INDIANEWSTECHTop News

രാജ്യത്ത് ഡ്രോൺ ഉപയോഗത്തിന് പുതിയ ചട്ടങ്ങൾ തയ്യാറാവുന്നു: കരട് പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ; പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ അവസരം

ന്യൂഡല്‍ഹി: പൊതുജനാഭിപ്രായം തേടുന്നതിനായി കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം പരിഷ്‌കരിച്ച ഡ്രോണ്‍ ചട്ടങ്ങള്‍ (Draft Drone Rules, 2021) പുറത്തിറക്കി. ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്ന നടപടി ക്രമങ്ങള്‍ ലളിതമാക്കുന്ന പുതിയ കരട് ചട്ടങ്ങളില്‍ ഓഗസ്റ്റ് അഞ്ച് വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനും അവസരമുണ്ട്.

ജമ്മു കശ്മീരിൽ അടക്കം തുടർച്ചയായി ഡ്രോൺ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ആഭ്യന്തര ഡ്രോൺ ഉപയോ​ഗത്തിന് പുതിയ ചട്ടങ്ങൾ ഏർപ്പെടുത്തിയത്. നേരത്തെയുള്ള ചട്ടങ്ങളിൽ നിന്ന് വാണിജ്യ ആവശ്യങ്ങൾ കണക്കിലെടുത്ത് ഇളവുകൾ നൽകുമ്പോഴും സുരക്ഷ ഉറപ്പാക്കിയാണ് പുതിയ കരട് പുറത്തിറക്കിയിരിക്കുന്നത്.

പൊതുജനങ്ങൾക്ക് അടുത്ത മാസം അഞ്ചാം തിയതി വരെ അഭിപ്രായങ്ങൾ അറിയിക്കാം. തീരെ ചെറിയ ഡ്രോണുകൾക്കും ​ഗവേഷണ ആവശ്യത്തിനുള്ള ഡ്രോണുകൾക്കും ലൈസൻസ് ആവശ്യമില്ല. രണ്ട് കിലോ​ഗ്രാമിന് മുകളിൽ ഭാരമുള്ള ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നിർബന്ധമാണ്.10 വർഷമായിരിക്കും ലൈസൻസ് കാലാവധി. 18 വയസ് കഴിഞ്ഞവർക്കാണ് ലൈസൻസ് നൽകുക.

ജമ്മു വിമാനത്താവളത്തിൽ ഡ്രോൺ ഉപയോ​ഗിച്ച് ഭീകരാക്രമണം നടന്നതിന് പിന്നാലെ ഡ്രോണുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ജമ്മു വിമാനത്താവളത്തിലെ ആക്രമണത്തിന് ശേഷവും നിരവധി തവണ ഡ്രോണുകൾ കണ്ടിരുന്നു. സൈന്യം ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്. അതിർത്തി പ്രദേശങ്ങളിൽ സൈന്യം നടത്തിയ തിരച്ചിലിലും ഡ്രോണുകൾ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.

കരട് ഡ്രോണ്‍ ചട്ടങ്ങളിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ..

⇰ ഡ്രോണ്‍ പ്രവര്‍ത്തനത്തിനുള്ള അംഗീകാരത്തിനായി പൂരിപ്പിച്ച് നല്‍കേണ്ട ഫോമുകളുടെ എണ്ണം 25ല്‍ നിന്ന് ആറായി.

⇰ ഫീസ് നാമമാത്ര നിലവാരത്തിലേക്ക് കുറച്ചു.

⇰ ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വിലക്കുള്ള യെല്ലോ സോണ്‍ വിമാനത്താവളത്തിന്റെ 45 കി.മീ പരിധിയില്‍ നിന്ന് 12 കി.മീ ആക്കി കുറച്ചു.

⇰ ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോം ഒരു ബിസിനസ് സൗഹൃദ, ഏകജാലക ഓണ്‍ലൈന്‍ സംവിധാനമായി വികസിപ്പിക്കും.

⇰ ഗ്രീന്‍, യെല്ലോ, റെഡ് മേഖലകളുള്ള വ്യോമാതിര്‍ത്തി ഭൂപടം, ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കും.

⇰ ഗ്രീന്‍ സോണ്‍ മേഖലയില്‍ 400 അടി വരെയും, എയര്‍പോര്‍ട്ട് പരിധിക്കുള്ളില്‍ നിന്ന് 8 മുതല്‍ 12 കിലോമീറ്റര്‍ വരെ പ്രദേശത്ത് 200 അടി വരെയും ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഫ്‌ളൈറ്റ് അനുമതി ആവശ്യമില്ല.

⇰ മൈക്രോ ഡ്രോണുകള്‍ക്കും (വാണിജ്യേതര ഉപയോഗത്തിന്), നാനോ ഡ്രോണ്‍, ഗവേഷണ-വികസന സ്ഥാപനങ്ങള്‍ക്കും പൈലറ്റ് ലൈസന്‍സ് ആവശ്യമില്ല.

⇰ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഡ്രോണ്‍ പ്രവര്‍ത്തനത്തിന് നിയന്ത്രണമില്ല.

⇰ ഡ്രോണുകളുടെയും, ഡ്രോണ്‍ ഘടകങ്ങളുടെയും ഇറക്കുമതിഡി ജി എഫ് ടി നിയന്ത്രിക്കും

⇰ ഏതെങ്കിലും രജിസ്‌ട്രേഷനോ അല്ലെങ്കില്‍ ലൈസന്‍സ് നല്‍കുന്നതിന് മുന്‍പായോ സുരക്ഷാ അനുമതി ആവശ്യമില്ല.

⇰ ഗവേഷണ-വികസന സ്ഥാപനങ്ങള്‍ക്ക്,വായു സഞ്ചാര യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ നമ്പര്‍, മുന്‍കൂര്‍ അനുമതി, വിദൂര പൈലറ്റ് ലൈസന്‍സ് എന്നിവ ആവശ്യമില്ല.

⇰ 2021 ലെ ഡ്രോണ്‍ നിയമപ്രകാരം ഡ്രോണ്‍ ഭാര പരിധി 300 കിലോ ഗ്രാമില്‍ നിന്ന് 500 കിലോഗ്രാം ആയി വര്‍ധിപ്പിച്ചു. ഇതില്‍ ഡ്രോണ്‍ ടാക്‌സികളും ഉള്‍ക്കൊള്ളുന്നു.

⇰ എല്ലാ ഡ്രോണ്‍ പരിശീലനവും പരിശോധനയും ഒരു അംഗീകൃത ഡ്രോണ്‍ സ്‌കൂളാണ് നടത്തേണ്ടത്. ഡിജിസിഎ, ആവശ്യമായ പരിശീലന മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും, ഡ്രോണ്‍ സ്‌കൂളുകളുടെ മേല്‍നോട്ടം വഹിക്കുകയും, ഓണ്‍ലൈനില്‍ പൈലറ്റ് ലൈസന്‍സുകള്‍ നല്‍കുകയും ചെയ്യും.

⇰ വായു സഞ്ചാര യോഗ്യത സര്‍ട്ടിഫിക്കറ്റ് വിതരണ ചുമതല, ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും, ഈസ്ഥാപനം അധികാരപ്പെടുത്തിയ മറ്റുസ്ഥാപനങ്ങള്‍ക്കും നല്‍കിയിരിക്കുന്നു

⇰ സ്വയം സര്‍ട്ടിഫിക്കേഷന്‍ മാര്‍ഗത്തിലൂടെ, നിര്‍മ്മാതാവിന് അവരുടെ ഡ്രോണിന്റെ തനതായ തിരിച്ചറിയല്‍ നമ്പര്‍ (unique identification number) ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോമില്‍ സൃഷ്ടിക്കാന്‍ കഴിയും.

⇰ ഡ്രോണുകള്‍ കൈമാറുന്നതിനും ഡീ രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള പ്രക്രിയലളിതമാക്കി.

⇰ ഉപയോക്താക്കള്‍ക്ക് സ്വയം നിരീക്ഷിക്കുന്നതിനായി, ഡിജിസിഎ, ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്ഫോമില്‍, പ്രവര്‍ത്തന ചട്ടങ്ങളും പരിശീലന നടപടിക്രമ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വിശദമാക്കും.

⇰ 2021, ഡ്രോണ്‍ ചട്ട പ്രകാരം പരമാവധി പിഴ 1 ലക്ഷം രൂപയായി കുറച്ചു. എന്നിരുന്നാലും, മറ്റ് നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട പിഴകള്‍ക്ക് ഇത് ബാധകമല്ല.

⇰ ചരക്ക് വിതരണത്തിനായി ഡ്രോണ്‍ ഇടനാഴികള്‍ വികസിപ്പിക്കും.

⇰ ഡ്രോണ്‍ നിയന്ത്രണ നടപടികള്‍ ബിസിനസ് സൗഹൃദമാക്കുന്നതിന്, ഡ്രോണ്‍ പ്രൊമോഷന്‍ കൗണ്‍സില്‍ രൂപീകരിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close