KERALANEWS

വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും; ഹരിത അംഗങ്ങളുടെ പരാതിയിൽ എംഎസ്എഫ് നേതാക്കൾക്ക് എതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: ലൈംഗികാധിക്ഷേപം നടത്തിയെന്ന ‘ഹരിത’ സബ് കമ്മിറ്റി അംഗങ്ങളായ പെൺകുട്ടികളുടെ പരാതിയിൽ എംഎസ്എഫ് നേതാക്കൾക്ക് എതിരെ പൊലീസ് കേസെടുത്തു. ഹരിത പ്രവർത്തകരുടെ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് എന്നിവർക്കെതിരെയാണ് കേസ്. ലൈംഗിക ചുവയുള്ള സംസാരത്തിന് 354(A)വകുപ്പ് പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തത്.

ജൂൺ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഹരിതയിലെ സംഘടനാ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. സമാനമായ രീതിയിലായിരുന്നു അബ്ദുൾ വഹാബിന്റെയും പ്രതികരണം.

എംഎസ്എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളെ ലൈംഗീക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകർക്കാൻ ശ്രമിക്കുകയാണെന്നും ഹരിത നേതാക്കൾ ആരോപിച്ചതിരുന്നു.

അതേസമയം, എംഎസ്എഫ് നേതൃത്വത്തിന് എതിരെ രംഗത്തുവന്ന ഹരിത സംസ്ഥാന സമിതിയുടെ പ്രവർത്തനം മുസ്ലിം ലീഗ് മരവിപ്പിച്ചു. വനിതാ പ്രവർത്തകർക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന ആരോപണം നേരിടുന്ന എംഎസ്എഫ് പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് തുടങ്ങിയവരോട് രണ്ടാഴ്ചക്കകം വിശദീകരണം നൽകാനും മുസ്ലീംലീഗ് നേതൃത്വം നിർദേശിച്ചു.

എംഎസ്എഫ് പ്രവർത്തകരും ഹരിത ഭാരവാഹികളും തമ്മിലുള്ള അഭിപ്രായഭിന്നതകൾ പരിഹരിക്കാൻ പാർട്ടി ശ്രമിക്കുന്നതിനിടെ, ഹരിത സംസ്ഥാന ഭാരവാഹികൾ അച്ചടക്ക ലംഘനം നടത്തിയതായി ലീഗിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. പ്രശ്‌നങ്ങൾ അകത്തുപറഞ്ഞു തീർക്കുന്നതിന് പകരം വിവാദം പൊതുസമൂഹത്തിലേക്ക് വലിച്ചിഴച്ചത് ഗുരുതര അച്ചടക്ക ലംഘനമാണ് എന്ന് കാട്ടിയാണ് ലീഗ് നേതൃത്വം ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചത്. ലൈംഗികമായി അധിക്ഷേപിച്ചു എന്ന ആരോപണത്തിൽ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ എംഎസ്എഫ് നേതാക്കൾക്കെതിരെ തുടർനടപടി സ്വീകരിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.

പരാതി പിൻവലിച്ചാൽ നടപടിയെ കുറിച്ച് ആലോചിക്കാമെന്ന് ലീഗും നടപടിയെടുത്താൽ പരാതി പിൻവലിക്കാമെന്ന നിലപാടിൽ ഹരിതയും ഉറച്ച് നിന്നതോടെയാണ് കമ്മിറ്റി പിരിച്ച് വിടാൻ ലീഗ് തീരുമാനിച്ചത്. പ്രശ്‌ന പരിഹാരത്തിനിടെ വനിതാ കമ്മീഷനിൽ പരാതി നൽകിയത് അച്ചടക്ക ലംഘനമാണെന്ന് കാട്ടി നേരത്തെ തന്നെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം രംഗത്തെത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close