KERALANEWSTop News

സ്വപ്നയ്ക്ക് ‘കരുതൽ തടങ്കൽ’; ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: സ്വപ്‍ന സുരേഷിന് എതിരെ സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്ര സർക്കാർ. കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെയാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.

സെൻട്രൽ ഇക്കോണോമിക് ഇന്റിലിജൻസ് ബ്യുറോയിലെ സ്‌പെഷ്യൽ സെക്രട്ടറി, കമ്മീഷണർ ഓഫ് കസ്റ്റംസ് എന്നിവർ ഉൾപ്പെടെയുള്ളവരാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. ആവശ്യമായ രേഖകൾ പരിശോധിച്ച ശേഷമാണ് സ്വപ്‍ന സുരേഷിന്റെ കരുതൽ തടങ്കൽ ഉത്തരവ് ഇറക്കിയത് എന്ന് കേന്ദ്ര സർക്കാർ പറയുന്നു. സ്വർണ്ണകടത്ത് കേസിലെ മറ്റ് ആറ് പ്രതികളുടെ കോഫെപോസെ നിയമപ്രകാരം ഉള്ള കരുതൽ തടങ്കൽ കോടതികൾ ശരിവച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ ഹർജിയിൽ പറയുന്നു.

സ്വർണക്കടത്തുകേസിൽ കേസിൽ ജാമ്യം ലഭിച്ച് സ്വപ്ന സുരേഷ് ഈ മാസം ആറിന് ആണ് ജയിൽ മോചിതയായത്. അറസ്റ്റിലായി ഒരു വർഷവും മൂന്ന് മാസവും പിന്നിടുമ്പോഴാണ് സ്വപ്ന ജയിലിൽ നിന്നിറങ്ങിയത്. ജാമ്യം നേരത്തെ ലഭിച്ചെങ്കിലും ഉപാധികളിലെ നടപടി ക്രമങ്ങൾ നീണ്ടുപോയതാണ് മോചനം വൈകിയത്.

പിന്നാലെ, ദിവസങ്ങൾക്ക് മുമ്പ് സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കുകയും ചെയ്തു. എൻഫോഴ്സ്മെൻറ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എറണാകുളം ജില്ല വിട്ടു പോകാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയത്. വീട് തിരുവന്തപുരത്തായതിനാല്‍ എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ നീക്കണമെന്നാവശ്യപ്പെട്ടാണ് സ്വപ്ന കോടതിയെ സമീപിച്ചത്. സ്വപ്നയുടെ ആവശ്യത്തെ ഇ.ഡിയും അനുകൂലിച്ചിരുന്നു. എന്നാല്‍ മുൻകൂർ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്ന് ഉത്തരവിലുണ്ട്.

ഒരു വ‌ർഷത്തെ ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ സ്വപ്ന സുരേഷ് വീട്ടിൽ വിശ്രമത്തിലാണെന്ന് അമ്മ പ്രഭ. ജയിലിലായ ശേഷമുണ്ടായ മാനസിക – ശാരീരിക ആരോഗ്യ പ്രശ്നങ്ങളെ അതിജീവിച്ചശേഷം കേസുകളെ നേരിടാനും കുടുംബ ജീവിതവുമായി മുന്നോട്ട് പോകാനുമുള്ള തയ്യാറെടുപ്പിലാണ് സ്വപ്നയെന്നും അമ്മ പ്രഭ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച് ജയില്‍മോചിതയായ സ്വപ്‌ന സുരേഷ് നേരെ ബാലരാമപുരത്തെ വീട്ടിലേക്കാണ് എത്തിയത്. ശനിയാഴ്ച ഉച്ചയോടെ അമ്മ പ്രഭാ സുരേഷിനൊപ്പം വീട്ടിലെത്തിയ സ്വപ്‌നയ്ക്ക് ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ ഇപ്പോള്‍ ഒന്നും പ്രതികരിക്കാനില്ലെന്നും കുറേകാര്യങ്ങള്‍ പറയാനുണ്ടെന്നും പ്രഭാ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം പിന്നീട് പറയാമെന്നായിരുന്നു ജയില്‍ മോചിതയായ ഉടന്‍ സ്വപ്‌ന സുരേഷിന്റെയും പ്രതികരണം. ഒരുപക്ഷേ, അഭിഭാഷകരെ കണ്ടതിന് ശേഷമായിരിക്കും സ്വപ്‌ന മാധ്യമങ്ങളോട് പ്രതികരിക്കുക.

അടുത്ത ബന്ധുക്കളിൽ ചിലർ മാത്രമാണ് സ്വപ്നയെ ഇന്നലെ സന്ദർശിച്ചത്. പുറത്തുനിന്നാരുമായും കൂടിക്കാഴ്ചയ്ക്ക് സ്വപ്ന തയ്യാറായിട്ടില്ല. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നഗരത്തിലെ ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയ്ക്ക് ഒരുങ്ങുകയാണ് സ്വപ്‌ന. കേസന്വേഷണവും ജയിൽവാസവുമാണ് സ്വപ്നയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായതെന്ന് അമ്മ പ്രഭ പറഞ്ഞു. ജയിൽ ഭക്ഷണത്തോടുള്ള അനിഷ്ടം ആഹാരത്തോട് വെറുപ്പുണ്ടാകാനും ശരീരം ക്ഷീണിക്കാനും കാരണമായി. ജാമ്യം ലഭിക്കാൻ വൈകിയത് മാനസിക പിരിമുറുക്കത്തിന് ഇടയാക്കി. ഉറക്കക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളുമുണ്ടായിരുന്നു എന്നും അമ്മ പ്രഭ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close