NEWSWORLD

അഫ്ഗാൻ വിഷയം ചർച്ച ചെയ്യുന്ന യോഗത്തിൽ പങ്കെടുക്കില്ല; ക്ഷണം നിരസിച്ച് പാകിസ്താന് പിന്നാലെ ചൈനയും

ന്യൂഡൽഹി: അഫ്ഗാൻ വിഷയം ചർച്ച ചെയ്യുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് ചൈനയും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചർച്ചയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കാനാവില്ലെന്ന നിലപാടിലുറച്ച് ചൈന. അതേസമയം മേഖലാ സുരക്ഷാ യോഗം മുൻ നിശ്ചയിച്ച പ്രകാരം നാളെ തന്നെ തുടങ്ങുമെന്നും ഇന്ത്യ വ്യക്തമാക്കി.

അഫ്ഗാനെ സംബന്ധിച്ച മേഖലാ സുരക്ഷാ യോഗം നാളെയാണ് ഡൽഹിയിൽ ആരംഭിക്കുന്നത്. 2018 സെപ്റ്റംബർ ആരംഭിച്ച ചർച്ച 2019 നവംബറിലും ഇറാനിൽ വെച്ച് നടന്നു. കൊവിഡ് മൂലം 2020ൽ ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ചർച്ച മാറ്റിവെച്ചു. ഈ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. യോഗത്തിൽ പാകിസ്താനും ചൈനയും റഷ്യയും ഇറാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആണ് പങ്കെടുക്കേണ്ടത്.

അഫ്ഗാനിലെ പുതിയ സാഹചര്യവും അതിൻറെ പ്രത്യാഘാതങ്ങളുമടക്കം യോഗം വിലയിരുത്തും. അഫ്ഗാനിലെ താലിബാനെ നിയന്ത്രിക്കുന്നതും മേഖലയിൽ അസ്വസ്ഥത ഉണ്ടാക്കുന്നതിനും കൂട്ടു നിൽക്കുന്നതും പാകിസ്താൻ ആണെന്ന് ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങൾ യോഗത്തിൽ വിമർശനം ഉന്നയിക്കും.

അതേസമയം അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ ഇന്ത്യ വിളിച്ച യോഗം പാകിസ്ഥാൻ ബഹിഷ്‌കരിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ വിളിച്ചിരിക്കുന്ന യോഗത്തിൽ നിന്നും വിട്ടു നിൽക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചു.

മേഖലയിലെ സമാധാന നീക്കങ്ങൾക്ക് തടസം നിന്നത് ഇന്ത്യയാണെന്നും അതിനാൽ യോ​ഗവുമായി സഹകരിക്കില്ലെന്നുമാണ് പാകിസ്ഥാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൊയിദ് യൂസഫ് അറിയിച്ചത്. ഇതിനിടെ അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പ് അയക്കാനുള്ള ഇന്ത്യയുടെ നീക്കവും പാകിസ്താൻ തട‍ഞ്ഞിട്ടുണ്ട്.

താലിബാൻ കാബൂൾ പിടിച്ചെടുത്ത് രണ്ടര മാസം കഴിയുമ്പോഴും ആ രാജ്യത്തോട് സ്വീകരിക്കേണ്ട നിലപാടിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. അഫ്ഗാനിലെ താത്ക്കാലിക സർക്കാരിനെ പല രാജ്യങ്ങളും ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നാണ് സത്യം. താലിബാനോടുള്ള നിലപാട് ഇന്ത്യയും വ്യക്തമാക്കിയിട്ടില്ല. ഭീകരവാദ സംഘടനകളെ നിയന്ത്രിക്കാൻ അഫ്ഗാനിലെ സംവിധാനത്തിന് കഴിയുന്നില്ലെന്നാണ് പലരാജ്യങ്ങളുടെയും വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സുരക്ഷ വിലയിരുത്താൻ യോഗം വിളിക്കാൻ ഇന്ത്യ തീരുമാനിച്ചത്. പാകിസ്താന് പുറമെ ഇറാൻ, തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ചൈന, റഷ്യതുടങ്ങിയ രാജ്യങ്ങൾക്കും യോഗത്തിൽ പങ്കെടുക്കാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ക്ഷണക്കത്ത് നൽകിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close