കൊച്ചി : പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപം ദേശീയപാതയിലുണ്ടായ കാർ അപകടത്തിൽ മോഡലുകൾ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. മാള സ്വദേശി അബ്ദുൾ റഹ്മാനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്ന് പോലീസ് പറഞ്ഞു.
കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്ന നാലാമൻ ഇന്ന് മരണപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വെമ്പല്ലൂർ കട്ടൻബസാർ കറപ്പംവീട്ടിൽ അഷ്‌റഫിന്റെ മകൻ കെ.എ.മുഹമ്മദ് ആഷിഖ് ആണ് മരിച്ചത്.
ഈ മാസം ഒന്നാം തിയതി ഉണ്ടായ അപകടത്തിൽ കാറിൽ കൂടെയുണ്ടായിരുന്ന 2019ലെ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), 2019ലെ മിസ് കേരള റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജൻ (24) എന്നിവർ അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആഷിഖ് ഇന്നലെ രാത്രി എട്ടരയ്‌ക്കാണ് മരിച്ചത്. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ പെട്ടെന്നു വെട്ടിച്ചതോടെയാണ് അപകടമുണ്ടായത്. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.