KERALAMoviesNEWSSocial MediaTravelviral

ആരോപണങ്ങൾക്ക് വിരാമം; ‘ഈശോ’യ്ക്ക് കട്ടും മ്യൂട്ടും ഇല്ലാത്ത ക്ലീൻ യു സർട്ടിഫിക്കറ്റ്; ആഹ്ലാദം പങ്കുവെച്ച് നാദിർഷ

ജയസൂര്യയെ നായകനാക്കി നാദിർഷാ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിന്റെ സെൻസറിംഗ് അവസാനിച്ചു. ചിത്രത്തിന് യു സർട്ടിഫിക്കേറ്റാണ് ലഭിച്ചത്. ആഹ്ലാദം പങ്കുവെച്ചുകൊണ്ട് നാദിർഷായാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നേരത്തെ ഈ സിനിമയുടെ പേരിനെച്ചൊല്ലി വിവാദമുയര്‍ന്നിരുന്നു. ക്രിസ്‍ത്യന്‍ വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണ് ചിത്രത്തിന്‍റെ പേരെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണവും നടന്നിരുന്നു.

ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്‍റെ ആഹ്ളാദം സംവിധായകന്‍ നാദിര്‍ഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. “ദൈവത്തിന് നന്ദി. ഒടുവിൽ സെൻസർ ബോർഡും പറയുന്നു, ഇത് ഒരു കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണേണ്ടതായുള്ള ക്ലീൻ യു ചിത്രമെന്ന്”, ചിത്രത്തിന്‍റെ പുതിയ പോസ്റ്ററിനൊപ്പം നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു.

‘ഈശോ’, നാദിര്‍ഷ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ ‘കേശു ഈ വീടിന്‍റെ നാഥന്‍’ എന്നീ ചിത്രങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസും വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി കെസിബിസിയും നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും അതിനാല്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയും നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി. സിനിമയ്ക്ക് ദൈവത്തിന്‍റെ പേരിട്ടു എന്നതുകൊണ്ട് കോടതിക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി. അതേസമയം നാദിര്‍ഷയ്ക്ക് പിന്തുണയുമായി സിനിമാ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനകളായ ഫെഫ്‍കയും മാക്റ്റയും രംഗത്തെത്തിയിരുന്നു.

അതേസമയം ചിത്രത്തിന് ഈശോ എന്ന് പേര് നല്‍കാനാവില്ലെന്നു ചൂണ്ടിക്കാട്ടി കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് രംഗത്തെത്തിയിരുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് അരുണ്‍ നാരായണന്‍ ഫിലിം ചേംബര്‍ അംഗത്വം പുതുക്കിയില്ല, സിനിമ പ്രഖ്യാപിക്കുന്നതിനു മുന്‍പായി ഫിലിം ചേംബറില്‍ ഇതു സംബന്ധിച്ച രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ല തുടങ്ങിയ സാങ്കേതിക കാരണങ്ങള്‍ നിരത്തിയാണ് സിനിമയുടെ രജിസ്ട്രേഷന്‍ അപേക്ഷ തള്ളിയത്.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് ഈശോ. തന്‍റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്‍തമായി ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് നാദിര്‍ഷ ഇത്തവണ ഒരുക്കിയിരിക്കുന്നത്. സുനീഷ് വാരനാടിന്‍റേതാണ് തിരക്കഥ. ജാഫർ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്‍റണി, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബൈ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FNadhirshahofficial%2Fposts%2F458121699001544&show_text=true&width=500

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close