിന്നും കല്ലറ ഭാഗത്തേക്കു പോകുകയായിരുന്നു കാർ. വീതി കുറഞ്ഞ റോഡിലൂടെ സുബിനാണ് കാർ ഓടിച്ചത്. പിന്നിൽ വന്ന ടിപ്പർ ലോറിക്ക് ഓവർടേക്ക് ചെയ്യാനായി സുബിൻ കാർ വശത്തേക്ക് ഒതുക്കി. റോഡരികിലെ സ്റ്റേ വയറിൽ ഇടിച്ച്‌ നിയന്ത്രണം വിട്ട് കാർ പാടത്തേക്കു മറിഞ്ഞു.

റോഡിൽ നിന്നു 30 മീറ്റർ അകലേക്ക് കാർ നീങ്ങി. അപകടം കണ്ട് ടിപ്പർ ലോറി നിർത്തി. പാടത്തു പെട്ടിയും പറയും സ്ഥാപിച്ചു കൊണ്ടിരുന്ന കല്ലറ തേക്കും കാലായിൽ ശ്രീകുമാർ, പെരുന്തുരുത്ത് കിഴക്കേ മുടക്കോടി ബേബി, പാടശേഖര സമിതി കൺവീനർ കോലാംപുറത്തു കരി ബാബു, ടിപ്പർ ലോറി ഡ്രൈവർ രാധാകൃഷ്ണൻ എന്നിവർ നീന്തിയെത്തി.

കാർ മുങ്ങാതെ രണ്ടു പേർ പിടിച്ചുനിർത്തി. മറ്റുള്ളവർ കാറിന്റെ പിന്നിലെ ചില്ല് ഇടിച്ചുപൊട്ടിച്ച്‌ യാത്രക്കാരെ പുറത്തിറക്കി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം സുബിനും കുടുംബവും വീട്ടിലേക്ക് മടങ്ങി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close