
തിരുവനന്തപുരം: ദിനംപ്രതി രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോൾ സ്കൂൾ ബസ് യാത്രാ നിരക്കും അതിനനുസൃതമായി കൂട്ടേണ്ടി വരുമെന്ന് സിബിഎസ്ഇ സ്കൂളുകളുടെ അസോസിയേഷൻ. യാത്രാ സൗകര്യങ്ങളുടെ കാര്യത്തിൽ ആരംഭത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാമെന്നും അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു.
സ്കൂളുകൾ തുറക്കുമ്പോഴുള്ള തയ്യാറെടുപ്പുകളും പ്രശ്നങ്ങളും ചർച്ച ചെയ്യാൻ ചേർന്ന സിബിഎസ്ഇ സ്കൂളുകളിലെ പ്രിൻസിപ്പൽമാരുടെയും അധ്യാപകരുടെയും കൂട്ടായ്മയായ കൊച്ചി മെട്രോ സഹോദയ യോഗത്തിലാണ് വിവിധ പ്രശ്ങ്ങൾ സംബന്ധിച്ച വിലയിരുത്തൽ നടത്തിയത്. സ്കൂൾ ബസുകളുടെ ക്രമീകരണമാണ് വലിയ വെല്ലുവിളി. നിലവിൽ ഒരു സീറ്റിൽ ഇരുത്താവുന്നത് ഒരു കുട്ടിയെയാണ്. കോവിഡ് കാലത്ത് ഓടാതെ കിടന്ന ബസിന്റെ അറ്റകുറ്റ പണികൾക്ക് ഭീമമായ തുകയാണ് ചെലവാകുക. ഇന്ധന വില വർധിച്ചതിനാൽ സ്കൂൾ ബസിന്റെ നിരക്കിലും വർധനയുണ്ടാകും.