KERALANEWSTrending

ഒരമ്മയ്ക്ക് മകനെ തിരികെ ലഭിക്കുമ്പോൾ നഷ്ടമാകുന്നത് മറ്റൊരമ്മയ്ക്ക്; കാണാതെ പോകരുത് ആ പോറ്റമ്മയുടെ വേദന…; സമാനമായ കഥാസന്ദർഭമുള്ള മാമാട്ടിക്കുട്ടിയമ്മയുടെയും നൊമ്പരപ്പെടുത്തിയ മറ്റ് ദത്ത് സിനിമകളുടെയും കഥ ഇങ്ങനെ

സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാനായി ഒരമ്മ നടത്തുന്ന സമര പോരാട്ടമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഒരു അമ്മയ്ക്ക് തന്റെ മകനെ തിരികെ കിട്ടുമ്പോൾ നഷ്ടമാകുന്നത് മറ്റൊരു അമ്മയ്ക്കാണ്. നൊന്തു പ്രസവിച്ചില്ലെങ്കിലും അവരും ഒരു അമ്മയല്ലേ. സ്വന്തം അമ്മയുടെ നെഞ്ചിന്റെ ചൂടേൽക്കാതെ വളർന്ന അവനു എല്ലാം ഇവരായിരിക്കും. ആ കൈകളിൽ നിന്നും അവനെ അടർത്തിമാറ്റുമ്പോൾ എന്തായിരുന്നു ആ അമ്മയുടെയും അച്ഛന്റെയും മനസ്സിൽ? ഉള്ളുപൊള്ളുന്ന വേദനയിൽ തങ്ങളുടെ സ്വന്തമെന്നു കരുതി വളർത്തിയ കുഞ്ഞിനെ തിരികെ കൊടുക്കുന്ന അവസ്ഥ അത്രത്തോളം വേദന നിറഞ്ഞതായിരിക്കണം.

വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും കുട്ടികളില്ലാതിരുന്ന ആ ദമ്പതികൾ എത്ര പ്രതീക്ഷയോടെയാവും ഒരു കുഞ്ഞിനെ ദത്തെടുത്തത്. അമ്മയുടെ ചൂടും അച്ഛന്റെ ലാളനയും അനുഭവിക്കാൻ ഭാഗ്യമില്ലാതെപോയ ഒരു പൊന്നോമനയെ സ്വന്തമാക്കുമ്പോൾ അവനു ലഭിക്കാതെ പോയ എല്ലാം കൊടുക്കണമെന്നും തങ്ങളുടെ ഇനിയുള്ള ജീവിതത്തിന് അർഥവും നിറവുമുണ്ടാകുമെന്നും അവർ സ്വപ്നം കണ്ടിട്ടുണ്ടാവും. ഈ രാജ്യത്തെ, ലളിതമല്ലാത്ത ദത്തെടുക്കൽ നിയമങ്ങളെല്ലാം പാലിച്ച്, കാത്തുകാത്തിരുന്നാണ് ഒടുവിൽ അവരും ഒരമ്മയും അച്ഛനുമായത്. എന്നാൽ ആ കുഞ്ഞിനെ നെഞ്ചോടു ചേർക്കുമ്പോൾ ഒരിക്കലും ആ അമ്മ വിചാരിച്ചിരിക്കില്ല ഇങ്ങനെയൊരു വേർപിരിയൽ.

‘മനസ്സു നിറയെ ആന്ധ്രയിലെ ആ ദമ്പതികളാണ്, അവരുടെ വേദനയാണ്’– ദത്തു വിവാദവുമായി ബന്ധപ്പെട്ട് ആന്ധ്രയിൽനിന്ന് കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിക്കുമെന്ന വാർത്ത വന്നതുമുതൽ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ് ആ ദമ്പതികളെപ്പറ്റിയുള്ള ചിന്തകൾ. ഒന്നാലോചിച്ചു നോക്കൂ, എത്ര ആഹ്ലാദത്തോടെയാകും ആ കുഞ്ഞു വന്നതു മുതൽ അവർ ജീവിതത്തെ കണ്ടു തുടങ്ങിയിരിക്കുക? അതിന്റെ ചിരിയും കരച്ചിലും എന്തൊക്കെ പ്രതീക്ഷകളാകും അവരിൽ നിറച്ചിരിക്കുക? ഏറെക്കാലം കുട്ടികൾ ഇല്ലാതിരുന്നിട്ട് ഒരു കുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചെങ്കിൽ അവർ എത്രത്തോളം അത് ആഗ്രഹിച്ചിരിക്കാം? ആ കുഞ്ഞാവില്ലേ അവരുടെ മുന്നോട്ടുള്ള ജീവിതത്തിന് പ്രചോദനമായിരിക്കുക?

കുഞ്ഞിനെ ലഭിച്ച് മാസങ്ങൾക്കകം തന്നെ അവർ ഗ്രാമത്തിൽനിന്നു പട്ടണത്തിലേക്കു ചേക്കേറിയത് അതിന്റെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചിന്തിച്ചിട്ടാകാം. നാലു വർഷം മുൻപാണ് അവർ കു‍ഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചത്. സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് ഏജൻസിയിൽ റജിസ്റ്റർ ചെയ്ത് തുടങ്ങിയ കാത്തിരിപ്പ് രാജ്യത്തിന്റെ പൊതു നിയമത്തെയും രണ്ടു സംസ്ഥാനങ്ങളുടെ ദത്തെടുക്കൽ നൂലാമാലകളെയും പിന്നിട്ട് അവരുടെ കൈകളിൽ എത്തിയത് ഈ വർഷം ഓഗസ്റ്റ് ഏഴിനും. എന്നാൽ എല്ലാ നിയമങ്ങളും പാലിച്ച് ദത്തെടുത്ത കുഞ്ഞിനെ അതേ നിയമസംവിധാനം തന്നെ, ഒരു രാത്രിയിലെത്തി തിരിച്ചെടുത്തു. മൂന്നു മാസമേ കൂടെയുണ്ടായിരുന്നുണ്ടെങ്കിലും ഒരു ഒരായുഷ്കാലത്തേക്ക് നീറുന്ന നോവായി ആ അച്ഛന്റെയും അമ്മയുടെയും ഉള്ളിൽ കുഞ്ഞുകരച്ചിലുകൾ നിറയില്ലേ?

പെറ്റമ്മയ്ക്കു നീതി ലഭിക്കുമ്പോൾ പോറ്റമ്മയ്ക്കു മുന്നിൽ ഒരു വാതിൽ അടയുകയാണ്. പെറ്റമ്മയുടെ നെഞ്ചുപിളർക്കുന്ന നിലവിളിക്കു കാതുകൊടുത്ത നീതിപീഠം, ഏതു തുലാസ്സിലാവും ആ പാവം പോറ്റമ്മയുടെ നിസ്സഹായമായ കരച്ചിലിനെയളക്കുക? ജനിച്ച് മൂന്നു ദിവസം മാത്രമുള്ളപ്പോൾ പെറ്റമ്മയെ പിരിഞ്ഞ് ആരുടെയൊക്കെയോ കൈകളിലേക്ക് പോയി, വീണ്ടും മറ്റൊരു അമ്മച്ചൂടിൽനിന്ന് അകലുന്ന ആ കുഞ്ഞിന്റെ അവസ്ഥയും ആരും ചിന്തിക്കുന്നില്ല.

അമ്മയ്ക്ക് കുഞ്ഞിനെ തിരികെ നൽകണമെന്നാഗ്രഹിക്കുന്നവരും കുഞ്ഞിനെ ദത്തെടുത്തവരുടെ മാനസികാവസ്ഥ പരിഗണിക്കണമെന്ന ആവശ്യമുന്നയിക്കുന്നവരും നമുക്കുചുറ്റുമുണ്ട്. മറ്റൊരു വശത്ത് ആർക്കൊപ്പം നിൽക്കണമെന്നറിയാത്ത ഒരു വിഭാഗവും..

ഇത്തരം മാനുഷിക വികാരങ്ങൾ പ്രമേയമാക്കിയ നിരവധി സിനിമകൾ ഒരുകാലത്ത് മലയാളത്തിലിറങ്ങിയിരുന്നു. ഭാര്യാഭർത്തൃ ബന്ധവും കുഞ്ഞുങ്ങളും ജീവിതത്തിൽ അവിചാരിതമായുണ്ടായേക്കാവുന്ന സ്വാഭാവിക സംഘർഷങ്ങളും ശുഭപര്യവസായിയായ അന്ത്യവും എൺപതുകളിലെ മലയാള സിനിമയുടെ ഇഷ്ടവിഷയമായിരുന്നു. ഏതാണ്ട് ഇതേ കാലത്തു തന്നെയാണ് ദത്ത് ഒരു പ്രമേയമായി മലയാള സിനിമയിലേക്കു കടന്നുവന്നതും.

മലയാളികൾ എക്കാലത്തും ഗൃഹാതുരതയോടെയും തെല്ല് നൊമ്പരത്തോടെയും ഓർമ്മിക്കുന്ന സിനിമയാണ് ഫാസിലിന്റെ സംവിധാനത്തിൽ 1983 ൽ പുറത്തിറങ്ങിയ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്. ദത്തെടുക്കൽ വിഷയമാക്കി മലയാളത്തിലുണ്ടായ ഏറ്റവും ജനപ്രിയ സിനിമയും ഇതുതന്നെ. ഈ സിനിമയിലൂടെ ശാലിനിയെന്ന ബാലതാരം മലയാളത്തിന്റെ സ്വന്തം മാമാട്ടിക്കുട്ടിയമ്മയായി ഏറെ രസിപ്പിക്കുകയും പിന്നെ വല്ലാതെ നൊമ്പരപ്പെടുത്തുകയും ചെയ്തു. ഈ സിനിമയുടെ പ്രമേയം മലയാളി പ്രേക്ഷകരിലുണർത്തിയ നൊമ്പരത്തിന്റെ അല നാലു പതിറ്റാണ്ടോളമെത്തുമ്പോഴും ഒടുങ്ങിയിട്ടില്ല. ഒരു വ്യക്തിയിൽ ഏറ്റവുമധികം ഉള്ളടങ്ങിയിട്ടുള്ള മാതൃത്വം, പിതൃത്വം എന്നീ വികാരങ്ങളിലായിരുന്നു ആ സിനിമ തൊട്ടത്. സിനിമയുടെ കഥാസാരം ഇങ്ങനെയായിരുന്നു:

കായൽപരപ്പിലെ ബോട്ടിൽ ഒരു ജന്മദിനാഘോഷത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന ദമ്പതിമാരായ സേതുലക്ഷ്മി(സംഗീതാ നായിക്)ക്കും വിനോദി(ഗോപി)നും ജീവിതത്തിലെ ദാരുണമായ ഒരു അപകടത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്നു. ബോട്ടിന്റെ മുകൾത്തട്ടിൽ തന്റെ പ്രിയപ്പെട്ട കളിപ്പാട്ടമായ പാവയുമായി മറ്റു കുട്ടികളോടൊപ്പം കളിക്കുകയായിരുന്ന കുട്ടിയുടെ പാവ വെള്ളത്തിൽ വീഴുകയും കുട്ടി പിറകെ ചാടുകയും ചെയ്യുകയായിരുന്നു. മകളെ നഷ്ടപ്പെട്ട ദമ്പതിമാർക്ക് അത് വലിയ ആഘാതമാകുന്നു.

വർഷങ്ങൾക്കു ശേഷം ടിന്റു (ബേബി ശാലിനി) എന്ന ഒരു ബാലികയെ ദത്തെടുക്കാൻ വിനോദ് തീരുമാനിക്കുന്നു. എന്നാൽ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ സേതു ആഗ്രഹിച്ചില്ല. എന്നിരുന്നാലും അനാഥാലയത്തിൽ ടിന്റുവിനെ കാണാനായി പോകുവാൻ വിനോദ് സേതുവിനെ നിർബന്ധിക്കുന്നു. തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ട സേതു ഒരു കുട്ടിയെ വളർത്തുവാനുള്ള മാനസികാവസ്ഥയിലല്ലാത്തതിനാൽ നിഷേധം പ്രകടിപ്പിക്കുന്നു. വിനോദ് അവളെ പറഞ്ഞു മനസ്സിലാക്കിയതോടെ സേതു ദത്തെടുക്കുവാൻ സമ്മതിക്കുന്നു. അവർ ടിന്റുവിനെ സ്വീകരിക്കുന്നതോടെ നഷ്ടമായ സന്തോഷം ജീവിതത്തിൽ തിരികെയെത്തുന്നു. എന്നാൽ കുട്ടിയുടെ യഥാർഥ മാതാപിതാക്കൾ (പൂർണിമ ജയറാം, മോഹൻലാൽ) കുട്ടിയെ തേടിയെത്തുന്നതോടെ കാര്യങ്ങൾ മറിച്ചാകുന്നു. തുടക്കത്തിൽ സേതു നിരസിച്ചെങ്കിലും പിന്നീട് കുട്ടിയെ കൈമാറാൻ തയ്യാറാകുന്നു.

ഈ സിനിമയുടെ പ്രമേയത്തിന്റെ ഏറെക്കുറെ സമാന പശ്ചാത്തലമാണ് ഇപ്പോൾ കേരളം വീക്ഷിച്ചുകൊണ്ടിരിക്കുന്ന സംഭവത്തിലും ഉണ്ടായിട്ടുള്ളത്. അതീവ ദു:ഖകരമായ ഈ ജീവിതാവസ്ഥ തന്നെയായിരുന്നു മാമാട്ടുക്കുട്ടിയമ്മയിലൂടെ മലയാളിയെ നൊമ്പരപ്പെടുത്തിയത്.

ഒരു വിങ്ങലോടെ മാത്രം മലയാളി ഓർമ്മിക്കുന്ന സിബി മലയിലിന്റെ ‘ആകാശദൂതി’ൽ ഗതികേടുകൊണ്ട് സ്വന്തം മക്കളെ ദത്ത് നൽകേണ്ടി വന്ന അമ്മയാണുള്ളത്. ഭർത്താവ് മരണപ്പെടുകയും താൻ രോഗിയായി മരണത്തിലേക്ക് നീങ്ങുകയും ചെയ്യുമ്പോൾ ആനിയെന്ന അമ്മയ്ക്ക് തന്റെ പൊന്നോമനകളെ മറ്റുള്ളവർക്ക് വളർത്താൻ നൽകുകയെന്നതല്ലാതെ മറ്റു പോംവഴികളില്ലായിരുന്നു. ഈ അമ്മയുടെയും മക്കളുടെയും ഗതികേടും കണ്ണീരും വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട്.

വിവാഹം കഴിക്കാനോ ദത്തെടുക്കാനോ താത്പര്യമില്ലാത്ത കോടീശ്വരനും മാതാപിതാക്കളെ നഷ്ടപ്പെട്ടയാളുമായ രാജീവ് മേനോന് ഒരു കുഞ്ഞിനെ വളർത്തണമെന്ന് ആഗ്രഹമുണ്ട്. ഇതിനായി കൃത്രിമ ബീജസങ്കലനത്തിലൂടെ ആനിയെന്ന സ്ത്രീയിൽ ഒരു വാടക ഗർഭപാത്രം കണ്ടെത്തുകയാണ് അയാൾ. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്ന സിബി മലയിലിന്റെ ദശരഥത്തിന് പ്രമേയം ഇതായിരുന്നു. കുട്ടിയുടെ ജനനസമയത്ത് ആനി തന്റെ ഗർഭപാത്രത്തിൽ രൂപം കൊള്ളുന്ന ജീവനുമായി വൈകാരികമായി അടുക്കുകയും കുഞ്ഞിനെ പിരിയാൻ വിസമ്മതിക്കുകയും ചെയ്യുന്നു. ആനിയുടെ ഭർത്താവ് ചന്ദ്രദാസിലും ഇത് തന്റെ തന്നെ കുഞ്ഞാണെന്ന വൈകാരികാടുപ്പമാണ് പീന്നീട് ഉടലെടുക്കുന്നത്. ഒടുവിൽ കുട്ടിയെ ആനിക്ക് കൈമാറുന്ന രാജീവ് വീണ്ടും അനാഥനായി തുടരുകയാണ്. രാജീവ്, ആനി, ചന്ദ്രദാസ് എന്നിവരുടെ വൈകാരികാവസ്ഥകൾക്കൊപ്പം സഞ്ചരിക്കുന്ന പ്രേക്ഷകർ ആർക്കൊപ്പം നിൽക്കണമെന്നും ആരാണ് ശരിയെന്നുമുള്ള സങ്കീർണാവസ്ഥയിൽ അകപ്പെട്ടുപോകുന്നു. ഒടുക്കം രാജീവിനെപ്പോലെ തന്റെ അനാഥത്വത്തെക്കാളും മാതൃത്വം എന്ന വികാരത്തിനൊപ്പം പലരും നിൽക്കുന്നു.

ഫാസിലിന്റെ എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിൽ ദത്തായ പെൺകുട്ടി തന്റെ യഥാർഥ മാതാപിതാക്കളെ അന്വേഷിച്ചു കണ്ടെത്തുന്നതാണ് പ്രമേയമാക്കുന്നത്. മകളാണെന്ന അംഗീകാരം അമ്മയിൽ നിന്ന് ലഭിക്കാനായുള്ള പെൺകുട്ടിയുടെ പരിശ്രമങ്ങളും അംഗീകരിക്കപ്പെടുമ്പോൾ അമ്മയുടെ ജീവൻ നഷ്ടമാകുകയും ചെയ്യുമ്പോഴാണ് മായയെന്ന കഥാപാത്രം പ്രേക്ഷകരിൽ വേദനയായി അവശേഷിക്കുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക
മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close