
ബീജിംഗ്: നൊടിയിടയിൽ ഭൂമിയെ വലംവെച്ച് എവിടെയും ആണവ ആക്രമണം നടത്താൻ കഴിയുന്ന മിസൈൽ പരീക്ഷണം ചൈന വിജയകരമായി നടത്തിയതോടെ ലോക ശക്തികൾ നേരിടുന്നത് വലിയ ഭീഷണി. സ്വന്തം അന്താരാഷ്ട്ര ബഹിരാകാശ നിലയം കൂടി പൂർത്തിയായാൽ ചൈനക്ക് ലോകത്തെ സ്വന്തം കാൽച്ചുവട്ടിലിട്ട് വിറപ്പിക്കാനാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നോക്കുകുത്തികളാക്കി ആക്രമണം നടത്താൻ പര്യാപ്തമാണ് ഹൈപ്പർ സോണിക് മിസൈൽ. ഹൈപ്പർ സോണിക് ഗ്ലൈഡ് വെഹിക്കിൾ വഹിക്കുന്ന ലോംഗ് മാർച്ച് റോക്കറ്റ് ഓഗസ്റ്റ് മാസത്തിലാണ് ഭൂസമീപ ഭ്രമണപഥത്തിലേക്ക് (ലോ ഓർബിറ്റ്) വിക്ഷേപിച്ചതെന്ന് ഫിനാഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഫിനാഷ്യൽ ടൈംസിന്റെ റിപ്പോർട്ടിനെ ചൈന തള്ളുന്നില്ല എന്നതാണ് വസ്തുത. ഫിനാൻഷ്യൽ ടൈംസിൽ വന്ന റിപ്പോർട്ട് ശരിയാണെങ്കിൽ ചൈനയ്ക്ക് പുതിയൊരു ആയുധം കൂടി ലഭിച്ചിരിക്കുന്നും എന്നും അത് അമേരിക്കയുടെ ഉറക്കം കെടുത്തുന്നു എന്നുമായിരുന്നു ചൈനീസ് സർക്കാരിന്റെ മുഖപത്രമായ ഗ്ലോബൽ ടൈംസ് പ്രതികരിച്ചത്. ചൈന എല്ലാ മേഖലകളിലും അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്നും അമേരിക്കയെ ദുർബലപ്പെടുത്തേണ്ട കാര്യം ചൈനയ്ക്കില്ലെന്നും അവർ മുഖപ്രസംഗത്തിൽ പരാമർശിച്ചു.
ബഹിരാകാശത്തുകൂടി ഭൂമിയെ വലം വെച്ചതിനുശേഷമാകും ഇത് ഭൂമിയിലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക. മണിക്കൂറിൽ 31,500 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഇതിനു കഴിയും. മാത്രമല്ല, ഭൂമിയിലെ ഏതൊരു ലക്ഷ്യത്തേയും ബഹിരാകാശത്തുനിന്നും മിനിറ്റുകൾക്കുള്ളിൽ ആക്രമിക്കാനും ഇതിനു കഴിയും. ഉത്തരധ്രുവത്തിനു മുകളിലൂടെ വരുന്ന ആക്രമണത്തെ ചെറുക്കാൻ അലാസ്കയിൽ സ്ഥാപിച്ചിരിക്കുന്ന അമേരിക്കയുടെ ആന്റി-ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സിസ്റ്റത്തെ ഇതിന് പരാജയപ്പെടുത്താൻ കഴിയും. തെക്ക് ഭാഗത്തുനിന്ന് അമേരിക്കയെ ആക്രമിക്കാൻ ഇതിനു കഴിവുണ്ട്.
ഹൈപ്പർസോണിക് ആയുധങ്ങളുടേ കാര്യത്തിൽ ചൈന കൈവരിച്ച അഭൂതപൂർവ്വമായ നേട്ടം അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. അവർ എങ്ങനെയാണ് ഈ നേട്ടം കൈവരിച്ചതെന്നറിയില്ല എന്നാണ് അമേരിക്കൻ മിസൈൽ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ഒരു ഉന്നതോദ്യോഗസ്ഥൻ പ്രതികരിച്ചത്. ചൈനയും തായ്വാനും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്ന അവസരത്തിൽ ആയുധ മത്സരത്തിൽ ഉണ്ടായ ഈ സംഭവവികാസം ലോകത്തെ ഭയത്തിലാഴ്ത്തിയിരിക്കുകയാണ്.
ചൈന, അമേരിക്ക, റഷ്യ എന്നിവയുൾപ്പടെ അഞ്ചു രാജ്യങ്ങളെങ്കിലും ഹൈപ്പർ സോണിക് ആയുധങ്ങൾ വികസിപ്പിക്കുവാനുള്ള പരീക്ഷണങ്ങളിൽ ഏർപ്പെടുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. പുതിയതായി വികസിപ്പിച്ച ഒരു ഹൈപ്പർസോണിക് മിസൈൽ കഴിഞ്ഞമാസം വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ അവകാശപ്പെട്ടിരുന്നു. ഡി എഫ് -17 എന്നറിയപ്പെടുന്ന ആധുനിക ഹൈപ്പർസോണിക് മിസൈൽ 2019-ലെ സൈനിക പരേഡിൽ ചൈന പ്രദർശിപ്പിച്ചിരുന്നു.
ബഹിരാകാശത്തേക്ക് ഉയർന്ന് പൊങ്ങി ഉയർന്ന വേഗതയിൽ ഭൂമിയിലെ ലക്ഷ്യസ്ഥാനത്തെ ആക്രമിക്കുന്നവയാണ് ബാലിസ്റ്റിക് മിസൈലുകൾ. വളരെ താഴ്ന്ന ഉയരത്തിൽ സഞ്ചരിക്കുന്നതിനാലും ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗതയിൽ സഞ്ചരിക്കുന്നതിനാലും ഹൈപ്പർസോണിക് മിസൈലുകളെ കണ്ടെത്താൻ വിഷമമാണ്. ചൈന കൈവരിച്ച ഈ നേട്ടത്തെക്കുറിച്ച് അമേരിക്കൻ പ്രതിരോധമന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചൈന പ്രതിദിനം സൈനികരംഗത്തു വരുത്തുന്ന പരിഷ്കാരങ്ങൾ മേഖലയിലെ സമാധാനം നശിപ്പിക്കുവാനെ ഉപകരിക്കൂ എന്ന് പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. അതുകൊണ്ടുതന്നെയാണ് അമേരിക്ക ചൈനയെ പ്രധാന വെല്ലുവിളിയായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടയിൽ തായ്വാൻ കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകൾ അയച്ച അമേരിക്കയുടെയും കാനഡയുടെയും നടപടിയെ ചൈന അതിനിശിതമായി വിമർശിച്ചു. മേഖലയിലെ ശാന്തിയും സമാധാനവും ഇല്ലാതെയാക്കുവാനേ ഇത്തരം നടപടികൾ ഉപകരിക്കൂ എന്നും ചൈനീസ് വക്താവ് പറഞ്ഞു.
സ്വന്തം ബഹിരാകാശ നിലയവും
അതിനിടെ, നിർമാണത്തിലിരിക്കുന്ന ചൈനയുടെ ബഹിരാകാശ നിലയത്തിന്റെ പണി പൂർത്തിയാക്കുന്നതിനായി ചൈന മൂന്ന് ശാസ്ത്രജ്ഞരെ അയച്ചു. 6 മാസം തങ്ങി വേണം പണി പൂർത്തിയാക്കാൻ. ശനിയാഴ്ച ഷെൻജോ ബഹിരാകാശപേടകത്തിൽ പുറപ്പെട്ട ശാസ്ത്രജ്ഞർ ചൈനീസ് നിലയത്തിലെ മുഖ്യഘടകമായ ടിയാനെയിൽ പ്രവേശിച്ചു.
ചായ് ചുഗാങ് (55), വാങ് യാപിങ് (41), യീ ഗ്വാങ്ഫു (41) എന്നിവരാണ് ബഹിരാകാശ നിലയം പൂർത്തിയാക്കാൻ പുറപ്പെട്ട ശാസ്ത്രജ്ഞർ. ചൈനയുടെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മനുഷ്യദൗത്യമാണ് മൂവരും ഏറ്റെടുത്തിരിക്കുന്നത്. ചൈനീസ് ബഹിരാകാശനിലയം സന്ദർശിക്കുന്ന ആദ്യ വനിത കൂടിയാണ് സംഘത്തിലെ വാങ് യാപിങ്. നിർമാണം പൂർത്തിയാകുന്നതോടെ ഒരു രാജ്യത്തിനു സ്വന്തമായുള്ള ആദ്യത്തെ ബഹിരാകാശനിലയമാകും ചൈനയുടേത്.
നക്ഷത്ര യുദ്ധം
സമീപ ഭാവിയില്‍ തന്നെ ബഹിരാകാശ യുദ്ധമുഖം തുറന്ന് ചൈന രംഗത്തെത്തുമെന്ന ഭയം അമേരിക്കക്കുണ്ട്. ഹോളിവുഡ് സിനിമകളില്‍ കേട്ടു പരിചയമുള്ള നക്ഷത്ര യുദ്ധം ആസന്നമാകുകയാണെന്ന് യു.എസ് വിദഗ്ധര്‍ തന്നെ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂമിയിലെ ഭീഷണികള്‍ നേരിടാനും മേധാവിത്വം നിലനിര്‍ത്താനും ശ്രദ്ധിച്ചിരുന്ന അമേരിക്ക ബഹിരകാശ യുദ്ധത്തിനാവശ്യമായ കോപ്പു കൂട്ടുന്നതില്‍ പിറകിലാണ്. അതേസമയം, ചൈനയാകട്ടെ, ലോക മേധാവിത്വം നേടുന്നതിനായി എല്ലാ പരിശ്രമങ്ങളും തുടരുകയാണ്.
ഉപഗ്രഹങ്ങള്‍ തകര്‍ക്കുന്നതിനും പ്രവര്‍ത്തന രഹിതമാക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതില്‍ ചൈന ഏറെ മുന്നോട്ടു പോയി എന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ മിസൈലുകളും ഡ്രോണുകളും ബോംബുകളുമൊക്കെ ഉപഗ്രഹങ്ങള്‍ നല്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണെന്നിരിക്കേ, ചൈനയുടെ മുന്നേറ്റം പെന്റഗണിന് പേക്കിനാവാകുകയാണ്.
കര, വ്യോമ യുദ്ധത്തിനാവശ്യമായ അത്യാധുനിക ആയുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പെന്റഗണ്‍ ഉപഗ്രഹങ്ങള്‍ തകര്ക്കുന്നതിനാവശ്യായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലേക്കും അതിനാവശ്യമായ പരിശീലനത്തിലേക്കും നീങ്ങുകയാണ്. ശതകോടിക്കണക്കിനു മനുഷ്യരെ ബാധിക്കുന്ന പുതിയ യുദ്ധമുഖത്തേക്കുള്ള തയാറെടുപ്പുകളാണ് ഉപഗ്രഹങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്നത്.
സ്റ്റാര്‍ വാര് വെറുമൊരു സിനിമയല്ലെന്ന പോയന്റിലേക്കാണ് നമ്മള് നീങ്ങുന്നതെന്ന് എയറോസ്പേസ് കോര്പറേഷന് സി.ഇ.ഒ സ്റ്റീവ് ഇസാക്കോവിറ്റ്സ് പറയുന്നു. ബഹിരാകാശത്തെ കാര്യങ്ങള്‍ക്ക് ഉപദേശം നല്‍കുന്നതിന് സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷനാണിത്. ഇക്കാര്യത്തില്‍ അമേരിക്കക്ക് മേധാവിത്വം ഉറപ്പിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.
ബഹിരാകാശത്ത് ഉണ്ടായിരുന്ന മേധാവിത്വവും ഉപഗ്രഹങ്ങളുമാണ് ഇതുവരെ സൈനിക രംഗത്ത് അമേരിക്കയുടെ മേല്‍ക്കോയ്മയുടെ അടിസ്ഥാനം. കരയില്‍ യുദ്ധം ചെയ്യുന്ന സൈനികരായാലും ആളില്ലാവിമാനങ്ങളായാലും പോര്വിമാനങ്ങളായാലും ബഹിരാകാശത്തുനിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കൊണ്ടാണ് എല്ലായിടത്തും യു.എസ് വെന്നിക്കൊടി പാറിച്ചിരുന്നത്. അതായത് ഉപഗ്രഹങ്ങള്‍ വഴി ശേഖരിക്കുന്ന ഇന്റലിജന്‍സായിരുന്നു യു.എസ് യുദ്ധ തന്ത്രങ്ങളുടെ ജീവവായു. ശത്രുക്കള്‍ ഏതു പാറമടയില്‍ പോയി ഒളിച്ചാലും അത് അമേരിക്കയുടെ ചാരക്കണ്ണുകള്‍ ബഹിരാകാശത്തുനിന്ന് ഒപ്പിയെടുത്തിരുന്നു.
സോവിയറ്റ് യൂണിയൻ തകർന്നതോടെയുള്ള ആത്മവിശ്വാസം അമേരിക്കക്ക് വിനയാകുമോ?
1957 ല്‍ സ്പുട്നിക് വിക്ഷേപിച്ചതോടെ, സോവിയറ്റ് സൈനിക മേധാവിത്വം നേടുമോ എന്ന ഭയമാണ് ബഹിരാകാശ മത്സരത്തിലേക്ക് അമേരിക്കയെ നയിച്ചിരുന്നത്. 1980 കളില്‍ മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ സ്റ്റാര്‍ വാര്‍സ് പദ്ധതി ആണവ മിസൈല്‍ ആക്രമണ പ്രതിരോധത്തിനായി ബഹിരാകാശ അടിസ്ഥാനത്തിലുള്ള സംവിധാനം കണ്ടെത്തുന്നതിലേക്ക് നയിച്ചു. അതിനു ശേഷം ഈയടുത്ത ദശാബ്ദങ്ങളില്‍ ബഹിരാകാശത്ത് സമാധാനപൂര്‍ണമായ സഹകരണവും ഗവേഷണവുമാണ് കാണാനായത്. റഷ്യന്‍ റോക്കറ്റുകള്‍ അമേരിക്കന്‍ ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുക പോലുമുണ്ടായി.
എന്നാല്‍ സഹകരണം മുന്നോട്ടു പോകുമ്പോള്‍ തന്നെ പിന്നാമ്പുറത്ത് വര്‍ഷങ്ങളായി ഏറ്റുമുട്ടലിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയായിരുന്നു. 2001 ല്‍ അന്നത്തെ പ്രതിരോധ സെക്രട്ടറി ഡോണള്‍ഡ് റംസ്ഫെല്ഡ് നല്കിയ മുന്നറിയിപ്പ് ചെവികൊള്ളാത്തതിനെ ചൊല്ലിയാണ് ഇപ്പോള്‍ യു.എസിന് ഖേദം. സംഘര്‍ഷമുണ്ടായാല്‍ ബഹിരാകാശ സംവിധാനം തകര്‍ക്കാനുള്ള ശ്രമത്തെ അനുചിതമായി കാണാനാവില്ലെന്നായിരുന്നു റംസ്ഫെല്ഡിന്റെ മുന്നറിയിപ്പ്. സ്പേസ് പേള്‍ ഹാര്‍ബര്‍ ഒഴിവാക്കണമെങ്കില്‍ യു.എസ് ബഹിരാകാശ സംവിധാനം ആക്രമിക്കാനുള്ള സാധ്യത ഗൗരവത്തിലെടുക്കണമെന്നായിരുന്നു റംസ്ഫെല്ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
മിഡില്‍ ഈസ്റ്റിലെ രണ്ട് കരയുദ്ധങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞപ്പോള്‍ യു.എസ് സൈന്യം ബഹിരാകാശ യുദ്ധ സാധ്യതയെന്ന മുന്നറിയിപ്പ് അവഗണിച്ചുവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ബഹിരാകാശത്ത് അമേരിക്കന്‍ മേധാവിത്വം നിലനിര്‍ത്തുന്നതിന് സ്പേസ് ഫോഴ്സ് എന്ന പേരില്‍ സൈന്യത്തിന്റെ പ്രത്യേക വിഭാഗമുണ്ടാക്കണമെന്നാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിര്‍ദേശിച്ചിരുന്നത്. നിലവില്‍ വ്യോമസേന കൈകാര്യം ചെയ്യുന്ന ഉത്തരവാദിത്തിനാണ് പ്രത്യേക സേനയുണ്ടാക്കുന്നത്. കരയും കടലും ആകാശവും പോലെ ബഹിരാകാശവും പോരാട്ട കേന്ദ്രമാകുമെന്നും അതിനായുള്ള ദേശീയ തന്ത്രത്തിനാണ് രൂപം നല്‍കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. നമുക്ക് വ്യോമസേനയുണ്ട്. ഇനി ബഹിരാകാശ സേനയും വേണം -ഇതായിരുന്നു ട്രംപിന്റെ നിലപാട്. അമേരിക്കൻ സൈന്യത്തിന്റെ 90 ശതമാനം ബഹിരാകാശ നീക്കങ്ങളും നിലവില്‍ വ്യോമസേനയാണ് കൈകാര്യം ചെയ്യുന്നത്.