
സിവിൽ എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഇനി എട്ടാം സെമസ്റ്റർ കഴിഞ്ഞ് ആറുമാസത്തിനകം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷ(ഐഐഐസി)ന്റെ പിജി ഡിപ്ലോമകൂടി നേടാം. ഇതിനായി കേരളസർക്കാർ സ്ഥാപനമായ ഐഐഐസിയുമായി എൻജിനീയറിങ് കോളേജുകളുമായി സഹകരിക്കാൻ പദ്ധതി തയ്യാറാക്കി. ഇതിൽ ആദ്യ ധാരണാപത്രം ചെങ്ങന്നൂർ പ്രൊവിഡൻസ് കോളേജ് ഓഫ് എൻജിനീയറിങ്ങുമായി ഒപ്പുവച്ചു.
ഈ പദ്ധതി പ്രകാരം കോളേജുകളിൽ മികച്ച പഠനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്ക് അഞ്ചാം സെമസ്റ്ററിന്റെ തുടക്കത്തോടെ ഐഐഐസിയിലെ വിവിധ കോഴ്സുകളിൽ പ്രവേശനം നേടാം. എട്ടാം സെമസ്റ്റർ പൂർത്തിയായാൽ ആറുമാസത്തിനുള്ളിൽ തൊഴിലിടങ്ങളിൽനിന്നു നേരിട്ടു ലഭിച്ച പരിശീലനപരിചയത്തോടെയുള്ള പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ലഭിക്കുന്ന രീതിയിലാണ് കോഴ്സ് ആവിഷ്കരിച്ചിരിക്കുന്നത്. കൂടാതെ, പഠനകാലത്തു പൂർത്തീകരിക്കേണ്ട പ്രൊജക്റ്റ് ഇന്റേൺഷിപ്പിനു പരിപൂർണ്ണ സഹായം ഐഐഐസിയിൽനിന്നു ലഭ്യമാക്കുകയും ചെയ്യും.
പശ്ചാത്തല സൗകര്യവികസനരംഗത്ത് രണ്ടുലക്ഷം കോടി രൂപയുടെ പദ്ധതി മുന്നിൽ കാണുന്ന കേരളത്തിന് മതിയായ തൊഴിൽപരിചയമുള്ള ധാരാളം എൻജിനീയർമാരെ ആവശ്യമുണ്ട്. അതിനു തക്ക തൊഴിൽ വൈദഗ്ദ്ധ്യപരിശീലനം നിർമ്മാണസൈറ്റുകളിൽനിന്നുതന്നെ ലഭ്യമാക്കുന്നു എന്നതാണ് പദ്ധതിയുടെ മുഖ്യ ആകർഷണം. കേരളത്തിനു പുറത്തു തൊഴിൽ ലഭിക്കാനും ഇത്തരം വൈദഗ്ദ്ധ്യം ഇന്ന് അനിവാര്യമാണ്. വിദ്യാർത്ഥികൾക്കു പുറമെ പ്രസ്തുത കോളേജിലെ അധ്യാപകരടക്കമുള്ള ജീവനക്കാർക്കും ഐഐഐസിയിലെ പരിശീലനപരിപാടികളിൽ ചേരാൻ അവസരമൊരുക്കുന്നുണ്ട്.
ഐഐഐസി ഡയറക്ടർ പ്രൊഫ: സുനിൽകുമാറും പ്രൊവിഡൻസ് കോളേജ് സിവിൽ വിഭാഗം മേധാവി ഡോ: സൈനു ഫ്രാങ്കോയുമാണ് ആദ്യധാരണാപത്രം ഒപ്പുവച്ചത്. പ്രൊവിഡൻസ് കോളേജ് പ്രൊഫസർ ആൻഡ് ഡീൻ ഓഫ് അക്കാഡമിക്സ് ഡോ: എം സി ഫിലിപ്പോസ്, ഐഐഐസി ഡെപ്യൂട്ടി ഡയറക്ടർ കെ. രാഘവൻ എന്നിവർ സന്നിഹിതരായിരുന്നു.