KERALANEWS

സംസ്ഥാനത്തെ കോളജുകൾ നാളെ തുറക്കും; അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ ആരംഭിക്കുന്നത്

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ കോളേജുകൾ നാളെ തുറക്കും. അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കാണ് നാളെ ക്ലാസുകൾ ആരംഭിക്കുന്നത്. ബിരുദാനന്തര ബിരുദ ക്ലാസുകൾ മുഴുവൻ വിദ്യാർത്ഥികളെയും വെച്ച് ക്ലാസുകൾ നടത്തും. ബിരുദ ക്ലാസുകൾ പകുതി വീതം വിദ്യാർത്ഥികളെ ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്താനാണ് തീരുമാനം. ഇതോടൊപ്പം സ്‌കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. ഇതിനെ സംബന്ധിച്ച് ഇന്ന് വിദ്യാഭ്യാസ ഓഫിസർമാരുടെ യോഗം ചേരും.

നിലവിൽ ക്ലാസുകൾക്ക് മൂന്നു സമയക്രമം നിർദ്ദേശിച്ചിട്ടുണ്ട്. രാവിലെ 8.30 മുതൽ 1.30 വരെയുള്ള ഒറ്റ സെഷൻ, അല്ലെങ്കിൽ, 9 മുതൽ 3 വരെ, 9.30 മുതൽ 3.30 വരെ. ഇതിൽ കോളേജ് കൗൺസിലുകൾക്ക് സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കാമെന്നാണ് നിർദ്ദേശം. മിക്ക കോളജുകളും 8.30 മുതലുള്ള ഒറ്റ സെഷനാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ആഴ്ചയിൽ 25 മണിക്കൂർ ക്ലാസ് വരത്തക്കവിധം ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസ് സമ്മിശ്രരീതിയിലാക്കിയാണ് ടൈം ടേബിൾ. മറ്റു സെമസ്റ്ററുകളുടെ ക്ലാസ്സുകൾ ഓൺലൈനിൽ തന്നെ തുടരും.

എഞ്ചിനീയറിങ് കോളജുകളിൽ ആറ് മണിക്കൂർ ദിവസേന ക്ലാസ് നടത്തുന്ന സംവിധാനം തുടരും. ഹോസ്റ്റലുകൾ തുറന്നു പ്രവർത്തിക്കും. കാമ്പസുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് കാമ്പസുകൾ കേന്ദ്രീകരിച്ച് വാക്‌സിൻ നൽകിയ ശേഷമാണ് നാളെ മുതൽ ക്ലാസുകൾ തുടങ്ങുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close