CULTURALKERALANEWS

ചിങ്ങമാസ പൂജകൾ കഴിഞ്ഞു; ശബരിമല നട ഇന്നടക്കും; കന്നിമാസ പൂജകള്‍ക്കായി നട തുറക്കുക സെപ്റ്റംബർ 16ന്

പമ്പ: നിറപുത്തരിപൂജയ്ക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകള്‍ക്കുമായി തുറന്ന ശബരിമല ശ്രീ ധര്‍മ്മശാസ്താക്ഷേത്രനട ഇന്ന് രാത്രി 9 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. ചതയം ദിനമായ തിങ്കാളാഴ്ച പുലര്‍ച്ചെ 5 മണിക്കാണ് ക്ഷേത്ര നട തുറന്നത്. തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടന്നു. ഉഷപൂജ, നെയ്യഭിഷേകം, 25 കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയും ഉണ്ടായിരുന്നു.

വൈകുന്നേരം ദീപാരാധനയ്ക്കു ശേഷം പടിപൂജയും പുഷ്പാഭിഷേകവും നടന്നു. ചതയം ദിനത്തിലും ഭക്തര്‍ക്കായി ഓണസദ്യ ഒരുക്കിയിരുന്നു. മാളികപ്പുറം മേല്‍ശാന്തിയുടെ വകയായിരുന്നു ചതയ ദിനത്തിലെ ഓണസദ്യ. തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ചെയര്‍മാന്‍ വൈ. വി. സുബ്ബ റെസ്റ്റി, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി. മോഹന്‍ ദാസ്, ഗുരുവായൂര്‍ ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റര്‍ ബ്രീജാകുമാരി എന്നിവര്‍ ശബരിമലയില്‍ എത്തി കലിയുഗവരദ ദര്‍ശനം നടത്തി.

ഉച്ചപൂജ കണ്ട് തൊഴുതശേഷം ഓണസദ്യയും കഴിച്ചാണ് ചെയര്‍മാന്‍മാര്‍ മടങ്ങിയത്. അന്നദാന മണ്ഡപം സന്ദര്‍ശിച്ച തിരുപ്പതി ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ അന്നദാനവിതരണത്തിലെ പ്രവര്‍ത്തനങ്ങളും വിലയിരുത്തി.

ചിങ്ങമാസത്തിലെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട തിങ്കളാഴ്ച രാത്രി 9-ന് ഹരിവരാസനം പാടി അടയ്ക്കും. സെപ്റ്റംബര്‍ 16-ന് വൈകുന്നേരം 5-ന് ആയിരിക്കും കന്നിമാസ പൂജകള്‍ക്കായി തുറക്കുക. 21-ന് ക്ഷേത്രനട അടയ്ക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close