BIZNEWSTravel

കേരള ടൂറിസം വകുപ്പിന്റെ കാരവാന്‍ കേരളയുടെ ഭാഗമാകാനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു; നിക്ഷേപം നടത്തുവാന്‍ താല്‍പര്യമുള്ളവര്‍ക്കും നിര്‍ദ്ദിഷ്‍ട വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: കേരള ടൂറിസം വകുപ്പിന്റെ പുതിയ പദ്ധതി കാരവാന്‍ കേരളയുടെ ഭാഗമാകാനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ടൂറിസ്റ്റ് കാരവനുകള്‍ക്കും കാരവന്‍ പാര്‍ക്കുകള്‍ക്കുമുള്ള രജിസ്‌ട്രേഷനാണ് ആരംഭിച്ചത്. പദ്ധതിയിലേക്ക് നിക്ഷേപം നടത്താൻ താല്‍പര്യമുള്ള കാരവന്‍ ഓപ്പറേറ്റര്‍മാര്‍ക്കും സംരംഭകര്‍ക്കും വ്യക്തികള്‍ക്കും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ടൂറിസം വകുപ്പ് അറിയിച്ചിട്ടുണ്ട്.

വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ അതുല്യമായ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന സമഗ്ര കാരവന്‍ ടൂറിസം നയം മന്ത്രി ശ്രീ പിഎ മുഹമ്മദ് റിയാസ് സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയനുസരിച്ച് ആദ്യ 100 കാരവനുകള്‍ക്ക് ഏഴരലക്ഷം രൂപ വീതമോ / ആകെ ചെലവിന്‍റെ 15 ശതമാനമോ, അതില്‍ ഏതാണോ കുറവ് ആ തുക ധനസഹായമായി ലഭിക്കും. അടുത്ത നൂറ് വാഹനങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതമോ /ചെലവിന്‍റെ പത്തുശതമാനമോ ലഭിക്കും. 201 മുതല്‍ 300 വരെയുള്ള കാരവനുകള്‍ക്ക് രണ്ടര ലക്ഷം രൂപ വീതമോ/ ചെലവിന്‍റെ അഞ്ചുശതമാനമോ ലഭിക്കും. ഒരു വ്യക്തിക്ക് / സ്ഥാപനത്തിന് /ഗ്രൂപ്പിന് പരമാവധി അഞ്ച് കാരവനുകള്‍ വാങ്ങുന്നതിന് ധനസഹായം ലഭിക്കും. മൂന്നുവര്‍ഷത്തേക്കു മാത്രമേ ധനസഹായം ലഭിക്കുകയുള്ളൂ.

ഒരു സ്ഥാപനത്തിനോ, വ്യക്തിക്കോ അഞ്ചു കാരവനുകള്‍ വരെ വാങ്ങുന്നതിനുള്ള നിക്ഷേപ ധനസഹായം മൂന്നു വര്‍ഷത്തേക്ക് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. രണ്ടുപേര്‍ക്ക് യാത്ര ചെയ്യാവുന്നതും നാലുപേരടങ്ങുന്ന കുടുംബത്തിന് യാത്ര ചെയ്യാവുന്നതുമായ രണ്ടുതരത്തിലുള്ള കാരവനുകളാണ് സജ്ജമാക്കുന്നത്. സോഫ-കം- ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവന്‍, ഡൈനിംഗ് ടേബിള്‍, ടോയ്ലറ്റ് ക്യുബിക്കിള്‍, ഡ്രൈവര്‍ ക്യാബിനുമായുള്ള വിഭജനം, എസി, ഇന്‍റര്‍നെറ്റ് കണക്ഷന്‍, ഓഡിയോ വീഡിയോ സൗകര്യങ്ങള്‍, ചാര്‍ജിംഗ് സംവിധാനം, ജിപിഎസ് തുടങ്ങി സുഖപ്രദമായ താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൂറിസം കാരവനുകളില്‍ ക്രമീകരിക്കും. അതിഥികളുടെ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കാരവനുകളും ഐടി അധിഷ്ഠിത തത്സമയ നിരീക്ഷണ പരിധിയിലായിരിക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍ക്കനുസൃതമായി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ കാരവനുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പരിസ്ഥിതി സൗഹൃദമായ കാരവന്‍ പാര്‍ക്കുകള്‍ സൗകര്യങ്ങളുള്ള വീടുകളോട് ചേര്‍ന്നും തോട്ടങ്ങളിലും തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ കീഴിലും എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വിനോദസഞ്ചാരികളുടെ സുരക്ഷിതത്ത്വത്തിന് ഊന്നല്‍ നല്‍കി സ്ഥാപിക്കാം. അഞ്ച് കാരവനുകള്‍ ഒരേ സമയം പാര്‍ക്കു ചെയ്യാവുന്ന രീതിയില്‍ കുറഞ്ഞത് അന്‍പത് സെന്‍റ് ഭൂമി എങ്കിലും ഒരു പാര്‍ക്കിന് വേണം. ആക്റ്റിവിറ്റി ഏരിയ, താമസ സ്ഥലം, ഡ്രൈവര്‍മാര്‍ക്കുള്ള വിശ്രമമുറികള്‍, ഭക്ഷണശാല തുടങ്ങി അതിഥികള്‍ക്ക് സുഖപ്രദമായ താമസത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ഉണ്ടായിരിക്കണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close