KERALANEWS

സിഐടിയു തൊഴിലാളി സംഘടനയുടെ പിടിവാശി; നാഷണൽ പെയിന്റ്സ് കേരളം വിടുന്നു

കൊച്ചി: തൊഴിലാളിസംഘടനയായ സിഐടിയുവിന്റെ പിടിവാശിയെ തുടർന്ന് കേരളം വിടാനൊരുങ്ങി ആഗോള പെയിന്റ് നിർമാണ, വിതരണ കമ്പനിയായ നാഷണൽ പെയിന്റ്‌സ്. സിഐടിയു അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിച്ച്‌ പ്രവര്‍ത്തനം തടസപ്പെടുത്തുകയാണെന്ന് ആരോപിച്ച കമ്പനി കേരളത്തിൽ വ്യവസായ, നിക്ഷേപ അന്തരീഷം അനുകൂലമല്ലെന്നും പറഞ്ഞു.

നാഷണൽ പെയിന്റ്‌സ് കമ്പനിയുടെ കീഴിലുള്ള സായെഗ് പെയിന്റ് ഫാക്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഇതര സംസ്ഥാനത്തേക്ക് പോകാനാണ് കമ്പനിയുടെ തീരുമാനം. എറണാകുളം അങ്കമാലിയിലുള്ള ഫാക്ടറിയിൽ സി.ഐ.ടി.യു. നിരന്തരം തൊഴിൽപ്രശ്നങ്ങൾ സൃഷ്ടിക്കുന്നെന്നും ഇതിനെ തുടർന്നാണ് കേരളം വിടാൻ നിർബന്ധിതമാകുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

2018 – ലാണ് സായെഗ് പെയിന്റ് ഫാക്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അങ്കമാലിയിൽ പ്രവർത്തനം ആരംഭിച്ചത്. വിദേശത്തുള്ള നാഷണൽ പെയിന്റിന്റെ മുതൽമുടക്കിലായിരുന്നു കമ്പനി. 75 തൊഴിലാളികൾ നിലവിൽ അങ്കമാലി ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ട്. വിവിധ തരം പെയിന്റുകളുടെ നിർമാണമാണ് ഇവിടെ നടക്കുന്നത്.

തൊഴിലാളികളുടെ സേവന, വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നാവിശ്യപെട്ട് എറണാകുളം ജില്ലാ ലേബർ ഓഫീസിൽ അനുരഞ്ജന ചർച്ച നടന്നുവരികയാണ്. ഇതിനിടയിൽ 22 ദിവസത്തോളം സി.ഐ.ടി.യു. യൂണിയൻ അനാവശ്യ സമരത്തിലേർപ്പെട്ടതായി കമ്പനിയധികൃതർ പറയുന്നു. സാമ്പത്തികപ്രതിസന്ധികൾക്കിടയിലും നിയമാനുസൃത ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് നിഷേധിച്ചിട്ടില്ലെന്ന് ജനറൽ മാനേജർ രമേഷ് ബാബു രംഗനാഥൻ യൂണിയൻ നേതാക്കളെ അറിയിച്ചു.

സി.ഐ.ടി.യു.വിന്റെയും പാർട്ടിയുടെയും ജില്ലാ, ഏരിയാ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ അങ്കമാലി ഫാക്ടറിയിലെ തൊഴിലാളികൾക്ക് മൂന്നുവർഷംകൊണ്ട് 42 ശതമാനം വേതന വർധന നൽകാമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ കമ്പനിയടയ്ക്കേണ്ട തൊഴിലാളികളുടെ ഇ.എസ്.ഐ, പി.എഫ്. വിഹിതം പണമായി നേരിട്ട് തൊഴിലാളികളെ ഏൽപ്പിക്കണമെന്ന് ആവശ്യം ഉന്നയിക്കുകയായിരുന്നു യൂണിയൻ. ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് സായെഗ് പെയിന്റ് ഫാക്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചതിനെത്തുടർന്നാണ് പ്രതിസന്ധി രൂക്ഷമായതെന്ന് ജനറൽ മാനേജർ പറഞ്ഞു. അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വ്യവസായമന്ത്രി അടക്കമുള്ളവർക്ക് കമ്പനി അധികൃതർ നിവേദനം നൽകിയിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close