
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചേദ്യം ചെയ്യും. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ചേദ്യം ചെയ്യൽ. ഇതിൽ നിന്നും ദിലീപിന് ഇനി ഒഴിഞ്ഞു മാറാൻ സാധിക്കില്ല. ജാമ്യ വ്യവസ്ഥകൾ കാരണം ചെയ്യലുമായി സഹകരിക്കേണ്ടി വരും. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാകും ചോദ്യം ചെയ്യുക.
കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കേസിലെ പ്രതിയായ ദിലീപ് അടക്കമുള്ളവർ നടിയെ ആക്രമിച്ച വിവരങ്ങൾ സംസാരിച്ചുവെന്നും താനിത് റിക്കോർഡ് ചെയ്തുവെന്നുമാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ചില നിർണ്ണായക വിവരങ്ങളും തെളിവുകളും സീൽ വച്ച കവറിൽ വിചാരണക്കോടതിയിൽ സമർപ്പിച്ചു. ഈ റെക്കോഡുകൾ അടങ്ങിയ ബാലചന്ദ്രകുമാറിന്റെ മൊബൈൽ ഫോണും സമർപ്പിച്ചുവെന്നാണ് സൂചന. ഇത് ഫോറൻസിക്കിന്റെ പരിശോധനക്ക് അയക്കും. നാളെ ഈ കേസിലെ മറ്റൊരു ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ വരും. ആ ഹർജിയിൽ ഹൈക്കോടതി നിലപാട് മനസ്സിലാക്കിയാകും ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുക. വിചാരണ നിർത്തി വയ്ക്കണമെന്നാണ് ഹൈക്കോടതിയിലെ ഹർജിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.
ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാനും പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഇതിനായി ഉടൻ കോടതിയിൽ അപേക്ഷ നൽകും. ഈ മാസം 20ന് മുമ്പ് വെളിപ്പെടുത്തലിൽ റിപ്പോർട്ട് വിചാരണക്കോടതി നിർദ്ദേശമുണ്ട്. ഇതിനകം ദിലീപിനെ ചോദ്യം ചെയ്ത് റിപ്പോർട്ട് കോടതിക്ക് കൈമാറും. വിചാരണ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജി 20നാണ് വീണ്ടും പരിഗണിക്കുന്നത്. കേസിലെ ഒന്നാം പ്രതി പൾസർ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശമുണ്ടെന്നതടക്കം ഗൗരവമേറിയ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാർ നടത്തിയത്.
ദിലീപും പൾസർ സുനിയുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുനരന്വേഷണത്തിന് പ്രത്യേക സംഘം മുന്നോട്ടുവന്നത്. സാക്ഷികളെ ഒരോരുത്തരെയായി വരും ദിവസങ്ങളിൽ വീണ്ടും ചോദ്യം ചെയ്യും. കേസിന്റെ വിചാരണഘട്ടം പൂർത്തിയാക്കാനിരിക്കെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഇത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണമാണ് ദിലീപ് ഉയർത്തുന്നത്.
ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി നിജസ്ഥിതി ബോദ്ധ്യപ്പെട്ടില്ലെങ്കിൽ അത് ക്രിമിനൽ നടപടിച്ചട്ടങ്ങളുടെ ലംഘനമാകുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. സാക്ഷി വിസ്താരത്തിനിടയിൽ വിചാരണക്കോടതിയുടെ നിലപാടുകൾ പ്രോസിക്യൂഷനെ ദുർബലമാക്കുന്നുവെന്ന ആരോപണമുന്നയിച്ച് രണ്ടാമത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടറും രാജി വച്ച സന്ദർഭത്തിലാണ് തുടരന്വേഷണ ഹർജി സമർപ്പിച്ചത്. കേസിന്റെ വിചാരണ പൂർത്തിയാക്കാൻ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ അഭ്യന്തര വകുപ്പ് നിയമിച്ചിട്ടില്ല.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..