INDIANEWS

ചെന്നൈ എയർപോർട്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ യാത്രക്കാർ; തിരക്കിനിടയിൽ എന്തു ചെയ്യണമെന്നറിയാതെ പരുങ്ങലിലായി അധികൃതർ

ചെന്നൈ: ഗൾഫിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ അടുത്തടുത്ത് വന്നതോടെ ചെന്നൈ വിമാനത്താവളത്തിൽ കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം. യാത്രക്കാർ യാതൊരു നിയന്ത്രണവുമില്ലാതെ സുരക്ഷാ പരിശോധനയ്ക്കും കൊവിഡ് പരിശോധനയ്ക്കുമായി തിരക്ക് കൂട്ടിയപ്പോൾ അധികൃതരും എന്തു ചെയ്യണമെന്നറിയാതെ പരുങ്ങലിലായി. യാത്രക്കാർ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോകളിൽ നിന്നുമാണ് വിമാനത്താവളത്തിലെ തിരക്ക് പുറത്ത് അറിഞ്ഞത്.

72 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അന്താരാഷ്ട്ര യാത്രകളിൽ നിർബന്ധമാണെങ്കിലും ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തിയതിനു ശേഷവും കൊവിഡ് ടെസ്റ്റ് നിർബന്ധമായും എടുക്കണം. ഇത്തരത്തിൽ കൊവിഡ് ടെസ്റ്റ് എടുക്കാനുള്ളവരുടേയും ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടവരുടേയും നീണ്ട നിര തന്നെ ചെന്നൈ എയർപോർട്ടിൽ ഉണ്ടായിരുന്നു.
യാത്രക്കാർ വളരെയധികം കൂടിയിട്ടും എയർപോർട്ട് അധികൃതർ മൂന്ന് ഇമിഗ്രേഷൻ കൗണ്ടറുകൾ മാത്രമാണ് തുറന്നിരുന്നതെന്നും യാത്രക്കാരുടെ പ്രതിഷേധം ശക്തമായപ്പോൾ മാത്രമാണ് അവർ രണ്ട് കൗണ്ടറുകൾ കൂടി തുറക്കാൻ തയ്യാറായതെന്നും ഒരു യാത്രക്കാരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ചെന്നൈ എയർപോർട്ടിൽ നിലവിലെ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ഉള്ള സംവിധാനങ്ങൾ വളരെ കുറവാണെന്നും ചില യാത്രക്കാർക്കുള്ള നിർബന്ധിത കൊവിഡ് പരിശോധന എയർപോർട്ട് ഉദ്യോഗസ്ഥരിൽ അമിത സമ്മർദ്ദം ഉണ്ടാക്കുന്നുണ്ടെന്നും എയർപോർട്ട് ഡയറക്ടർ ഡി ശരത് കുമാർ വ്യക്തമാക്കി. നിലവിലെ പ്രശ്നങ്ങൾ ഉയർന്ന അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും ഇന്ന് ഉണ്ടായതുപോലുള്ളൊരു പ്രതിസന്ധി ഇനിമേൽ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ഉടനെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close