NEWSSPORTSTop News

ഐ.പി.എൽ ത്രില്ലർ പോരിൽ കൊൽക്കത്തയെ തോൽപ്പിച്ച് ‘ചെന്നൈ എക്സ്പ്രസ്’; മഞ്ഞപ്പട വീണ്ടും ഒന്നാം സ്ഥാനത്ത്

അബുദാബി : ഒരു ക്രിക്കറ്റ് മത്സരം എന്ന് പറഞ്ഞാൽ എങ്ങനെയായിരിക്കണമെന്നാണ് ഇന്നലെ നടന്ന മത്സരത്തിലൂടെ ചെന്നൈയും കൊൽക്കത്തയും കാണിച്ചുതന്നത്. അബുദാബി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് രണ്ടു വിക്കറ്റിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചു. ജയത്തോടെ പോയിൻറ് പട്ടികയിൽ ചെന്നൈ സൂപ്പർ കിങ്സ് ഒന്നാംസ്ഥാനത്ത് എത്തി. പരാജയപ്പെട്ടെങ്കിലും നെറ്റ് റൺ റേറ്റിൻ്റെ അടിസ്ഥാനത്തിൽ കൊൽക്കത്ത നാലാം സ്ഥാനത്തു തന്നെ തുടർന്നു. 8 പന്തിൽ നിന്ന് 22 റൺസ് നേടുകയും ഒരു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.

സ്കോർ : കൊൽക്കത്ത 171-6(20)
ചെന്നൈ 172-8(20)

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. ആദ്യ ഓവറിൽ തന്നെ ഓപ്പണർ ശുഭ്മാൻ ഗില്ലി(9)നെ നഷ്ടമായി. കഴിഞ്ഞ കളിയിലെ താരങ്ങളായ വെങ്കിടേഷ് അയ്യർ(18), രാഹുൽ ത്രിപതി(45) എന്നിവർ കൂട്ടുകെട്ട് പടുത്തുയർത്താൻ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ ചെന്നൈ വിക്കറ്റ് വീഴ്ത്തി. റാണ(37), റസ്സൽ(20), കാർത്തിക്(26) എന്നിവർ അവസാന ഓവറുകളിൽ സ്കോറിങ്ങിന് വേഗത കൂട്ടി. ചെന്നൈക്ക് വേണ്ടി ഹാസിൽവുഡ്, താക്കൂർ എന്നിവർ രണ്ടും ജഡേജ ഒന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ഓപ്പണർമാരായ ഫാഫ് ഡു പ്ലെസിയും(43) ഋതുരാജ് ഗായിക്വാടും(40) മികച്ച തുടക്കം നൽകി. പിന്നീട് ക്രീസിലെത്തിയ അലി(32) ചെന്നൈയെ വളരെ പെട്ടെന്ന് തന്നെ വിജയത്തിലെത്തിക്കാൻ ശ്രമിച്ചു. പക്ഷേ കൊൽക്കത്ത ബൗളർമാർ ആഞ്ഞടിച്ചപ്പോൾ ചെന്നൈ 138-3 എന്ന നിലയിൽ നിന്ന് 142-6 എന്ന നിലയിലേക്ക് കൂപ്പുകുത്തി. അവസാന രണ്ടു ഓവറിൽ ചെന്നൈക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 26 റൺസ്. പ്രസീദ് എറിഞ്ഞ പത്തൊൻപതാം ഓവറിൽ ജഡേജ 2 വീതം സിക്സും ഫോറുമടക്കം 22 റൺസ് നേടി. അവസാന ഓവറിൽ വെറും 4 റൺസ് മാത്രം ലക്ഷ്യം വെച്ചു. അവസാന ഓവർ എറിയാൻ എത്തിയത് സുനിൽ നരൈൻ. ആദ്യ ബോളിൽ സാം കറനെ പുറത്താക്കി നരൈൻ കൊൽക്കത്തക്ക് പ്രതീക്ഷ നൽകി. അടുത്ത പന്തിൽ റൺസെടുക്കാൻ താക്കൂറിന് സാധിച്ചില്ല. മൂന്നാം പന്തിൽ താക്കൂർ 3 റൺസ് നേടി സ്കോർ സമനിലയാക്കി. നാലാം പന്തിൽ ജഡേജക്ക് റൺസെടുക്കാൻ സാധിച്ചില്ല. അഞ്ചാം പന്തിൽ ജഡേജയെ വിക്കറ്റിന് മുന്നിൽ കുടുക്കി നരൈൻ കൊൽക്കത്ത ആരാധകർക്ക് പ്രതീക്ഷ നൽകിയെങ്കിലും അവസാന പന്തിൽ ദീപക് ചാഹർ ഒരു റൺസെടുത്ത് ചെന്നൈക്ക് വിജയം സമ്മാനിച്ചു. കൊൽക്കത്തക്ക് വേണ്ടി നരൈൻ മൂന്നും പ്രസീദ്, ചക്രവർത്തി, ഫെർഗൂസൻ, റസ്സൽ എന്നിവർ ഓരോ വിക്കറ്റും നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close