KERALANEWS

ഗർഭിണിയേയും മകനെയും കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി; ശിക്ഷ നാളെ വിധിക്കും

മലപ്പുറം: മലപ്പുറം കാടാമ്പുഴയിലെ കൂട്ടക്കൊലപാതകത്തില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി പ്രതിക്ക് നാളെ ശിക്ഷ വിധിക്കും. കാടാമ്പുഴ പുലിക്കണ്ടം വലിയപീടിയേക്കൽ മരക്കാരുടെ മകൾ ഉമ്മുസൽമ (26), ഉമ്മുസൽമയുടെ മകൻ ദിൽഷാദ് (7) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉമ്മുസൽമയുടെ കാമുകനായ വെട്ടിച്ചിറ പുന്നത്തല ചാലിയത്തൊടി മുഹമ്മദ് ഷരീഫ് (41) ആണ് പ്രതി.

2017 മെയ് 22നായിരുന്നു കേസിനാസ്പദമായ സംഭവം. പൂർണ്ണ ഗർഭിണിയായ ഉമ്മുസൽമ കാരക്കോട് മേൽമുറിയിലെ വീട്ടിൽ കാവുംപുറം സ്‌കൂളിൽ രണ്ടാംക്ലാസ് വിദ്യാർത്ഥിയായ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. നേരത്തെ മൂന്നു വിവാഹം കഴിച്ച ഉമ്മുസൽമയെ കാമുകനായ പ്രതി നിരന്തരം സന്ദർശിക്കാറുണ്ടായിരുന്നു. വീട്ടിൽ കൽപണിക്ക് വന്നാണ് ഷരീഫ് ഉമ്മുസൽമയുമായി ബന്ധം സ്ഥാപിക്കുന്നത്. ഷരീഫിൽ നിന്നും ഉമ്മുസൽമ ഗർഭം ധരിച്ചു. ഇക്കാര്യം തന്റെ ഭാര്യ അറിയുമെന്ന ഭീതിയിൽ 2017 മെയ് 22ന് രാവിലെ 10 മണിക്ക് ഉമ്മുസൽമ താമസിക്കുന്ന വീട്ടിലെത്തിയ പ്രതി ഉമ്മുസൽമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

തുടർന്ന് കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയും ചെയ്തു. സംഭവം കണ്ട മകനെയും പ്രതി ഷാൾ ഉപയോഗിച്ച് കൊലപ്പെടുത്തുകയും കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയും ചെയ്തു. പൂർണ്ണ ഗർഭിണിയായ ഉമ്മുസൽമ പ്രതിയുടെ അക്രമത്തിനിടെ പ്രസവിച്ചു. ഈ കുഞ്ഞും മരണപ്പെട്ടു.

മെയ് 25ന് വീടിനകത്തു നിന്നും ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 2017 ജൂൺ നാലിന് കരിപ്പോളിൽ വെച്ച് അന്വേഷണ ഉദ്യോഗസ്ഥനായ വളാഞ്ചേരി സിഐ കെ. എം സുലൈമാൻ പ്രതി ഷരീഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിറ്റേ ദിവസം കോടതിയിൽ ഹാജരാക്കാനിരിക്കെ പ്രതി സ്വന്തം കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കേസിൽ 74 സാക്ഷികളുണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close